അമ്മയനുഭവങ്ങൾ: 20

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“അവിടുത്തെ വലതുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും” (ജ്ഞാനം 5:16).

2015 ജനുവരി 1 -ന് വലിയൊരു ആപത്തിൽ നിന്നും പരിശുദ്ധ മാതാവ് എന്നേയും മൂന്ന് സഹവൈദികരേയും രക്ഷിച്ചു. അന്നേ ദിവസം രാവിലെ പതിവു പോലുള്ള വിശുദ്ധ കുർബാനയ്‌ക്കു ശേഷം പുതുവർഷമായതുകൊണ്ട് ഒരു വിനോദയാത്ര പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറെയേറെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. പുറത്തു നിന്നും ഭക്ഷണം കഴിച്ചു. വൈകുന്നേരം 7 മണിയോടെ സ്വന്തം ഇടവകകളിൽ എത്തിച്ചേരാനായി തിരികെ യാത്രയാരംഭിച്ചു.

എന്റെ സുഹൃത്തായ വൈദികനായിരുന്നു വാഹനമോടിച്ചിരുന്നത്. സാവധാനമാണ്‌ അച്ചൻ വണ്ടി ഓടിച്ചിരുന്നത്. വൈകുന്നേരം ഏകദേശം 6 മണി കഴിഞ്ഞിട്ടുണ്ടാകും, എല്ലാവരും തമാശ പറഞ്ഞും ചിരിച്ചും യാത്ര തുടരുമ്പോൾ ഒരു വളവിൽ എത്തിയപ്പോഴേക്കും പെട്ടെന്ന് അവിചാരിതമായി വാഹനം നിയന്ത്രണം വിട്ട് നേരെ എതിർദിശയിലോട്ട് യു ടേൺ ഇട്ടതുപോലെ പാഞ്ഞു. മറുവശത്തു നിന്നു വരികയായിരുന്ന ഒരു ഓട്ടോറിക്ഷയിൽ ചെന്നിടിച്ചു നിന്നു. ആ ഓട്ടോ ഓടിച്ചിരുന്നയാൾക്ക് പരിക്കു പറ്റിയെങ്കിലും ഓട്ടോ മറിഞ്ഞില്ല.

കാറിന് ചെറിയ കേടുപാടുകൾ ഉണ്ടായി എന്നതൊഴികെ ഞങ്ങൾ നാലുപേർക്കും ഒരു പോറൽ പോലും സംഭവിച്ചില്ല. മറ്റൊരു കാര്യം ഞങ്ങൾ കടന്നുവന്നു കൊണ്ടിരുന്നത് ഒരു ദേശീയപാതയിലൂടെയാണ്. അതിന്റെ ഒരു വശം കുളവും മറുവശം പാടവുമായിരുന്നു. ഒരുപക്ഷേ, വാഹനം നിയന്ത്രണം വിട്ട് ഏതെങ്കിലും വശങ്ങളിൽ പതിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് ജീവൻ തന്നെ നഷ്ടമായേനെ. ആ ഓട്ടോറിക്ഷയും പാടത്തേക്ക് പതിക്കാതെ റോഡിന്റെ വരമ്പിലായി ആരോ പിടിച്ചുനിർത്തിയതു പോലെ നിന്നു.

ആ ഓട്ടോ ഡ്രൈവറെയും കൂട്ടിക്കൊണ്ട് പെട്ടെന്നു തന്നെ അടുത്തുള്ള ഒരു ആശുപത്രയിൽ ചെന്നു. അദ്ദേഹത്തിനും നിസ്സാരമായ പരുക്കുകളെയുള്ളൂ എന്നറിഞ്ഞപ്പോഴാണ് മനഃസമാധാനം വന്നത്. ഞങ്ങളുടെ യാത്ര ആരംഭിച്ചപ്പോൾ തന്നെ ജപമാല ചൊല്ലി ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു. പരിശുദ്ധ അമ്മ മാതാവ് ഞങ്ങൾ ഓരോരുത്തരെയും തന്റെ കരതാരിൽ ചേർത്തുപിടിച്ചതു കൊണ്ടാണ് ഞങ്ങൾ ഒരു പോറൽ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടത്.

ആ ദേശീയപാതയിൽ ഞങ്ങളുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വിപരീതദിശയിലേക്ക് പെട്ടെന്ന് തെന്നിമാറിയപ്പോൾ ഏതെങ്കിലും ഒരു വാഹനം അതിലെ കടന്നുവന്നിരുന്നുവെങ്കിലും വലിയൊരു കൂട്ടിയിടി അവിടെ നടന്നേനെ. എന്നാൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് യാത്ര തുടങ്ങിയതിനാലാണ് അത്ഭുതകരമായി മരണത്തിന്റെ വായിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടത്.

ഈ ഒരു വലിയ അപകടത്തിനു ശേഷം എല്ലാ യാത്രകളിലും പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന കാര്യത്തിൽ ഞാൻ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഇന്നും ഏത് വാഹനത്തിൽ കയറുമ്പോഴും വിശുദ്ധ കുരിശ് വരയ്ക്കാനും പരിശുദ്ധ അമ്മയുടെ സംരക്ഷണം ഉറപ്പു വരുത്താനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

“എന്റെ പരിശുദ്ധ അമ്മേ, എന്നേയും എന്റെ സകല പ്രവർത്തനങ്ങളെയും അമ്മയുടെ വിമലഹൃദയത്തിന് ഞാൻ സമർപ്പിക്കുന്നു. എന്റെ ജീവിതയാത്രയിൽ വഴിതെറ്റാതെ എന്നും നീ എന്നെ നിന്റെ വിമലഹൃദയത്തോട് ചേർത്തു പൊതിഞ്ഞു സംരക്ഷിക്കണമേ, ആമ്മേൻ.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.