അമ്മയനുഭവങ്ങൾ: 30

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ദൈവമേ, അങ്ങയുടെ മാർഗ്ഗം പരിശുദ്ധമാണ്. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട് ? അങ്ങാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവം; ജനതകളുടെ ഇടയിൽ ശക്തി വെളിപ്പെടുത്തിയതും അങ്ങു തന്നെ” (സങ്കീ. 77:13-14).

വിശുദ്ധനാട് സന്ദർശനസമയത്ത്‌ ഞാൻ ഒരുപാട് പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയായിരുന്നു. ഈശോമിശിഹാ രക്തം വിയർത്ത് തന്റെ പിതാവായ ദൈവത്തിന്റെ മുൻപിൽ കണ്ഠമിടറി പ്രാർത്ഥിച്ച ഗെത്സമേൻ തോട്ടത്തിൽ സ്ഥിതിചെയ്യുന്ന ദൈവാലയത്തിലിരുന്ന് ഒരു മണിക്കൂർ നേരമെങ്കിലും എനിക്കും പ്രാർത്ഥിക്കണം. പ്രാർത്ഥനയിൽ ദൈവവുമായി ലയിച്ചുചേരാൻ ഇതിലും അഭികാമ്യമായ ഒരു സ്ഥലം ഈ ഭൂമിയിൽ ഉണ്ടാവുക അസാദ്ധ്യമാണ്.

എന്നാൽ എന്റെ ദൈവം വലിയൊരു അത്ഭുതം എനിക്കായി അവിടെ ഒരുക്കി. എന്റെ കണ്ണുകൾ കൊണ്ട് കാണാനോ, കാതുകൾ കൊണ്ട് കേൾക്കാനോ, പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാനോ സാധിക്കാത്ത വലിയൊരു മഹാത്ഭുതം. ഒരു മണിക്കൂർ നേരം പ്രാർത്ഥിക്കണമെന്ന് മാത്രം ആഗ്രഹിച്ച സ്ഥലത്ത് വിശുദ്ധ ബലിയർപ്പിക്കാനുള്ള അസുലഭമായ അവസരം എനിക്ക് കരഗതമായി. ഒരു പൂവ് ചോദിച്ചാൽ വലിയൊരു പൂന്തോട്ടം തന്നെ തന്ന് നമ്മെ അനുഗ്രഹിക്കുന്നവനാണ് നമ്മുടെ നല്ല ദൈവം.

ഗൈഡായ വൈദികനെയും കൂട്ടി ഞങ്ങൾ നാല് വൈദികരാണ് തീർത്ഥാടന ടീമിൽ ഉണ്ടായിരുന്നത്. ഓരോ സ്ഥലത്തും മുഖ്യകാർമ്മികനായി വിശുദ്ധ ബലി അർപ്പിക്കാനുള്ള വൈദികനെ പ്രസ്തുത സ്ഥലത്തു വച്ചു തന്നെയാണ് നിശ്ചയിക്കുക. ഗത്സമെൻ തോട്ടത്തിലുള്ള ദൈവാലയത്തിൽ ബലിയർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചത് എനിക്കാണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങളായി ഞാൻ ആ അവസരത്തെ കാണുന്നു.

കണ്ണുകൾ ഈറനണിഞ്ഞു കൊണ്ട് കണ്ഠമിടറി ഈശോ രക്തം വിയർത്തു പ്രാർത്ഥിച്ച സ്ഥലത്തോട് ചേർത്തു പണിയപ്പെട്ട അൾത്താരയിൽ സീറോ മലബാർ ക്രമത്തിൽ മലയാളഭാഷയിൽ ഞാൻ വിശുദ്ധ കുർബാനയർപ്പിച്ചു. മൂന്ന് വൈദികരും എന്റെ സഹകാർമ്മികരായി. എന്റെ ജീവിതത്തിൽ തന്നെ ഞാൻ ഏറ്റവും കൂടുതൽ വില കല്പിക്കുന്ന അൾത്താരയിലെ ബലിയർപ്പണം. ശരീരവും മനസ്സും ഹൃദയവും ആത്മാവും ദിവ്യാനുഭൂതിയാൽ നിറയപ്പെട്ട വിശുദ്ധ ബലി. ജീവിതത്തിൽ നാം ആഗ്രഹിക്കുന്നതിലും എത്രയോ അധികമായി തന്റെ അനുഗ്രഹങ്ങളും കൃപകളും ഇടതടവില്ലാതെ വർഷിക്കുന്നവനാണ് നമ്മുടെ ദൈവമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ വിശുദ്ധ ബലിയായിരുന്നു ഗത്സമെൻ തോട്ടത്തിലെ അൾത്താരയിൽ ഞാൻ അർപ്പിച്ച വിശുദ്ധ ബലി.

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം കൂടെ സംഭവിച്ചു. ഞങ്ങളുടെ കൂടെ വന്ന ഒരു ചേട്ടൻ ആ വിശുദ്ധ ബലിയിലുടനീളം മുട്ടിന്മേൽ നിന്നുകൊണ്ട് പങ്കുചേർന്നു. ഈശോയുടെ സജീവസാന്നിദ്ധ്യം ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത് ആ ബലിയർപ്പണ വേളയിലായിരുന്നു. വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകുന്നതിന് അപ്പുറമാണ് ആ ദിവ്യാനുഭൂതി.

എന്റെ ഈശോയെ, എന്റെ സർവ്വവുമേ…

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.