അമ്മയനുഭവങ്ങൾ: 37

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28: 19-20).

അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറിയായി തുടരുമ്പോൾ തന്നെ രണ്ട് ചെറിയ മിഷൻ ഇടവകകൾ എനിക്ക് നല്കപ്പെട്ടു. എന്റെ താമസം ഞാൻ പാസ്റ്ററൽ സെന്ററിൽ നിന്നും മിഷൻ ഇടവകയിലേക്കു മാറ്റി. ഒരു മിഷനിൽ 35 കുടുംബങ്ങളും മറ്റൊരിടത്ത് 10 കുടുംബങ്ങളുമാണുള്ളത്. തീർത്തും സാധാരണക്കാരായ ഇടവകക്കാർ. രണ്ട് ഇടവകകളോടും ചേർന്ന് കോൺവെന്റുകൾ ഉള്ളതിനാൽ ദിനവും രണ്ട് വിശുദ്ധ ബലിയർപ്പണമുണ്ട്. രണ്ടാമത്തെ ബലിക്കു ശേഷം ബിഷപ്സ് ഹൗസിൽ പോകുമായിരുന്നു.

ഞാൻ ഇടവകകളുടെ ചുമതല ഏറ്റെടുക്കുമ്പോൾ മുൻ വികാരിയച്ചൻ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു, ഞായറാഴ്ച്ച ദിവസം കുറച്ചുപേരൊക്കെ വിശുദ്ധ ബലിക്കു വരും. ഇടദിവസങ്ങളിൽ വിരലിലെണ്ണാവുന്നവരെ വരാറുള്ളൂ. മറ്റൊരു കാര്യം വിശുദ്ധ കുർബാന ആരംഭിച്ചതിനു ശേഷമാകും കൂടുതൽ പേരും എത്തിച്ചേരുക. 35 കുടുംബങ്ങൾ ഉള്ള ഇടവകയിൽ എല്ലാ ബുധനും വെള്ളിയും വൈകുന്നേരമാണ് വിശുദ്ധ കുർബാനയർപ്പണം. 10 കുടുംബങ്ങൾ ഉള്ള ഇടവകയിൽ വ്യാഴാഴ്ചകളിൽ വൈകുന്നേരങ്ങളിലാണ് വിശുദ്ധ ബലി നടക്കാറുള്ളത്.

ഞാൻ ആദ്യമേ ചെയ്തത്, വൈകുന്നേരമുള്ള വിശുദ്ധ കുർബാനക്കു ശേഷം എല്ലാ ബുധനാഴ്ചയും ജപമാല പ്രദക്ഷിണം ആരംഭിച്ചു. എല്ലാ വ്യാഴവും വെള്ളിയും വിശുദ്ധ കുർബാനക്കു ശേഷം ദിവ്യകാരുണ്യ ആരാധനയും ആരംഭിച്ചു. ചിലരെങ്കിലും എന്നെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ചോദിച്ചു: “മാസത്തിൽ ഒന്ന് ഇതൊക്കെ നടത്തിയാൽ പോരേ? എല്ലാ ആഴ്ചയും വേണോ?” ഞാൻ പറഞ്ഞു: “എല്ലാ ആഴ്ചയും ഇതൊക്കെ നടത്തപ്പെടും. അതിന്റെ ഫലം പതിയെ മനസിലായിക്കൊള്ളും.”

അങ്ങനെ ഞാൻ അവിടെ ചെന്ന ആദ്യ ദിവസം മുതൽ രണ്ട് ഇടവകകളെയും പരിശുദ്ധ അമ്മയ്ക്ക് പൂർണ്ണമായും സമർപ്പിച്ചു. ആദ്യ ബുധനാഴ്ച വിശുദ്ധ കുർബാനയിലും ജപമാല പ്രദക്ഷിണത്തിലും പങ്കെടുത്തത് ആകെ 7 പേർ മാത്രമാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമുള്ള വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ ആരാധനയിലും ആൾക്കാരുടെ എണ്ണം നന്നേ കുറവായിരുന്നു.

ഞാൻ എന്നും പരിശുദ്ധ സക്രാരിയുടെ മുൻപിലിരുന്നു എല്ലാ കുടുംബങ്ങളെയും സമർപ്പിച്ച് ജപമാല ചൊല്ലി തീക്ഷ്ണമായി പ്രാർത്ഥിക്കുമായിരുന്നു. ഏകദേശം ഒരു മാസത്തിനു ശേഷം ആൾക്കാരുടെ വരവിൽ മാറ്റമുണ്ടായി തുടങ്ങി. 50 -ലേറെ പേർ ബുധനും വ്യാഴവും വെള്ളിയും ദൈവാലയത്തിൽ വന്നുതുടങ്ങി. ഞായറാഴ്ച്ച ദൈവാലയം മുഴുവൻ വിശ്വാസികളെ കൊണ്ട് നിറഞ്ഞു തുടങ്ങി.

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു വസ്തുത, കുമ്പസാരിക്കാനുള്ള ആൾക്കാരുടെ താല്പര്യമായിരുന്നു. ഞായറാഴ്ച്ച 35 കുടുംബങ്ങളുള്ള ഇടവകയിൽ 7 മണിക്ക് സപ്ര (പ്രഭാത പ്രാർത്ഥന) തുടർന്ന് വിശുദ്ധ ബലിയർപ്പണം. 7 മണി മുതൽ ഞാൻ കുമ്പസാരക്കൂട്ടിൽ ഇരിക്കുമായിരുന്നു. പലപ്പോഴും നീണ്ട നിര ദൃശ്യമായിരുന്നു. കുമ്പസാരിക്കാനുള്ള ആളുകളുടെ എണ്ണം കൂടുതലായതു കാരണം ഒരു മണിക്കൂറോളം വൈകി വിശുദ്ധ കുർബാന അർപ്പിച്ച നാളുകളും ഉണ്ടായിട്ടുണ്ട്.

പരിശുദ്ധ കന്യകാമറിയത്തിന് രണ്ട് മിഷൻ ഇടവകകളെയും സമർപ്പിച്ചു ജപമാല ചൊല്ലിത്തുടങ്ങിയപ്പോൾ സംഭവിച്ച മാറ്റങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിലും അധികമാണ്. എന്റെ ജീവിതപാതയിൽ എനിക്കെന്നും കൂട്ടായി കൂടെ നടക്കുന്ന എന്റെ പരിശുദ്ധ അമ്മേ, ഈ ജീവിതം പൂർണ്ണമായും നിനക്കുള്ളതാണ്.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.