അമ്മയനുഭവങ്ങൾ: 28

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“വിളിക്കും മുമ്പേ ഞാൻ അവർക്ക് ഉത്തരമരുളും, പ്രാർത്ഥിച്ചു തീരും മുമ്പേ ഞാൻ അത് കേൾക്കും” (ഏശയ്യാ 65:24).

ഒരു വൈദികനായി അഭിഷിക്തനായ നാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു സ്വപ്നമായിരുന്നു വിശുദ്ധ നാട് സന്ദർശനം. എപ്പോഴെങ്കിലും അവിടെ തീർത്ഥാടനം നടത്തിയാൽ പോരാ, എന്റെ 33 -മത്തെ വയസ്സിൽ തന്നെ അവിടം സന്ദർശിക്കണമെന്ന അടങ്ങാത്ത ആഗ്രഹം എന്റെ മനസ്സിൽ ഞാൻ കാത്തുസൂക്ഷിച്ചു. ലോകരക്ഷകനായ ഈശോ തന്റെ പരസ്യജീവിതം അവസാനിപ്പിച്ച് കുരിശുമരണം വരിച്ചത് തന്റെ 33 -മത്തെ വയസ്സിലായിരുന്നു. അതുകൊണ്ടാണ് ആ പ്രായത്തിൽ തന്നെ വിശുദ്ധ നാട്ടിൽ എത്തിച്ചേരണമെന്ന ആഗ്രഹം എന്നിൽ രൂഢമൂലമായത്.

എപ്പോഴത്തെയും പോലെ ഇക്കാര്യത്തിനും ഞാൻ അഭയം പ്രാപിച്ചത് പരിശുദ്ധ കന്യകാമറിയത്തിലാണ്. എന്റെ എല്ലാ ആഗ്രഹങ്ങളും ഇന്നുവരെ പരിശുദ്ധ അമ്മ സാധിച്ചു തന്നിട്ടുണ്ട്. എന്റെ എല്ലാ ദിവസവുമുള്ള വിശുദ്ധ കുർബാന അർപ്പണത്തിലും ജപമാലയിലും വ്യക്തിപരമായ പ്രാർത്ഥനയിലും ഈ ഒരു നിയോഗം വച്ച് നിരന്തരം ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. ചെറുപ്പക്കാരനായ ഒരു ഇടവക വൈദികനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ലിത്. ഇനി അതിനുള്ള അവസരം ലഭിച്ചാൽ പോലും 33 -മത്തെ വയസ്സിൽ തന്നെ അത് സാധിക്കുമെന്നുള്ളത് പ്രയോഗികവുമല്ല. എന്നാൽ ഞാൻ അഭയം തേടിയത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ ആയിരുന്നതിനാൽ എനിക്ക് യാതൊരു സംശയവും എന്റെ യാത്രയെപ്പറ്റിയില്ലായിരുന്നു.

ഓരോ പ്രാവശ്യവും വിശുദ്ധ ഗ്രന്ഥം (ബൈബിൾ) ഞാൻ വായിക്കുമ്പോൾ ഈശോ സഞ്ചരിച്ച പ്രദേശങ്ങൾ ഞാൻ എന്റെ ഭാവനയിൽ കാണുമായിരുന്നു. എന്റെ പ്രാർത്ഥനയ്ക്കുള്ള ഉത്തരം എനിക്ക് ലഭിച്ചത് ഇംഗ്ലണ്ടിൽ ഞാൻ ശശ്രൂഷ ചെയ്യുമ്പോഴാണ്. അവിടെയുള്ള സീറോ മലങ്കര സഭയുടെ മാഞ്ചസ്റ്റർ മേഖലയിലുള്ള ശശ്രൂഷകൾ നിർവ്വഹിച്ചിരുന്ന വൈദികൻ എന്റെ നല്ലൊരു സുഹൃത്തായിരുന്നു. ഇംഗ്ലണ്ടിലുള്ള സീറോ മലങ്കര സഭാംഗങ്ങൾ രണ്ട് വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ നാട് സന്ദർശിക്കാൻ തയ്യാറെടുത്തപ്പോൾ എന്റെ സുഹൃത്തായ വൈദികൻ എന്നെയും തീർത്ഥാടനത്തിന് ക്ഷണിച്ചു. ഒരുപാട് സന്തോഷമായെങ്കിലും ഒരു ഇംഗ്ലീഷ് ഇടവകയിൽ അസ്തേന്തിയായി ശുശ്രൂഷ ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം വികാരിയച്ചന്റെ അനുവാദമില്ലാതെ അവരോടൊപ്പം പോകാനാകില്ല. ഒന്ന് രണ്ട് ദിവസം നല്ലവണ്ണം പ്രാർത്ഥിച്ചൊരുങ്ങിയശേഷം ഞാൻ എന്റെ വികാരിയച്ചന്റെ മുമ്പിൽ കാര്യം അവതരിപ്പിച്ചു.

പല പ്രാവശ്യം വിശുദ്ധ നാട് സന്ദർശിച്ചിട്ടുള്ള ആ വൈദികൻ എനിക്ക് അനുവാദം നല്കി. തന്റെ ജീവിതത്തിലെ വിശുദ്ധ നാട് സന്ദർശനത്തിന്റെ കെടാത്ത ഓർമ്മകളും ഫോട്ടോകളും അദ്ദേഹം എന്നോട് പങ്കുവച്ചു. അങ്ങനെ എന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 5 -മത്തെ വർഷം എന്റെ 33 -മത്തെ വയസ്സിൽ എന്റെ ഏകരക്ഷകനും നാഥനും കർത്താവും ഗുരുവും നിത്യപുരോഹിതനും ജീവനും മാതൃകയും വഴികാട്ടിയും ദൈവവും സർവ്വസ്വവുമായ യേശുവിന്റെ നിരന്തരസാന്നിദ്ധ്യം കുടികൊള്ളുന്ന വിശുദ്ധ നാട്ടിലേക്ക് ഞാൻ യാത്ര തിരിച്ചു.

വിശുദ്ധ കുർബാന ഭക്തിയോടെ അർപ്പിച്ചും പ്രാർത്ഥനയോടെയും പരിത്യാഗത്തോടെയും വിശുദ്ധ ഗ്രന്ഥം (ബൈബിൾ) വായിച്ചൊരുങ്ങിയും വിശുദ്ധ കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലിയും പരിശുദ്ധ ജപമാല ചൊല്ലിയും ഞാൻ എന്റെ തീർത്ഥാടനം ഭക്തിപൂർവ്വം ആരംഭിച്ചു. ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്വർഗ്ഗീയസൗഭാഗ്യവും ആനന്ദവും സമാധാനവും സന്തോഷവും ദൈവികസാന്നിദ്ധ്യവും ഞാൻ തൊട്ടറിഞ്ഞത് വിശുദ്ധ നാട്ടിലായിരുന്നു.

നമ്മുടെ രക്ഷകനായ യേശുവിന്റെ ജനനം മുതൽ മരണം വരെ ബന്ധപ്പെട്ട് കിടക്കുന്ന ഓരോ സ്ഥലങ്ങളും സന്ദർശിച്ചപ്പോൾ പലയിടങ്ങളിലും എനിക്ക് ലഭിച്ച വലിയ ദൈവകൃപയെ ഓർത്ത് ഞാൻ കണ്ണുനീർ വാർത്തു. ജീവിതത്തിൽ ദൈവം നമ്മെ നടത്തുന്ന, പരിപാലിക്കുന്ന വഴികൾ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി നാം ആത്മാർത്ഥതയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുമ്പോൾ അത് നടത്തിത്തരുന്ന ഒരു നല്ല ദൈവം എന്നും നമ്മുടെ ചാരെയുണ്ടെന്ന സത്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.