അമ്മയനുഭവങ്ങൾ: 17

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും” (ഏശയ്യാ 45:2-3).

ഞാൻ സേവനമനുഷ്ഠിച്ചിരുന്ന ഇടവകയുടെ കീഴിൽ ഒന്നാം ക്ലാസ്സു മുതൽ മുതൽ എട്ടാം ക്ലാസ്സു വരെയുള്ള ഒരു തമിഴ് മീഡിയം സ്കൂൾ ഉണ്ട്. ഞാൻ ഉത്തരവാദിത്വം ഏറ്റെടുത്ത ആദ്യവർഷം എല്ലാ വിദ്യാർത്ഥികളെയും ഒരു വിനോദയാത്രയ്ക്ക് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ കൊണ്ടുപോയി. കുറച്ചു കുട്ടികൾ മൊബൈൽ ഫോൺ കൈയ്യിൽ കരുതിയിരുന്നു. അതിൽ ഒരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. മോഷ്ടിച്ച കുട്ടിയെ കൈയ്യോടെ പിടികൂടി ഹെഡ്മിസ്ട്രെസ്സിന്റെ അടുക്കൽ എത്തിച്ചുവെങ്കിലും അവൻ മോഷ്ടിച്ചുവെന്ന് സമ്മതിച്ചില്ല. അങ്ങനെ സ്കൂളിന്റെ ലോക്കൽ മാനേജരായ എന്റെയടുക്കൽ ഈ കേസ് എത്തി.

മൊബൈൽ കാണാതെ പോയതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിദ്യാർത്ഥികളെയും തനിച്ചുതനിച്ച് ചോദ്യം ചെയ്തപ്പോൾ മോഷണം നടന്നതും എടുത്ത കുട്ടിയെ തിരിച്ചറിഞ്ഞതും സിസ്റ്ററിനെ അറിയിച്ചതും സത്യമാണെന്നു ബോദ്ധ്യമായി. മൊബൈൽ എടുത്ത കുട്ടി ചെയ്ത തെറ്റ് അംഗീകരിച്ചു. മൊബൈൽ വീട്ടിൽ ഉണ്ടെന്നും വീട്ടിൽ ചെന്നാൽ എടുത്തു തരാമെന്നും സമ്മതിച്ചു.

ഞാനും ഹെഡ്മിസ്ട്രസ്സ് സിസ്റ്ററും ഒരു ഓട്ടോയിൽ അവനേയും കൂട്ടി അവന്റെ വീട്ടിലേക്ക് തിരിച്ചു. അതൊരു ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പായിയുന്നു. വീട്ടിൽ ചെല്ലുമ്പോൾ മദ്യപിച്ചു ലക്കു കെട്ട് നിലത്ത് കിടന്നുറങ്ങുന്ന അവന്റെ അപ്പനെയാണ് കണ്ടത്. അപ്പനെ വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ഉടനെ ഞങ്ങളോടൊപ്പം വന്ന കുട്ടിയുടെ മുഖഭാവം മാറി. വികാരിയച്ചനും ഹെഡ്മിസ്ട്രസ്സ് സിസ്റ്ററും ചേർന്ന് ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് സമ്മതിപ്പിച്ചതാണെന്നും താൻ മൊബൈൽ മോഷ്ടിച്ചിട്ടില്ലായെന്നും അവൻ കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി. ആ ക്യാമ്പിലുള്ള എല്ലാവരും ഞങ്ങൾക്കെതിരെ തിരിഞ്ഞു. ആകെ പ്രശ്നമായി. ഞാനും സിസ്റ്ററും ഒരുവിധം അവിടെ നിന്നും രക്ഷപെട്ട് സ്കൂളിൽ എത്തി.

ശ്രീലങ്കൻ അഭയാർത്ഥികളുടെ നേതാവ്‌ സിസ്റ്ററിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. അടുത്ത ദിവസം തന്നെ സ്കൂൾ മാനേജരായ വൈദികനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെടുമെന്നും ഒരു അഭയാർത്ഥിയായ കുഞ്ഞിനെ കള്ളനാക്കി മുദ്ര കുത്തിയതിന് വൈദികന്റെ ഫോട്ടോ സഹിതം എല്ലാ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും വാർത്ത കൊടുക്കുമെന്നുമായിരുന്നു ഭീഷണി. രൂപതയുടെ സ്കൂൾ കോർപ്പറേറ്റ് മാനേജരായ അച്ചൻ പല തരത്തിലും കേസ് പിൻവലിപ്പിക്കാനുള്ള നീക്കം നടത്തിനോക്കി. ആ നേതാവ്‌ അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല. ഹെഡ്മിസ്ട്രസ്സ് സിസ്റ്ററിന്റെ ഫോണിലേക്ക് നിരവധി രാഷ്ട്രീയക്കാരിൽ നിന്നും ഭീഷണിയുടെ സ്വരത്തിലുള്ള കോളുകൾ വന്നുകൊണ്ടേയിരുന്നു.

കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്ക് മനസിലായി. ഇനി ആർക്കും എന്റെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. അടുത്ത ദിവസം എന്ത്‌ സംഭവിക്കുമെന്നോ ഏതൊക്കെ അവസ്ഥയിലൂടെ ഞാൻ കടന്നുപോകേണ്ടി വരുമോ എന്നറിയാത്ത വല്ലാത്ത ഒരു മാനസിക പിരിമുറുക്കം. വൈദികരുടെ ഒരു ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഒരു വൈദികൻ പറഞ്ഞ സംഭവം പെട്ടെന്ന് എന്റെ ഓർമ്മയിൽ വന്നു – ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധിയെയും തരണം ചെയ്യാൻ വിശുദ്ധ കുർബാനയുടെ മുൻപിൽ ഇരുന്നാൽ സാധിക്കും. അതും 3 മണിക്കൂർ തുടർച്ചയായി ചിലവഴിച്ചാൽ എത്ര വലിയ പ്രശ്നങ്ങൾക്കും പരിഹാരം ലഭിച്ചിരിക്കും.

വൈകുന്നേരം 7 മണിയായപ്പോൾ ഞാൻ എന്റെ മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കി മുറിയിൽ വച്ചശേഷം ദൈവാലയത്തിൽ കയറി അകത്തു നിന്നും പൂട്ടിയശേഷം വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് 3 മണിക്കൂർ നേരം കൊന്ത ചൊല്ലി പ്രാർത്ഥിച്ചു. പലരും എന്നെ തിരക്കി വന്നെങ്കിലും ഞാൻ ദിവ്യകാരുണ്യ ആരാധന പൂർത്തിയാക്കിയ ശേഷം 10 മണിക്ക് മാത്രമാണ് ദൈവാലയത്തിന് പുറത്തേക്കു വന്നത്.

ഫോണിൽ ഒരുപാട് മിസ്സ്‌ഡ് കോളുകൾ കണ്ട് ഹെഡ്മിസ്ട്രസ്സ് സിസ്റ്ററിനെ തിരികെ വിളിച്ചപ്പോൾ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു: “അച്ചാ, എന്ത്‌ സംഭവിച്ചു എന്നറിയില്ല. ആ നേതാവ്‌ 9 മണിയൊക്കെ ആയപ്പോൾ വിളിച്ചിട്ട് യാതൊരു പരാതിയുമില്ലെന്നും കേസ് കൊടുക്കുന്നതിൽ നിന്നും അവർ പിന്മാറിയെന്നും അറിയിച്ചു. ഭീഷണിപ്പെടുത്തി നേരത്തെ സംസാരിച്ചതിന് മാപ്പും ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.”

വിശുദ്ധ കുർബാനയുടെ മുൻപിൽ ഞാനൊഴുക്കിയ കണ്ണുനീരിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് എന്നെ എന്റെ നല്ല ദൈവം ബോദ്ധ്യപ്പെടുത്തിയ നിമിഷങ്ങൾ. എത്രമാത്രം നന്ദി പറഞ്ഞാലും തമ്പുരാന്റെ കരുണയ്ക്കും കരുതലിനും സംരക്ഷണത്തിനും തക്കസമയത്തെ ഇടപെടലിനും ഈടു നല്കാൻ ഈ കൊച്ചുജീവിതം മാത്രമേ ബാക്കിയുള്ളൂ.

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ…
നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ…

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,
ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.