അമ്മയനുഭവങ്ങൾ: 18

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെ വച്ച് ഓർത്താൽ, കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക. പിന്നെ വന്ന് കാഴ്ച്ചയർപ്പിക്കുക” (മത്തായി 5: 23-24).

ഞാൻ ഇടവക വികാരിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പെരുന്നാൾ ദിനങ്ങൾ എത്തി. എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. മുൻവർഷങ്ങളിൽ സംഭവിച്ച പോരായ്മകൾ ഒഴിവാക്കാൻ എല്ലാ ഇടവകാംഗങ്ങളുടെയും പെരുന്നാൾ കമ്മിറ്റി അംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു.

തലേ വർഷത്തെ വലിയ പോരായ്മയായി അവരെല്ലാവരും ചൂണ്ടിക്കാണിച്ചത്, ശബ്ദവും വെളിച്ചവുമായി ബന്ധപ്പെട്ട് വാടകയ്ക്ക് എടുത്തിരുന്ന ജനറേറ്ററിന് ആവശ്യമായ ഡീസൽ എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തി അത് കൃത്യമായി നിർവഹിക്കാത്തതിനാൽ തിരുനാൾ കുർബാനകളുടെ ഇടയ്ക്ക് വൈദ്യതിബന്ധം നിലച്ചപ്പോൾ ദൈവാലയവും പരിസരവും ചുരുങ്ങിയ നേരത്തേക്കാണെങ്കിലും ഇരുട്ടിലായി എന്നതാണ്.

ഈ വർഷം അതേ തെറ്റ് ആവർത്തിക്കരുതെന്ന നല്ല ഉദ്ദേശത്തോടെ ഞാൻ ഞായറാഴ്ച്ച കുർബാനയ്‌ക്കു ശേഷമുള്ള പൊതു അറിയിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചു. തലേ വർഷം ആ ഉത്തരവാദിത്വത്തിൽ വീഴ്ച്ച വരുത്തിയ വ്യക്തി ദൈവാലയത്തിനു പുറത്തിറങ്ങി ബഹളം വയ്ക്കാൻ തുടങ്ങി. വികാരിയച്ചനെയും തിരുനാൾ കമ്മിറ്റിക്കാരെയും ചീത്ത വിളിച്ചു. ഇനി ഇടവക ദൈവാലയത്തിലോട്ട് ഇല്ലെന്നു പറഞ്ഞു ദേഷ്യത്തോടെ വീട്ടിലേക്ക് പോയി.

ഇത് അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി. ആ ചേട്ടനെ എങ്ങനെയും അനുനയിപ്പിക്കണമെന്ന് തീരുമാനിച്ചു. ആ ചേട്ടന്റെ വീട്ടിലോട്ട് തിരിച്ചു. പലരും എന്നെ നിരുത്സാഹപ്പെടുത്തി. ഒരുപക്ഷേ, അച്ചനെ ഇനിയും ചീത്ത വിളിക്കാം, വീട്ടിൽ കയറ്റാതിരിക്കാം. അത്രമാത്രം അപമാനിതനായാണ് അദ്ദേഹം പോയിരിക്കുന്നത്.

ജപമാല കരങ്ങളിൽ എടുത്ത് കൊന്ത ചൊല്ലിക്കൊണ്ടാണ് ഞാൻ ആ വീട് ലക്ഷ്യമാക്കി സഞ്ചരിച്ചത്. ആ ചേട്ടൻ എങ്ങനെ പ്രതികരിച്ചാലും സാരമില്ല, ആ കുടുംബം നഷ്ടപ്പെടരുതെന്ന ഒറ്റ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

ഞാൻ ആ വീട്ടിലേക്ക് കയറിച്ചെന്നതും ആ ചേട്ടൻ എന്റെ നേരെ ഓടിവന്നു. ഞാൻ ആ ചേട്ടന്റെ മുൻപിൽ മുട്ടുകുത്തി മാപ്പ് ചോദിച്ചു. എന്നെ ആട്ടിപ്പായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച വ്യക്തി എന്നോടൊപ്പം മുട്ടികുത്തി എന്നെ ചീത്ത വിളിച്ചതിനു മാപ്പിരന്നു. ചേട്ടനെയോ അല്ലെങ്കിൽ മറ്റാരെയോ മുറിപ്പെടുത്തണമെന്ന ഉദ്ദേശം എനിക്കില്ലായിരുന്നു. തിരുനാൾ ഭംഗിയായി നടത്തണമെന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്റെ വാക്കുകൾ മുറിപ്പെടുത്തിയെങ്കിൽ ചേട്ടന്റെ ഒരു സ്വന്തം അനിയനായി എന്നെ കണ്ട് എന്റെ അവിവേകം പൊറുക്കണമെന്ന് ഞാൻ അപേക്ഷിച്ചു.

തിരുനാളിന്റെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് തന്നു. അവർക്കു വേണ്ടി പ്രാർത്ഥിച്ച് പള്ളിയിലേക്ക് തിരികെ സഞ്ചരിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമയും സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത ആനന്ദവും എനിക്കനുഭവപ്പെട്ടു. ഞാൻ ആ ഇടവകയിൽ സേവനമനുഷ്ഠിച്ച 2 വർഷക്കാലവും എന്റെ കൂടെ എല്ലാ കാര്യത്തിനും മുൻപന്തിയിൽ തന്നെ ആ ചേട്ടനുണ്ടായിരുന്നു.

എന്നാൽ ഞാൻ ആർക്കു മുൻപിലും തോൽക്കില്ല, ആ ചേട്ടൻ സൗകര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ വരട്ടെയെന്ന് എന്നിലെ ഈഗോ എന്നെ തടഞ്ഞിരുന്നുവെങ്കിൽ ഒരു കുടുംബത്തെ തന്നെ എന്നന്നേയ്ക്കുമായി എനിക്ക് നഷ്ടമായേനെ. എന്നെ എളിമപ്പെടാനും താണുകൊടുക്കാനും മാപ്പിരക്കാനും സഹായിച്ച പരിശുദ്ധ അമ്മയ്ക്ക് ഈ ജീവിതം തന്നെ നന്ദിയായി സമർപ്പിക്കുന്നു.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.