അമ്മയനുഭവങ്ങൾ: 35

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ,

“നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപ്പിക്കും; അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവന് മാപ്പു നല്കും” (യാക്കോബ് 5:14-15).

അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി ആയിട്ട് ശുശ്രൂഷ ചെയ്തുകൊണ്ട് പാസ്റ്ററൽ സെന്ററിൽ താമസിക്കുന്ന സമയം. ഒരു വൈകുന്നേരം ഒരു വികാരിയച്ചൻ വിളിച്ചിട്ട് അടുത്ത ദിവസമുള്ള വിശുദ്ധ കുർബാന അർപ്പിക്കാമോ എന്ന്‌ ചോദിച്ചു. ഞാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ പിറ്റേദിവസം രാവിലെ തന്നെ ഞാൻ പാസ്റ്ററൽ സെന്ററിൽ റീജൻസി ചെയ്യുന്ന ബ്രദറിനെയും കൂട്ടി വിശുദ്ധ കുർബാനക്ക് പുറപ്പെട്ടു. വിശുദ്ധ കുർബാനക്കു മുമ്പ് പതിവു പോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ച ശേഷം വിശുദ്ധ ബലിക്കായി തയ്യാറായി. ഇടദിവസമായിരുന്നതിനാൽ ആളുകൾ കുറവായിരുന്നു.

വിശുദ്ധ കുർബാനക്കു ശേഷം ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാനായി ഞാൻ ദൈവാലയത്തിലിരുന്നു പ്രാർത്ഥിക്കുമ്പോൾ ഒരു അമ്മ ഓടിവന്നു. തന്റെ അമ്മായിയമ്മയ്ക്ക് രോഗീലേപനം നല്കണം. വളരെ സീരിയസാണ് ആ അമ്മച്ചിയുടെ അവസ്ഥയെന്ന് മനസിലാക്കി ഞാനും ബ്രദറും വളരെ വേഗത്തിൽ അവരുടെ വീട്ടിലെത്തി. അമ്മച്ചിക്ക് ചുറ്റും എല്ലാ മക്കളും മരുമക്കളും കണ്ണുനീരോടെ നിലയുറപ്പിച്ചിട്ടുണ്ട്. രാത്രി മുതൽ വളരെ പരിതാപകരമാണ് അമ്മച്ചിയുടെ അവസ്ഥ. ഓർമ്മയൊക്കെ ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു. അമ്മച്ചിയുടെ കണ്ണടയുന്നതിനു മുമ്പ് ഒരു നോക്ക് കാണാനായി അതിരാവിലെ ഓടിയെത്തിയിരിക്കുകയാണ് അവരെല്ലാം.

ഞാൻ അമ്മച്ചിക്ക് രോഗീലേപനം നല്കി. അമ്മച്ചിക്കു വേണ്ടി പ്രാർത്ഥിച്ച ശേഷം അവിടെ നിന്നും പാസ്റ്ററൽ സെന്ററിലേക്ക് തിരിച്ചു. പതിവു പോലെ ഓഫീസ് ജോലികളിൽ വ്യാപൃതനായി. വൈകുന്നേരം ആ അമ്മച്ചിയുടെ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ. ഞാൻ വിചാരിച്ചു അമ്മച്ചി മരിച്ചെന്ന ദുഃഖവാർത്ത അറിയിക്കാനാണ് അവർ വിളിച്ചതെന്ന്. എന്നാൽ സന്തോഷത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ സംശയമായി.

ആ അമ്മ ഒരുപാട് സന്തോഷത്തോടെ പറഞ്ഞു തുടങ്ങി: “അച്ചൻ വന്ന് രോഗീലേപനം കൊടുത്തു മടങ്ങിപ്പോയ ശേഷം അമ്മായിയമ്മ എഴുന്നേറ്റിരുന്നു. കിടപ്പിലാവുന്നതിനു മുമ്പ് ഉണ്ടായിരുന്നതു പോലുള്ള നല്ല ആരോഗ്യം അവർക്ക് ലഭിച്ചു. മക്കളോടും മരുമക്കളോടുമെല്ലാം നല്ലവണ്ണം സംസാരിച്ചു, അവരുടെ വിവരങ്ങൾ തിരക്കി. മക്കളും മരുമക്കളുമൊക്കെ ഇത് വാസ്തവമാണോ, മിഥ്യയാണോ എന്നറിയാതെ ആകെ പകച്ചുപോയി. അമ്മച്ചിക്ക് ഇപ്പോൾ ഒരു ആരോഗ്യപ്രശ്നവും ഇല്ല പൂർണ്ണ ആരോഗ്യവതിയാണ്.”

ഈ അടുത്ത ഇടയ്ക്ക് ആ അമ്മച്ചിയുടെ കൊച്ചുമോന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴും അമ്മച്ചി അതിലെയൊക്കെ ഓടിപ്പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.

രോഗീലേപനം എന്ന കൂദാശ ദൈവികജീവൻ പ്രദാനം ചെയ്യുന്ന ഒരു കൂദാശയാണ്. നമ്മുടെ കർത്താവായ ഈശോമിശിഹാ തന്നെയാണ് ഓരോ വൈദികരിലൂടെയും ഈ കൂദാശ പരികർമ്മം ചെയ്യുന്നത്. രോഗാവസ്ഥയിൽ ഈ കൂദാശ നാം സ്വീകരിക്കുമ്പോൾ രണ്ട് തരത്തിലുള്ള മാറ്റം നമുക്ക് സംഭവിക്കും. ഒന്നുകിൽ നാം പൂർണ്ണസൗഖ്യം പ്രാപിക്കും അല്ലെങ്കിൽ ശാന്തമായി മൃതിയെ പുല്കും. ആ അമ്മച്ചിയെ സംബന്ധിച്ചുള്ള ദൈവഹിതം സൗഖ്യമായിരുന്നു.

നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ രോഗാവസ്ഥകളിൽ, സഹനങ്ങളിൽ, പരാജയങ്ങളിൽ, തകർച്ചകളിൽ, നിരാശകളിൽ ഒരിക്കലും നഷ്ടധൈര്യരാകാതിരിക്കാം. ദൈവത്തിൽ ആശ്രയം വച്ചുകൊണ്ട് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും ഒരു ചെറുപുഞ്ചിരിയോടെ നേരിടാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.