അമ്മയനുഭവങ്ങൾ: 22

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും” (സുഭാ. 3: 5-6).

എന്റെ പ്രഥമ ഇടവക ദൈവാലയത്തോട് ചേർന്ന് ഒരു കുരിശടിയുണ്ട്. ഒരുപാട് വർഷങ്ങൾ പഴക്കമുള്ള കുരിശടി. മൂന്ന് അടുക്കായിട്ടാണ് അത് പണികഴിപ്പിച്ചിരുന്നത്. ഏറ്റവും മുകളിലായി ക്രിസ്തുരാജന്റെ തിരുസ്വരൂപവും രണ്ടാമത്തെ നിലയിലായി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും ഏറ്റവും താഴെയായി വി. ഗീവർഗ്ഗീസ് സഹദായുടെയും തിരുസ്വരൂപവും.

എല്ലാ വർഷവും മെയ് മാസ വണക്കത്തിനോട് അനുബന്ധിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ചെറിയ സ്വരൂപം കുരിശടിയുടെ മുൻപിൽ വച്ച് മെയ് മാസ വണക്കം നടത്തുന്ന ശീലം പുതിയ ദൈവാലയം പണികഴിപ്പിച്ച ബഹുമാനപ്പെട്ട വൈദികൻ തുടങ്ങിവച്ചിരുന്നു. എല്ലാ വർഷവും വളരെ ആഘോഷമായി അത് നടന്നുപോന്നിരുന്നു. എനിക്ക് തൊട്ടുമുൻപ് ശുശ്രൂഷ ചെയ്തിരുന്ന വൈദികന്റെ കാലത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം ഏറ്റവും താഴെയായും വി. ഗീവർഗ്ഗീസ് സഹദായുടെ തിരുസ്വരൂപം അതിന് മുകളിലായിട്ടും സ്ഥാപിക്കണമെന്ന ഇടവക ജനത്തിന്റെ ആവശ്യം ശക്തമായിരുന്നതിനാൽ അതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചപ്പോഴേക്കും അച്ചന് സ്ഥലം മാറ്റം വന്നു. പുതിയ വികാരിയായി ചുമതലയേറ്റ എനിക്കായി പിന്നെ കുരിശടി നവീകരണത്തിന്റെ ഉത്തരവാദിത്വം.

പരിശുദ്ധ അമ്മയുടെ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് ഇടവകക്കാരുടെ പൂർണ്ണപിന്തുണയോടെ പണികൾ ആരംഭിച്ചു. സെപ്റ്റംബർ മാസം എട്ടാം തീയതി കുരിശടി വെഞ്ചരിപ്പും തീരുമാനിച്ചു. എല്ലാ പണികളും ഏകദേശം പൂർത്തിയായി. ഇനിയുള്ളത് പെയിന്റിംഗ് ജോലിയാണ്.

പെയിന്റിംഗ് ജോലികൾ പൂർത്തിയാകുന്ന ദിനം അപ്രതീക്ഷിതമായി മാനം കറുത്തു. ആ സമയം മഴ പെയ്താൽ അതുവരെ അടിച്ച പെയിന്റ് ഉണങ്ങിയിട്ടില്ലാത്തതിനാൽ കുരിശടി മുഴുവൻ അലങ്കോലമാകും. തൊട്ടടുത്ത ദിവസം വെഞ്ചരിപ്പാണ്. ആകെ തകർന്നുപോയ നിമിഷങ്ങൾ. ജപമാല കരങ്ങിലെടുത്ത് ആകാശത്തിലേക്ക് നോക്കി ജപമാല പ്രാർത്ഥന ചൊല്ലിത്തുടങ്ങി. ജപമാലയുടെ അവസാന ദിവ്യരഹസ്യം അവസാനിക്കുമ്പോഴേക്കും പെട്ടെന്ന് ഒരു കാറ്റു വന്ന് മഴമേഘങ്ങളെ ദൂരേക്ക്‌ എങ്ങോട്ടോ ആട്ടിപ്പായിച്ചു കൊണ്ടുപോയി. ആകാശം തെളിഞ്ഞു. അന്ന് രാത്രി വരെ പെയിന്റിംഗ് ജോലികൾ തുടർന്നു.

അതേസമയം ഈ കുരിശടിയോട് ചേർന്നുള്ള എല്ലാ പ്രദേശങ്ങളിലും അന്ന് നല്ല മഴ പെയ്തു. പരിശുദ്ധ അമ്മ മാതാവ് കൂടെ നിന്ന് പരിപാലിച്ച നിമിഷങ്ങൾ. മറ്റൊരു അത്ഭുതം, സ്ഥിരം അപകടങ്ങൾ നടക്കുന്ന ഒരു നാൽക്കവലയായിരുന്നു അത്. പരിശുദ്ധ അമ്മയ്ക്ക് ആ കുടിശടി സമർപ്പിച്ച് ദിനവും ജപമാല ചൊല്ലി ഇടവക ജനങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങിയശേഷം വാഹനാപകടങ്ങൾ എന്നന്നേയ്ക്കുമായി നിലച്ചു.

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നവർ, പ്രതീക്ഷയുടെ വിളക്ക് കൂരിരുട്ടിൽ അണഞ്ഞുപോയതിനെപ്രതി ഭാരപ്പെടുന്നവർ, ആശ്രയിക്കാനാരുമില്ല; അഭയം പ്രാപിക്കാൻ ഒരിടമില്ലാ എന്നോർത്ത് നഷ്ടധൈര്യരാകുന്നവർ, ആർക്കും എന്നെ വേണ്ടാ; ഞാൻ ഒന്നിനും കൊള്ളരുതാത്തവൻ/ ൾ എന്ന്‌ സ്വയം ചിന്തിച്ച് മനസ്സമാധാനം നഷ്ടമാക്കുന്നവരൊക്കെ പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിക്കാൻ ഒരിക്കലും വിമുഖത കാണിക്കരുത്.

തന്നെ നിരന്തരം വിളിച്ചപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് ദൈവമാതാവ്. ആ അമ്മയുടെ ചിറകിൻകീഴിൽ നമുക്ക് അഭയം തേടാം. നമ്മെ പൂർണ്ണമായും അമ്മയ്ക്ക് ഭരമേല്പിക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.