അമ്മയനുഭവങ്ങൾ: 23

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സർവ്വ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു, കർത്താവ് കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു” (സങ്കീ. 34: 4-6).

ഇടവക വികാരിയായി ചുമതലയേറ്റ ശേഷമുള്ള രണ്ടാം വർഷത്തെ തിരുനാൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി അനുഭവങ്ങൾ എനിക്ക് പ്രദാനം ചെയ്തു. ദൈവപരിപാലനയുടെ ആഴവും വീതിയും നീളവും ഉയരവും എനിക്ക് ബോദ്ധ്യപ്പെടുത്തിയ ദിനരാത്രങ്ങളായിരുന്നു അവ.

ഇടവക ശുശ്രൂഷയോടൊപ്പം ബി എഡ് പഠനവും തുടരേണ്ടിയിരുന്നു. മുൻവർഷത്തെ തിരുനാളിന് പ്രദക്ഷിണ ദിവസമാണ് മഴ പെയ്തതെങ്കിൽ ഈ വർഷം പെരുന്നാളിന്റെ തുടക്കം മുതൽ മഴയായിരുന്നു. തിരുനാളിന്, മഴ വലിയ തടസ്സമില്ലാതെ കാര്യങ്ങൾ മുൻപോട്ട് പോയിക്കൊണ്ടിരുന്നു. അവസാനത്തെ രണ്ട് ദിനരാത്രങ്ങൾ വളരെ നിർണ്ണായകമായിരുന്നു. ശനിയാഴ്ച്ചയുള്ള തിരുനാൾ പ്രദക്ഷിണവും ഞായറാഴ്ച്ചയുള്ള ഗാനമേളയും. ശനിയാഴ്ച്ച ഉപവാസമെടുത്തു രാവിലെ മുതൽ കൊന്ത ചൊല്ലാൻ തുടങ്ങി. തലേ വർഷത്തെപ്പോലെ തന്നെ വിശുദ്ധ കുർബാന സമാപിച്ചപ്പോൾ മഴ മാറിനിന്നു.

ആറ്‌ കുടുംബ കൂട്ടായ്മകൾ ഇടവകയിൽ സജീമായി പ്രവർത്തിച്ചിരുന്നു. ഓരോ കൂട്ടായ്മയും പ്രദക്ഷിണത്തിനായി ഓരോ വാഹനങ്ങൾ ക്രമീകരിച്ചിരുന്നു. യുവജനങ്ങളും ഒരു വാഹനം ക്രമീകരിച്ചിരുന്നു. തിരുസ്വരൂപങ്ങൾ വഹിക്കുവാൻ ഇടവകയിൽ നിന്നും ഒരു വാഹനം, അങ്ങനെ അത്യാഢംബരപൂർവ്വം തിരുനാൾ പ്രദക്ഷിണം ആരംഭിച്ചു.

പ്രദക്ഷിണം ആരംഭിച്ച് അധികം മുൻപോട്ട് പോകുന്നതിനു മുൻപ് തന്നെ ഒരു വാഹനത്തിലെ ജനറേറ്റർ പണിമുടക്കി. അതിന്റെ പോരായ്മകൾ പരിഹരിച്ചു മുന്നേറുമ്പോൾ മറ്റൊരു വാഹനത്തിലെ ജനറേറ്ററിൽ നിന്നും ഇന്ധന ചോർച്ച അനുഭവപ്പെടാൻ തുടങ്ങി. അതും പരിഹരിച്ച് പ്രദക്ഷിണം തുടരുമ്പോൾ മറ്റൊരു വാഹനം എൻജിൻ ഓഫായി നിന്നു. അതും ശരിയാക്കിയശേഷം ദൈവമേ, ഇനിയും പരീക്ഷിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സഞ്ചരിക്കുമ്പോൾ അതുവരെ മാറിനിന്ന മഴ തന്റെ വരവറിയിച്ചുകൊണ്ട് മഴത്തുള്ളികൾ ഞങ്ങളുടെമേൽ വർഷിക്കാൻ തുടങ്ങി.

ഇത്രയേറെ തടസ്സങ്ങൾ നേരിട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി. എന്നാലും ജപമാല പ്രാർത്ഥന ഒരു ഘട്ടത്തിലും നിറുത്താതെ ചൊല്ലിക്കൊണ്ടേയിരുന്നു. മഴ മാറി. അന്നേ ദിവസം എല്ലാം ഭംഗിയായി നടന്നു. ഒരു തടസ്സവും നേരിട്ടില്ല. പരിശുദ്ധ അമ്മ ഞങ്ങളെ കൈവിടാതെ കൂടെ സഞ്ചരിച്ച നിമിഷങ്ങൾ. അങ്ങനെ ഒരു ദിവസത്തെ കഷ്ടതകൾ അവസാനിച്ചു.

ഞായറാഴ്ച്ചത്തെ ഗാനമേളയാണ് അടുത്ത തലവേദന. സാധാരണ രീതിയിൽ ഒട്ടുമിക്ക ഇടങ്ങളിലും ഗാനമേള കൂട്ടയടിയിലാണ് കലാശിക്കാറുള്ളത്. അതുകൊണ്ട് ചെറിയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. രാത്രി 9.30 -ന് ഗാനമേള ആരംഭിച്ചു. ദൈവാലയ മൈതാനത്തിന്റെ ഒരു കോണിലിരുന്നു കൊണ്ട് ഞാൻ ജപമാല ചൊല്ലാൻ തുടങ്ങി. ഗാനമേള സമാപിക്കുന്ന 12 മണി വരെ അതു തുടർന്നു. യാതൊരുവിധ തടസ്സങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ ഗാനമേള സമാപിച്ചു.

പരിശുദ്ധ അമ്മ മാതാവ് എന്റെ കൂടെ ആയിരുന്നുകൊണ്ട് എല്ലാം ഭംഗിയായി ക്രമീകരിച്ചു. ജീവിതത്തിലെ ഏത് നിർണ്ണായകഘട്ടങ്ങളെയും ഞാൻ ഇതുവരെ അതിജീവിച്ചിട്ടുള്ളത് പരിശുദ്ധ അമ്മയുടെ നിരന്തരമായ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടും നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടുമാണ്. എത്ര വലിയ പ്രതിസന്ധികളും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി നീങ്ങിപ്പോയതായാണ് അനുഭവം. “എന്റെ അമ്മേ, എന്റെ ആശ്രയമേ…”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.