അമ്മയനുഭവങ്ങൾ: 24

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“നീ കർത്താവിൽ ആശ്രയിച്ചു; അത്യുന്നതനിൽ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനർത്ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീ. 91:9-12).

ഒരിക്കൽ സഹപാഠിയായ ഒരു വൈദികന്റെ അപ്പൻ മരിച്ചതിന്റെ ആണ്ടുകുർബാനയിൽ സംബന്ധിക്കാനായി ഞങ്ങൾ നാലു പേർ യാത്ര പുറപ്പെട്ടു. യാത്ര തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവും ഉറപ്പുവരുത്തി. രാത്രിയിലാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. ദീർഘദൂര യാത്രയായിരുന്നു അത്.

അച്ചന്റെ വീടിനോട് ഏകദേശം അടുത്തെത്താറായപ്പോൾ വണ്ടിക്ക് എന്തോ ഒരു പ്രശ്‌നം പോലെ തോന്നി. ഒന്ന് രണ്ട് പ്രാവശ്യം വണ്ടി പാളിപ്പോയി. എങ്കിലും സാവധാനം യാത്ര തുടർന്നുകൊണ്ടേയിരുന്നു. കുത്തനെയുള്ള ഒരു ഇറക്കവും വളവുമുള്ള പ്രദേശത്തെത്തിയപ്പോൾ വണ്ടിയിൽ നിന്നും ഭീകരമായ ഒരു സ്വരം കേട്ടു. മുൻവശത്തായി ഡ്രൈവറിന്റെ സൈഡിലുള്ള ടയർ പൊട്ടിയതിന്റെ ഒച്ചയായിരുന്നു ഞങ്ങൾ കേട്ടത്. തുടർന്ന് നിയന്ത്രണം വിട്ട വണ്ടി ഒരു വശം ചെരിഞ്ഞു വേഗത്തിൽ പാഞ്ഞു. അതേസമയം എതിർദിശയിൽ നിന്നും കയറ്റം കയറിവരുകയായിരുന്ന ഒരു പെട്ടിഓട്ടോയിൽ ശക്തമായി ചെന്ന് വണ്ടി ഇടിച്ചു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ളതുപോലെ പെട്ടി ഓട്ടോ അന്തരീക്ഷത്തിലേക്ക് ഉയർന്ന ശേഷം റോഡിന്റെ വലതുവശത്തേക്ക് പോയി ഒരു മരത്തിന്റെ വലിയൊരു കൊമ്പിലായിപ്പോയി കുരുങ്ങിനിന്നു. ആ വാഹനത്തിൽ നിന്നും രണ്ട് ചേട്ടന്മാരുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു. അച്ചൻ ഇടതുവശത്തെ മൺതിട്ടയോട് ചേർത്ത് വണ്ടി ഇടിപ്പിച്ചുനിർത്തി. പെട്ടെന്നു തന്നെ ഞങ്ങളെല്ലാവരും വാഹനത്തിൽ നിന്നിറങ്ങി ആ ഓട്ടോയെ ലക്ഷ്യമാക്കി പാഞ്ഞു.

രണ്ട് ചേട്ടന്മാരും ഉറക്കെ നിലവിളിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു വാഹനം ക്രമീകരിച്ച് അവരെ ആശുപത്രിയിൽ എത്തിച്ചു. ചെറിയ പരുക്ക് മാത്രമെ അവർക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ആർക്കും ഒരു പോറൽ പോലും ഏല്ക്കാതെ പരിശുദ്ധ അമ്മ കാത്തുപരിപാലിച്ചു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ പെട്ടി ഓട്ടോ മരത്തിന്റെ കൊമ്പിൽ തങ്ങിനിന്നില്ലായിരുന്നെങ്കിൽ വലിയൊരു വിപത്ത്‌ നടന്നേനെ. ഒരുപക്ഷേ, ആ ചേട്ടന്മാർ മരിച്ചുപോയേനെ. കാരണം ആ മരത്തിന് താഴെയായി വലിയൊരു കുഴിയായിരുന്നു. ആരോ തടഞ്ഞുനിർത്തുന്നതുപോലെ രണ്ട് വണ്ടികളെയും പിടിച്ചുനിർത്തിയത് പരിശുദ്ധ അമ്മയാണെന്ന് ഞാൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നു.

പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും ഞങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. പരിശുദ്ധ അമ്മയുടെ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരായിരുന്നു. അമ്മയുടെ കരുതലിനും മാദ്ധ്യസ്ഥത്തിനും സംരക്ഷണത്തിനും കോടാനുകോടി നന്ദി.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.