അമ്മയനുഭവങ്ങൾ: 36

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും. സകല വിഗ്രഹങ്ങളിൽ നിന്നും നിങ്ങളെ ഞാൻ നിർമ്മലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നല്കും; ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്കും” (എസെ. 36:25-26).

ഒരിക്കൽ ഞാൻ ഏറ്റവും ആദ്യം ഇടവക വികാരിയായി ശുശ്രൂഷ നിർവ്വഹിച്ച ദൈവാലയത്തിൽ ഒരു മരിച്ചടക്കിൽ സംബന്ധിക്കാനായി പോയിരുന്നു. മൃതസംസ്കാര ശുശ്രൂഷകൾക്കു ശേഷം വീട്ടുകാരെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചതിനു ശേഷം തിരികെ പോരാൻ തുടങ്ങുമ്പോൾ ഒരു ഇടവകക്കാരൻ തന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ ചെല്ലുമ്പോൾ ആ വീട്ടിലെ അമ്മ പനി പിടിച്ചു കിടപ്പിലാണ്.

ആശുപത്രിയിൽ കൊണ്ടുചെന്ന് മരുന്ന് വാങ്ങിക്കൊടുക്കാൻ പാടില്ലായിരുന്നോ എന്ന ചോദ്യത്തിന് പല പ്രാവശ്യം പോയി മരുന്ന് വാങ്ങിയിട്ടും പനി വിട്ടുമാറുന്നില്ല എന്ന ഉത്തരമാണ് ലഭിച്ചത്. തുടർന്ന് ഞാൻ അമ്മയുടെ തലയിൽ കരങ്ങൾ വച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥന തീർന്നപ്പോൾ മനസ്സിൽ പെട്ടെന്നൊരു ചിന്ത പരിശുദ്ധ അമ്മ തന്നു. എന്റെ കരങ്ങളിരിക്കുന്ന ജപമാല ഒരു പാത്രം വെള്ളത്തിലിട്ട ശേഷം ആ വെള്ളം ആ അമ്മയ്ക്ക് കുടിക്കാൻ കൊടുക്കുക. ഞാൻ ഉടനെ അവരോട് ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. ആ ജലത്തിൽ കുറച്ചു നേരം ഞാൻ എന്റെ ജപമാല നിക്ഷേപിച്ചു വച്ചു. ശേഷം വെള്ളത്തിൽ നിന്നും ജപമാല എടുത്ത ശേഷം വെള്ളം കുടിക്കാൻ കൊടുത്തു. ആ കുടുംബത്തെ ആശീർവദിച്ച്‌ ഞാൻ തിരികെ പോന്നു. തിരികെ എത്തിയ ശേഷവും ഞാൻ ആ അമ്മയുടെ രോഗശമനത്തിനായി ജപമാലയും പ്രാർത്ഥനയും തുടർന്നുകൊണ്ടേയിരുന്നു.

പിറ്റേ ദിവസം രാവിലെ തന്നെ ആ മകൻ എന്നെ വിളിച്ച്‌, അമ്മയുടെ പനി പൂർണ്ണമായും വിട്ടുമാറിയെന്നു സാക്ഷ്യപ്പെടുത്തി. ഞാൻ പരിശുദ്ധ അമ്മയുടെ നിരന്തര മാദ്ധ്യസ്ഥത്തിനും ദൈവത്തിന്റെ അത്ഭുതരോഗശാന്തിക്കും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് കൃതജ്ഞതാബലി അർപ്പിച്ചു.

പരിശുദ്ധ അമ്മയുടെ സജീവസാന്നിദ്ധ്യം കുടികൊള്ളുന്ന ജപമാല ഒരു അമൂല്യനിധിയും ആയുധവുമാണ്. തിന്മൾക്കെതിരെ, രോഗപീഡകൾക്കെതിരെ, തഴക്കദോഷങ്ങൾക്കെതിരെ, ബലഹീനതകൾക്കെതിരെ, ജീവിതനൈരാശ്യങ്ങൾക്കെതിരെ, ഭയാശങ്കകൾക്കെതിരെ, ശത്രുവിന്റെ ആക്രമണങ്ങൾക്കെതിരെ, നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്കെതിരെ, വ്യാജ ആരോപണങ്ങൾക്കെതിരെ, പിശാചിന്റെ കെണികൾക്കെതിരെ എന്നിങ്ങനെ എല്ലാ നെഗറ്റീവ് ചിന്തകൾക്കെതിരെയും ശക്തിയുക്തം പോരാടാൻ പരിശുദ്ധ അമ്മ തന്നെ നല്കിയ ദിവ്യസമ്മാനം.

നമ്മുടെ കഴുത്തുകളിൽ വിശ്വാസത്തോടെ ജപമാലയണിയാം. നമ്മുടെ കരങ്ങളിൽ എപ്പോഴും ഒരു ജപമാല കരുതാം. എല്ലാ നേരവും ജപമാല ചൊല്ലി നമുക്ക് പ്രാർത്ഥിക്കാം, നമ്മുടെ അനുദിന യാത്രകളിൽ, ജോലിമദ്ധ്യേ, നടക്കുമ്പോൾ, ഇരിക്കുമ്പോൾ, വിശ്രമിക്കുമ്പോൾ എന്നുവേണ്ട എല്ലായ്പ്പോഴും നമ്മുടെ അധരങ്ങളിൽ നിന്നും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഉയരട്ടെ. ഒരു കാര്യം പ്രത്യേകമായി നമുക്കോർക്കാം, ദിനവും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെയും തിന്മയ്ക്കോ പൈശാചിക ശക്തികൾക്കോ ഒരിക്കലും സ്പർശിക്കാനാവില്ല.

“പരിശുദ്ധ ജപമാലയുടെ രാജ്ഞി ദിനവും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഞങ്ങൾ ഓരോരുത്തരെയും സഹായിക്കണേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.