അമ്മയനുഭവങ്ങൾ: 21

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“തളർന്നവന് അവിടുന്ന് ബലം നൽകുന്നു; ദുർബലന് ശക്തി പകരുകയും ചെയ്യുന്നു. യുവാക്കൾ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം; ചെറുപ്പക്കാർ ശക്തിയറ്റു വീഴാം. എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശയ്യാ 40: 29-31).

മതബോധന(വേദപാഠം) വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും രൂപതയിൽ മത്സരങ്ങൾ നടത്തുന്ന പതിവുണ്ട്. ആദ്യം ഇടവകതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച് അതിൽ വിജയികളാകുന്നവരെ ഫൊറോനാ തലത്തിലും അതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവരെ രൂപതാതലത്തിലും മത്സരിപ്പിക്കുകയാണ് പതിവ്. രൂപതയിലെ മതബോധന വകുപ്പാണ് മത്സരങ്ങളെല്ലാം ഭംഗിയായി ക്രമീകരിക്കുന്നതും സംഘടിപ്പിക്കുന്നതും. ഞാൻ വികാരിയായി ചുമതലയേറ്റ ഇടവകയിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും ഫൊറോനാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിച്ചേരുന്ന പതിവുണ്ട്. അത്യന്തം വീറും വാശിയും നിറഞ്ഞതാണ് ഓരോ മത്സരങ്ങളും. മാസങ്ങൾ നീണ്ടുനില്‍ക്കുന്ന കഠിനമായ പരിശീലനവും പ്രയത്‌നവും എല്ലാ ഇടവകകളും കുഞ്ഞുങ്ങൾക്ക് നല്‍കാറുണ്ട്.

ഞാൻ സേവനമനുഷ്ഠിക്കുന്ന ഇടവകയിലെ കുഞ്ഞുങ്ങളും നല്ലവണ്ണം മത്സരങ്ങൾക്ക് തയ്യാറായി. ആദ്യം നടത്തപ്പെട്ടത് എഴുത്തുമത്സരങ്ങളായിരുന്നു. കഥ, കവിത, ഉപന്യാസം, ചിത്രരചന എന്നീ മത്സരങ്ങളുടെ ഫലം വന്നപ്പോൾ ആകെ മത്സരിച്ച ഏഴ് ഇടവകകളിൽ ആറാം സ്ഥാനമാണ്‌ എന്റെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. നിരാശയോടെയും കണ്ണുനീരോടെയും എല്ലാ കുഞ്ഞുങ്ങളും അദ്ധ്യാപകരും എന്റെ അടുക്കൽ വന്നു. ആ ഇടവകയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയ തോൽവി സംഭവിച്ചത്. ഇനിയുള്ള മത്സരങ്ങൾക്ക് പോകുന്നില്ലെന്നും ഇനി മത്സരിക്കാനുള്ള മനോബലം ഇല്ലെന്നും അവർ ഒന്നടങ്കം പറഞ്ഞു. അത്രമാത്രം മാനസികമായും ശാരീരികമായും അവർ തളർന്നുപോയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഏറ്റ പരാജയം അവരെയെല്ലാം അക്ഷരാർത്ഥത്തിൽ തകർത്തുതരിപ്പണമാക്കിയെന്നു തന്നെ പറയാം.

പരിശുദ്ധ അമ്മ തന്നിൽ അഭയം പ്രാപിക്കുന്ന തന്റെ മക്കളെ ഒരിക്കലും കൈവിടില്ലെന്ന് ബോദ്ധ്യമുള്ള ഞാൻ അവരെ ഉത്സാഹപ്പെടുത്തി. പരാജയത്തിന്റെ മുൻപിൽ പകച്ചുനില്‍ക്കാതെ നിതാന്തപരിശ്രമത്തിലൂടെ മുന്നോട്ട് കുതിക്കുവാനുള്ള ശക്തി ദൈവം നമുക്ക് നല്‍കിയിട്ടുണ്ടെന്നും; എത്ര പുറകിലായിരുന്നാലും ആദ്യസ്ഥാനങ്ങൾ നിരന്തരമായ സന്ധിയില്ലാസമരത്തിലൂടെ നേടിയെടുക്കാനാകുമെന്നും പറഞ്ഞു മനസ്സിലാക്കാനും ഊർജ്ജം പകരാനും എനിക്കായി.

എന്റെ കുഞ്ഞുങ്ങളെ മുഴുവൻ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഞാൻ സമർപ്പിച്ചു. ജപമാല കൂടുതൽ തീക്ഷ്ണതയോടെ ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. എല്ലാ ദിവസവുമുള്ള വിശുദ്ധ ബലിയിലും എന്റെ വ്യക്തിപരമായ പ്രാർത്ഥനയിലും ഊണിലും ഉറക്കത്തിലും അവരുടെ വിജയത്തിനുവേണ്ടി ഞാൻ ദൈവത്തോട് യാചിച്ചുകൊണ്ടിരുന്നു. എല്ലാ മതാദ്ധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മുഴുവൻ കുഞ്ഞുങ്ങളെ വീറോടും വാശിയോടും കൂടെ പരിശീലിപ്പിക്കാൻ മാറ്റിവച്ചു.

അങ്ങനെ പ്രധാനപ്പെട്ട മത്സരദിവസം വന്നെത്തി. പാട്ട്, പ്രസംഗം, മോണോ ആക്ട്, പ്രച്ഛന്നവേഷം, നൃത്തം, ബൈബിൾ വായന എന്നീ വ്യക്തിപരമായ മത്സരങ്ങളും സമൂഹഗാനം, സമൂഹനൃത്തം, നാടകം എന്നീ ഗ്രൂപ്പ് ഐറ്റ മത്സരങ്ങളും നടന്നു. വൈകുന്നേരം മത്സരഫലം വന്നപ്പോൾ എന്റെ കുഞ്ഞുങ്ങൾ ഫൊറോനാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വിജയം കുറിച്ചു. ആനന്ദകണ്ണുനീരോടെയാണ് ഞാനും കുഞ്ഞുങ്ങളും അദ്ധ്യാപകരും ആ വിജയമാഘോഷിച്ചത്.

പരിശുദ്ധ അമ്മയ്ക്ക് പൂർണ്ണമനസ്സോടെ സമർപ്പിക്കുന്ന ഏത് കാര്യങ്ങളും എത്ര പ്രയാസം നിറഞ്ഞതാണെങ്കിലും സാധിക്കുമെന്നതാണ് ഈ എളിയവന്റെ ഈ നിമിഷം വരെയുള്ള ജീവിതസാക്ഷ്യവും അനുഭവവും. പരിശുദ്ധ അമ്മയ്ക്ക് നമ്മെ പരിപൂർണ്ണമായും സമർപ്പിക്കാം. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത്‌ നമുക്ക് നേടിയെടുക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.