അമ്മയനുഭവങ്ങൾ: 33

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ, നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോസ് 5:6).

സാൽഫോർഡിലുള്ള വിശുദ്ധരായ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ദൈവാലയത്തിൽ അജപാലനശുശ്രൂഷ ചെയ്യുമ്പോൾ അവിടെയുള്ള അമ്മമാരോട് ഒത്തിരിയേറെ സംസാരിക്കുമായിരുന്നു. ഒരു വിദേശരാജ്യത്തു നിന്നും വന്നയാളാണെങ്കിൽ പോലും ഒരുപാട് സ്നേഹവും കരുതലും എന്നോട് അവർ കാണിച്ചുപോന്നു. നിഷ്കളങ്കമായ മാതൃസ്‌നേഹം ഞാൻ ഒരുപാട്, ആ അമ്മമാരിൽ നിന്നും അനുഭവിച്ചിട്ടുണ്ട്.

അവരിൽ ഒരമ്മ തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ അറിയിച്ചു. ആ അമ്മയുടെ ഭർത്താവ് ദൈവാലയത്തിൽ പ്രവേശിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ആ അമ്മയ്ക്ക് ഏകദേശം 60 വയസോളമുണ്ട്. അവരുടെ വിവാഹത്തിനും കുഞ്ഞുങ്ങളുടെ മാമ്മോദിസാ സീകരണത്തിനും പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിനും മാത്രമാണ് ആകെ അദ്ദേഹം ദൈവാലയത്തിൽ കാലുകുത്തിയിട്ടുള്ളത്. അതും പൂർണ്ണമനസ്സോടെ അല്ല; ആ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാത്രം.

ദീർഘ വർഷങ്ങളായി കുർബാനയോ കുമ്പസാരമോ അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. എന്നാൽ എല്ലാ ഞായറാഴ്ചയും തന്റെ ഭാര്യയെ ദൈവാലയത്തിൽ കൊണ്ടുവന്നാക്കാനും കുർബാന കഴിയുമ്പോൾ തിരികെ കൊണ്ടുപോകാനും അദ്ദേഹം കൃത്യമായി വരുമായിരുന്നു. ആ അമ്മ കണ്ണുനീരോടെ എന്നോട് ആവശ്യപ്പെട്ടു: “അച്ചൻ എന്റെ ഭർത്താവിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. എന്റെ ഭർത്താവ് വളരെ നല്ലൊരു മനുഷ്യനാണ്. യാതൊരു ദുഃശീലവുമില്ല. എന്നെ നല്ലവണ്ണം നോക്കുന്നുണ്ട്. പക്ഷേ ദൈവത്തിൽ വിശ്വാസമില്ല. പ്രാർത്ഥനയോടോ, ദൈവിക കാര്യങ്ങളോടോ, ആദ്ധ്യാത്മിക വിഷയങ്ങളോടോ യാതൊരു താത്പര്യവും പ്രതിബദ്ധതയുമില്ല. അദ്ദേഹം ഒരു ഞായറാഴ്ച്ചയെങ്കിലും എന്നോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ഈശോയെ സ്വീകരിക്കുന്നത് കണ്ടിട്ടുവേണം എനിക്ക് സമാധാനമായി കണ്ണടയ്ക്കാൻ. എന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം തരുമായിക്കുമല്ലേ അച്ചാ. ഈ ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ.”

കണ്ണുകൾ തുടച്ചുകൊണ്ട് ആ അമ്മ നടന്നുനീങ്ങിയപ്പോൾ അത് എന്റെ ഉള്ളിൽ വലിയൊരു വിങ്ങലായി അനുഭവപ്പെട്ടു. നമ്മുടെ നാട്ടിലെപ്പോലെ അവരെ ഉപദേശിക്കാനൊന്നും നമുക്കാവില്ല. ആ രാജ്യത്തെ നിയമമനുസരിച്ച് ആർക്കും ആരെയും ഒരു കാര്യത്തിനും നിർബന്ധിക്കാനാവില്ല. അതുകൊണ്ട് ഞാൻ ആ അപ്പച്ചനോട് ഇക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനൊന്നും പോയില്ല. എന്റെ സന്തതസഹചാരിയായ പരിശുദ്ധ അമ്മയുടെ മുമ്പിൽ ആ അപ്പച്ചനെ പൂർണ്ണമായും സമർപ്പിച്ചു ജപമാല ചൊല്ലാൻ തുടങ്ങി. അനുദിനമുള്ള വിശുദ്ധ ബലിയിലും വ്യക്തിപരമായി പരിശുദ്ധ സക്രാരിയുടെ മുന്നിൽ ചിലവഴിക്കുന്ന നിമിഷങ്ങളിലും ആ അമ്മയുടെ കണ്ണുനീർ എന്നെ നിരന്തരം അലട്ടിക്കൊണ്ടേയിരുന്നു.

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി. ഏകദേശം നാല് മാസങ്ങൾക്കു ശേഷമുള്ള ഒരു ഞായറാഴ്ച ദിവസം തന്റെ ഭാര്യയെ ദൈവാലയത്തിൽ ഇറക്കിവിട്ട ശേഷം തിരികെപ്പോകാതെ വാഹനം പാർക്ക് ചെയ്തശേഷം അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. ഏകദേശം 30 വർഷങ്ങൾക്കു ശേഷം ആ അപ്പച്ചൻ ദൈവത്തിന്റെ സാന്നിദ്ധ്യത്തിനു മുൻപിൽ മുട്ടുകൾ കുത്തി. അന്നേ ദിവസമുള്ള വിശുദ്ധ കുർബാനയിൽ ഞാൻ നന്ദിയും കൃതജ്ഞതയും കൊണ്ട് എന്റെ ഉള്ളിൽ കരഞ്ഞുകൊണ്ടാണ് വിശുദ്ധ ബലി അർപ്പിച്ചത്.

വിശുദ്ധ ബലിക്കു ശേഷം തന്റെ ജീവിതപങ്കാളിയെയും കൊണ്ട് കണ്ണുനീരോടെ ആ അമ്മ എന്റെ മുന്നിലെത്തി കരങ്ങൾ കൂപ്പി നന്ദി പറഞ്ഞു. ഞാൻ സ്നേഹപൂർവ്വം അമ്മയെ ഓർമ്മിപ്പിച്ചു, കരയേണ്ടതും നന്ദി പറയേണ്ടതും ദൈവത്തിന്റെ മുമ്പിലാണ്. ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുവെന്നത് വാസ്തവമാണ്. പക്ഷേ ആ പ്രാർത്ഥനകളൊക്കെ ദൈവസന്നിധിയിൽ എത്തിച്ചത് പരിശുദ്ധ കന്യകാമാതാവാണ്. അവർ ദൈവത്തിന് നന്ദി പറഞ്ഞ് സന്തോഷത്തോടെ ഭവനത്തിലേക്ക് മടങ്ങി. അതിനുശേഷം എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ഭക്തിയോടെ രണ്ടു പേരും വിശുദ്ധ ബലിയിൽ പങ്കുചേർന്നു പോന്നു.

എന്റെ പരിശുദ്ധ അമ്മയോടാണ് ഞാൻ എല്ലാ കാര്യങ്ങൾക്കും സഹായം അഭ്യർത്ഥിക്കുക. അമ്മയോട് ആവശ്യപ്പെടുന്നതൊക്കെ ഒരു മടിയും കൂടാതെ നിറവേറ്റിത്തരുന്നതിൽ എന്റെ ജീവിതത്തിൽ അമ്മമാതാവ് കണിശക്കാരിയാണ്.

“പരിശുദ്ധ അമ്മ മാതാവേ, അമ്മയുടെ ചാരെ കണ്ണുനീരോടെ അണയുന്ന എല്ലാ മക്കളുടെയും യാചനകളും അർത്ഥനകളും അമ്മയുടെ തിരുക്കുമാരന്റെ സന്നിധിയിൽ പ്രത്യേകം സമർപ്പിച്ചു പ്രത്യുത്തരം നല്‍കണമേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ ജോസഫ്‌ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.