അമ്മയനുഭവങ്ങൾ: 27

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകൾ നിന്റെ അടുക്കൽ ഓടിക്കൂടും. എന്തെന്നാൽ നിന്റെ ദൈവമായ കർത്താവ്, ഇസ്രായേലിന്റെ പരിശുദ്ധൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ; അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ” (ഏശയ്യാ 55:5-6).

വിശുദ്ധന്മാരായ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള സാൽഫോർഡ് ഇടവക ദൈവലയത്തിലെ അസ്തേന്തിയായിട്ടുള്ള ജീവിതം വളരെ സന്തോഷപ്രദമായിരുന്നു. എന്നെ ഒരുപാട് സ്നേഹിക്കുകയും കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന ഐറിഷ്കാരനായ എന്റെ വികാരിയച്ചൻ എളിമയുടെ നിറകുടമായിരുന്നു. വളരെ സൗമ്യതയോടെയും ബഹുമാനത്തോടെയും ഓരോ ഇടവകാംഗങ്ങളെയും അദ്ദേഹം ശ്രവിക്കുമായിരുന്നു. ആ വൈദികനിൽ നിന്നും ഒരുപാട് നല്ല പാഠങ്ങൾ ഞാനും ഹൃദിസ്ഥമാക്കാൻ പരിശ്രമിച്ചു പോന്നു.

ഇടദിവസങ്ങളിലുള്ള വിശുദ്ധ കുർബാനയ്ക്ക് ഇംഗ്ലീഷ്കാരുടെ സാന്നിദ്ധ്യം നന്നേ കുറവായിരുന്നു. ഞായറാഴ്ച്ച എല്ലാവരും പള്ളിയിൽ വന്ന് ഭക്തിയോടെ വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു പോന്നു. ഇടദിവസങ്ങളിൽ ദൈവാലയത്തിൽ ആളുകൾ കൂടുതൽ വരാനായി ഞാൻ പരിശുദ്ധ അമ്മയുടെ സഹായം തേടി. രാവിലെ ഒൻപതു മണിക്കാണ് ഇട ദിവസങ്ങളിലെ കുർബാന. ഏഴ് മണിയോടെ പള്ളിയിൽ പോയിരുന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി. പതിയെ പതിയെ ദൈവാലയത്തിലേക്ക് ഇംഗ്ളീഷുകാര്‍ വരാൻ തുടങ്ങി.

എട്ട് മാസത്തെ എന്റെ ശുശ്രൂഷകൾ ഞാൻ അവസാനിപ്പിച്ച് ആ ഇടവകയോട് വിടപറയുമ്പോൾ അമ്പതിലേറേ ആളുകൾ ഇടദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ വരുമായിരുന്നു. ഇപ്രകാരം പ്രാർത്ഥിക്കാൻ എന്നെ പ്രചോദിപ്പിച്ചത് വി. ജോൺ മരിയ വിയാനി പുണ്യവാനാണ്. ഇന്നും എന്നെ ഭരമേല്പിക്കുന്ന ഏത് ഉത്തരവാദിത്വവും അതിന്റെ പൂർണ്ണതയിൽ നിർവഹിക്കാൻ എനിക്ക് ശക്തിയും ബലവും കരുത്തും ഊർജ്ജവും പ്രദാനം ചെയ്യുന്നത് വിശുദ്ധ കുർബാനയുടെ മുൻപിൽ ഞാൻ ചിലവഴിക്കുന്ന നിമിഷങ്ങളാണെന്ന് നിസംശയം എനിക്ക് പറയാനാകും.

വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ആ പരിശുദ്ധ സക്രാരിയുടെ മുൻപിൽ എത്ര സമയമിരുന്നാലും കൊതി തീരില്ല. നമ്മുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ തെല്ലുനേരം വിശ്രമിക്കാനുള്ള അഭയകേന്ദ്രമാണ് ഈശോയുടെ നിരന്തരസാന്നിദ്ധ്യം കുടികൊള്ളുന്ന പരിശുദ്ധ സക്രാരി. ജീവിതത്തിൽ എന്ത്‌ ആഗ്രഹമുണ്ടെങ്കിലും അത് നിന്റെ നന്മയ്ക്കും അപരന്റെ നന്മയ്ക്കും കാരണമാകുമെങ്കിൽ അത് ദൈവം സാധിച്ചുതരുമെന്ന ഉറപ്പും വിശുദ്ധ കുർബാനയുടെ സാന്നിദ്ധ്യം നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈശോയുടെ നിരന്തര സാന്നിദ്ധ്യത്തിനു മുന്നിലുള്ള നമ്മുടെ നിരന്തരമായ കടന്നുവരവ് നമ്മേയും പ്രകാശിതരാക്കും. അവിടുത്തെ നോക്കിയവരൊക്കെ പ്രകാശിതരായിട്ടേയുള്ളൂ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.