അമ്മയനുഭവങ്ങൾ: 19

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“അതിനാൽ, ഞാൻ പറയുന്നു: പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ; നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും” (മർക്കോ. 11:24).

എന്റെ ജീവിതത്തിലെ ഇടവക വികാരിയായിട്ടുള്ള ആദ്യത്തെ തിരുനാൾ. ഒരുപാട് പ്രാർത്ഥിച്ചൊരുങ്ങി എല്ലാ ഇടവകക്കാരുടെയും സഹകരണത്തോടെ ഭംഗിയായി തിരുനാൾ കൊടിയേറ്റി ആരംഭിച്ചു വച്ചു. 7 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തിരുനാൾ. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ജീവിതനവീകരണ ധ്യാനം ഉണ്ടായിരുന്നു. എല്ലാ ഇടവകക്കാരും ഭക്തിപുരസ്സരം പെരുന്നാളിൽ പങ്കുചേർന്നു പോന്നു.

ശനിയാഴ്‌ചയാണ്‌ പ്രദക്ഷിണം. തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തിരുനാൾ പ്രദക്ഷിണം. പതിവില്ലാതെ അന്നേ ദിവസം രാവിലെ മുതൽ ശക്തമായ മഴ ആരംഭിച്ചു. തിരുനാൾ കമ്മിറ്റി അംഗങ്ങൾ എന്റെ അടുക്കൽ വന്നു പറഞ്ഞു, ഇന്ന് പ്രദക്ഷിണം നടക്കുമെന്ന് തോന്നുന്നില്ല; മഴ തോരുന്ന ലക്ഷണമില്ല. രാവിലെ മുതൽ വെള്ളം മാത്രം കുടിച്ചുകൊണ്ട് ഞാൻ ഉപവസിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. എന്റെ പരിശുദ്ധ അമ്മ എന്നെ ഉപേക്ഷിക്കില്ലെന്ന ഉത്തമ ബോദ്ധ്യം എനിക്കുണ്ടായിരുന്നു. എന്നാൽ എന്റെ വിശ്വാസത്തെ ശക്തമായി പരീക്ഷിക്കുന്നതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ മഴ പൂർവ്വാധികം ശക്തിയോടെ കോരിച്ചൊരിയാൻ തുടങ്ങി.

വിശുദ്ധ കുർബാന ആരംഭിച്ചു. കുർബാന കഴിഞ്ഞാലുടൻ പ്രദക്ഷിണമാണ്. എന്റെ മനസ്സിൽ അപ്പോഴും ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു, ഈ മഴ മാറും; തിരുനാൾ പ്രദക്ഷിണം നടക്കും. അങ്ങനെ വിശുദ്ധ കുർബാനയുടെ അവസാനത്തെ ആശീർവാദ സമയത്തും മഴ തോർന്നിട്ടില്ല. എന്നാൽ വിശുദ്ധ കുർബാന കഴിഞ്ഞയുടൻ ആരോ പിടിച്ചുനിർത്തിയതു പോലെ മഴ നിന്നു; മാനം തെളിഞ്ഞു. എല്ലാ ഇടവകക്കാരുടെയും മുഖത്ത് പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.

തിരുനാൾ പ്രദക്ഷിണം ഭക്തിയോടെ ആരംഭിച്ചു. എല്ലാവരും പ്രാർത്ഥനാപൂർവ്വം മെഴുകുതിരികൾ കൈകളിലേന്തിക്കൊണ്ട് പ്രദക്ഷണത്തിൽ പങ്കാളികളായി. മറ്റൊരു അത്ഭുതവും കൂടെ അന്ന് സംഭവിച്ചു. തിരുനാൾ പ്രദക്ഷിണത്തിനു വേണ്ടി നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും അന്നേ രാത്രിയിൽ ശക്തമായ മഴ പെയ്തു. രാത്രി 11 മണിയോടെ പ്രദക്ഷിണം ദൈവാലയത്തിൽ അവസാനിച്ചു. 11. 30 -ന് എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങിയശേഷം വീണ്ടും മഴ പെയ്തു.

ഒരുപക്ഷേ, പലർക്കും ഇത് അവിശ്വസനീയമായി തോന്നിയേക്കാം എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച മാതൃസ്നേഹമാണിത്. ആ പ്രദേശത്തുള്ള എല്ലാ മനുഷ്യരിലും ദൈവിക ഇടപെടൽ ദർശിക്കാൻ മാതാവ് ഇടയാക്കിയ ഒരു സംഭവം.

പരിശുദ്ധ അമ്മയുടെ നിരന്തര സാന്നിദ്ധ്യവും സംരക്ഷണവും കോട്ടയും നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ എത്ര വലിയ അത്ഭുതങ്ങൾക്കും നമുക്ക് സാക്ഷ്യം വഹിക്കാനാവും. പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയ്ക്കും മാദ്ധ്യസ്ഥത്തിനും ഈ ലോകത്തിലുള്ള ഏത് മനുഷ്യന്റെയും പ്രാർത്ഥനയേക്കാളും ദൈവസന്നിധിയിൽ ശക്തിയുണ്ട്. പരിശുദ്ധ അമ്മയിൽ നിരന്തരം അഭയം തേടാം, ജീവിതത്തിൽ എന്നും അമ്മയെ കൂടെ കൂട്ടാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.