അമ്മയനുഭവങ്ങൾ: 32

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ ഉച്ചത്തിൽ കൃതജ്ഞതാസ്തോത്രം ആലപിക്കുന്നു; അവിടുത്തെ അത്ഭുതകരമായ സകല പ്രവൃത്തികളെയും ഞാൻ പ്രഘോഷിക്കുന്നു. കർത്താവേ, അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്” (സങ്കീ. 26:7-8).

സാൽഫോർഡ് രൂപതയിൽ വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിൽ ഞാൻ അജപാലനശുശ്രൂഷ ചെയ്യുന്ന സമയം പരിശുദ്ധ മാതാവിന്റെ വലിയൊരു ഇടപെടലിന് ഞാൻ സാക്ഷ്യം വഹിച്ചു. സാധാരണയായി തിങ്കളാഴ്ച്ച സാൽഫോർഡ് രൂപതയിൽ വൈദികർക്ക് അവധി ദിവസമാണ്. അന്നേ ദിവസം ദൈവജനത്തിനായി വിശുദ്ധ ബലിയർപ്പണമില്ല. ആരും തന്നെ വൈദികരെ സന്ദർശിക്കാനായി പള്ളിമുറിയിൽ എത്താറുമില്ല. ഇനി എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ തന്നെ മുൻകൂട്ടി അപ്പോയിന്മെന്റ് എടുത്തശേഷം മാത്രമാണ് വൈദികരെ സന്ദർശിക്കാനെത്തുക.

ഒരു തിങ്കളാഴ്ച്ച ദിവസം പതിവില്ലാതെ ഒരു ചെറുപ്പക്കാരൻ പള്ളിമുറിയിൽ എത്തി. എന്റെ അവധി ദിവസം എന്നെ ബുദ്ധിമുട്ടിച്ചതിൽ അദ്ദേഹം ഒരുപാട് പ്രാവശ്യം ക്ഷമാപണം നടത്തി. അദ്ദേഹത്തിന്റെ അമ്മ ഒരു മാസമായി കിടപ്പിലാണ്. ട്യൂബിലൂടെ ദ്രാവകരൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. ചെറിയൊരു അനക്കം മാത്രമേയുള്ളൂ. അമ്മ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാതെ ദൈവസന്നിധിയിൽ ശാന്തമായി എത്തിച്ചേരാൻ വീട്ടിൽ ചെന്ന് പ്രാർത്ഥിക്കണം, അന്ത്യകൂദാശ നല്‍കണം.

ഞാന്‍ ഉടനെ തന്നെ ആ ചെറുപ്പക്കാരന്റെ കൂടെ പുറപ്പെട്ടു. വീട്ടിൽ ചെന്ന് അമ്മയെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. എല്ലും തോലുമായ ഒരു അസ്ഥികൂടം. നേരിയ അനക്കം മാത്രമേ ഉള്ളൂ. ഈശോയോട് രണ്ട് കാര്യങ്ങൾ ഞാൻ ആവശ്യപ്പെട്ടുകൊണ്ട് ആ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിച്ചു. ഒന്നുകിൽ നല്ല ആരോഗ്യവതിയായി അമ്മ ജീവിതത്തിലേക്ക് തിരിച്ചുവരണം അല്ലെങ്കിൽ സമാധാനപൂർണ്ണമായ ഒരു മരണം പ്രദാനം ചെയ്യണം.

പ്രാർത്ഥന കഴിഞ്ഞ് പള്ളിമുറിയിൽ എത്തിയ ശേഷവും ആ മൃതപ്രായയായ അമ്മയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുള്ള ജപമാല തുടർന്നു. വൈകുന്നേരം വീണ്ടും ആ ചെറുപ്പക്കാരൻ പള്ളിമുറിയിൽ എത്തി, അമ്മ ശാന്തമായി ഇഹലോകവാസം വെടിഞ്ഞുവെന്ന് അറിയിച്ചു.

ഈ ബലഹീനനായ എന്റെ പ്രാർത്ഥനകൾ പരിശുദ്ധ അമ്മ ദൈവസന്നിധിയിൽ എത്തിച്ചതിനെക്കുറിച്ചോർത്ത് ഞാൻ എന്റെ പരിശുദ്ധ ജപമാലയുടെ രാഞ്ജിക്ക് ഒരുപാട് നന്ദി പറഞ്ഞു. പരിശുദ്ധ അമ്മയോട് ചേർന്നു പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകൾക്ക് പ്രത്യുത്തരം ഉടൻ ലഭിക്കും.

“പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.