അമ്മയനുഭവങ്ങൾ: 34

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“എന്റെ ആത്മാവേ, നീ എന്തിന് വിഷാദിക്കുന്നു? നീ എന്തിന് നെടുവീർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പുകഴ്ത്തും” (സങ്കീ. 42:5).

സാൽഫോർഡ് രൂപതയിലെ രണ്ടു വർഷത്തെ അജപാലന ശുശ്രൂഷകൾക്കു ശേഷം ഞാൻ രൂപതയിൽ തിരിച്ചെത്തി. അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറിയായിട്ടായിരുന്നു എന്റെ പുതിയ നിയമനം. രൂപതയുടെ പാസ്റ്ററൽ സെന്ററിൽ താമസിച്ചുകൊണ്ട് ഞാൻ എന്റെ ഉത്തരവാദിത്വം നിർവഹിച്ചുപോന്നു.

എല്ലാ ഞായറാഴ്ചകളിലും അജപാലന ശുശ്രൂഷയിൽ ഒരു വൈദികനെ സഹായിക്കാൻ രൂപതയിലെ തന്നെ ഏറ്റവും വലിയ ഒരു ഇടവക ദൈവാലയത്തിൽ പോകണമായിരുന്നു. ഞായറാഴ്ചത്തെ വിശുദ്ധ ബലിക്ക് പള്ളി നിറയെ ദൈവജനമുണ്ടാകാറുണ്ട്. പക്ഷേ, പകുതിയിലധികം പേരും വിശുദ്ധ കുർബാന പകുതിയാകുമ്പോഴാണ് ഇടവക ദൈവാലയത്തിൽ എത്തിച്ചേരുക. ഇതെന്നിൽ വലിയ അസ്വസ്ഥതയുളവാക്കി.

ഏകദേശം ഒരു മാസത്തിനു ശേഷം ഒരു ദിവസമുള്ള വിശുദ്ധ ബലി മദ്ധ്യേയുള്ള ദൈവവചന പ്രഘോഷണവേളയിൽ സാബത്തു ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും മുഴുവൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും തെല്ല് ഗൗരവത്തിൽ തന്നെ തിരുവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ പ്രസംഗിച്ചു. വിശുദ്ധ കുർബാന കഴിഞ്ഞപ്പോൾ വികാരിയച്ചൻ തെല്ല് ആശങ്കയോടെ എന്നോട് സംസാരിച്ചു: “ഈ ഇടവകയിലെ ജനങ്ങൾ ഒരു പ്രത്യേകതരം സ്വഭാവമുള്ളവരാണ്. അവരോട് കാർക്കശ്യത്തോടെ സംസാരിച്ചാൽ പിന്നെ അവർ ദൈവാലയത്തിൽ കയറില്ല. അതുകൊണ്ട് അടുത്ത ഞായറാഴ്ച ആരും തന്നെ പള്ളിയിൽ വരാനുള്ള സാദ്ധ്യത ഞാൻ കാണുന്നില്ല. ഉപകാരം ചെയ്യാൻ വന്ന അച്ചൻ ഉപദ്രവകാരിയായല്ലോ? പകുതി കുർബാനയിലെങ്കിലും സംബന്ധിച്ചു കൊണ്ടിരുന്നവരെ പൂർണ്ണമായും പള്ളിയിൽ വരാത്ത നിലയിലെത്തിച്ചല്ലോ അച്ചാ?”

വികാരിയച്ചന്റെ വാക്കുകൾ ചാട്ടുളി പോലെ എന്റെ മനസ്സിൽ വന്നു തറച്ചു. അടുത്ത ഞായറാഴ്ച്ച ദൈവാലയത്തിൽ ഒരാൾ വരാതിരുന്നാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കു മാത്രമാണ്. മനസ്സിലാകെ ഒരു വല്ലാത്ത അസ്വസ്ഥതയും ആശങ്കയും നിഴലിക്കാൻ തുടങ്ങി. പരിശുദ്ധ അമ്മയിൽ ഞാൻ പൂർണ്ണമായും അഭയം പ്രാപിച്ചു. പാസ്റ്ററൽ സെന്ററിൽ തിരിച്ചെത്തിയതു മുതൽ പരിശുദ്ധ സക്രാരിയുടെ മുൻപിലിരുന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ആ ഇടവകയിലെ ഓരോ കുടുംബങ്ങളെയും പരിശുദ്ധ അമ്മ മാതാവ് വഴി ദിവ്യകാരുണ്യ ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

ഓരോ ദിവസങ്ങൾ കടന്നുപോകുന്നതിനനുസരിച്ചു എന്റെ പ്രാർത്ഥനയും ആശങ്കയും കൂടിക്കൊണ്ടേയിരുന്നു. സാധാരണ വലിയ സന്തോഷത്തോടെ ദൈവാലയത്തിൽ എത്തിച്ചേരുന്ന എനിക്ക് തെല്ലൊരാശങ്കയുണ്ടായിരുന്നു. അങ്ങനെ പിറ്റേ ഞായറാഴ്ച പതിവിലും നേരത്തെ ദൈവാലയത്തിലെത്തി പരിശുദ്ധ സക്രാരിയുടെ മുൻപിൽ ഇരുന്ന് വീണ്ടും പ്രാർത്ഥിച്ചു.

സപ്ര (പ്രഭാത പ്രാർത്ഥന) തുടങ്ങിയപ്പോൾ തന്നെ പതിവില്ലാത്തവിധം ആളുകൾ പള്ളിയിൽ വന്നുതുടങ്ങി. പ്രഭാതപ്രാർത്ഥന കഴിഞ്ഞു വിശുദ്ധ ബലിയർപ്പിക്കാനായി തിരുവസ്ത്രങ്ങൾ അണിയാൻ ഞാൻ സങ്കീർത്തിയിലേക്ക് പോകുന്നതിനു മുൻപ് വീണ്ടും ദൈവാലയത്തിൽ പെട്ടെന്ന് കണ്ണോടിച്ചു. ഏകദേശം 80% ഇടവകക്കാരും ഉണ്ട്. ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് വിശുദ്ധ ബലിയർപ്പിക്കാനായി ബേമയിൽ വന്നുനിൽക്കുമ്പോൾ അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. കാരണം മുഴുവൻ ഇടവകക്കാരും വിശുദ്ധ കുർബാനയിൽ പങ്കുചേരാനായി ഭക്തിയോടെ ദൈവാലയത്തിൽ നിൽക്കുന്നു. ദൈവത്തോടുള്ള നന്ദിയും സന്തോഷവും കൃതജ്ഞതയും കടപ്പാടും കൊണ്ട് മനസ്സും ഹൃദയവും ആത്മാവും ശരീരവും നിറഞ്ഞു. അന്നത്തെ വിശുദ്ധ ബലി മദ്ധ്യേയുള്ള തിരുവചനപ്രഘോഷണനേരം ഞാൻ ദൈവത്തിനും ഇടവകക്കാർക്കും നന്ദി പറഞ്ഞു. തുടർന്നുള്ള ഞായറാഴ്ചകളിൽ മുഴുവൻ കുർബാനയിലും അവർ പങ്കുചേർന്നു പോന്നു.

പരിശുദ്ധ അമ്മ എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഈ ഒരു അത്ഭുതത്തിന് എനിക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചത്. പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തെ കണ്ണും പൂട്ടി വിശ്വസിക്കുക. സംശയിക്കാതെ പ്രാർത്ഥിക്കുക, ദൈവിക ഇടപെടലിനായി ക്ഷമാപൂർവ്വം കാത്തിരിക്കുക. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും തീർച്ചയായും ദൈവം ഇറങ്ങിവരും.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.