അമ്മയനുഭവങ്ങൾ: 16

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“കർത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ പണ്ടേ മൂകതയുടെ ദേശത്ത്‌ എത്തുമായിരുന്നു. എന്റെ കാൽ വഴുതുന്നു എന്ന്‌ ഞാൻ വിചാരിച്ചപ്പോഴേക്കും കർത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിർത്തി. എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർദ്ധിക്കുമ്പോൾ അങ്ങ് നൽകുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.” (സങ്കീ. 94:17-19).

ദിവ്യകാരുണ്യ ഈശോയുടെ സജീവസാന്നിദ്ധ്യം വെളിപ്പെട്ട ഒരു അനുഭവം എന്റെ ആദ്യ ഇടവകയിൽ എനിക്കുണ്ടായി. പരിശുദ്ധ അമ്മയുടെ കരതാരിൽ എനിക്ക് അമ്മ അഭയം തന്ന ഒരു ശ്രേഷ്ഠമായ അനുഭവം. ഇടവക ദൈവാലയത്തിൽ നിന്നും അധികം അകലെയല്ലാതെ ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു. അവിടെയുള്ള പൂജാരിയുമായും ഹിന്ദുമത വിശ്വാസികളായ സഹോദരങ്ങളോടും നല്ല ബന്ധമാണ് ഞാനും എന്റെ ഇടവക ജനവും പുലർത്തിയിരുന്നത്. എല്ലാ ക്രിസ്തുമസ്സിനും ഞങ്ങളെക്കൊണ്ട് അവര്‍ ക്ഷേത്രനടയിൽ കരോൾ ഗാനങ്ങൾ പാടിപ്പിക്കുമായിരുന്നു. ഹിന്ദുമത വിശ്വാസികളായ സഹോദരങ്ങളും അവരുടെ വീടുകളിൽ കരോൾ ഗാനങ്ങൾ പാടിപ്പിക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. ദൈവാലയത്തിൽ നടക്കുന്ന ഊട്ടുനേർച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നായിരുന്നു പാചകം ചെയ്യാനുള്ള പാത്രങ്ങൾ തന്നിരുന്നത്. ഇങ്ങനെ തീർത്തും സമാധാനത്തിലും ഐക്യത്തിലും സഹോദര്യത്തിലും ഒത്തൊരുമയോടെ മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായി.

ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന സമയം. ക്ഷേത്രത്തിലോട്ടുള്ള വഴിയിൽ വലിയൊരു ആർച്ചും വഴിയുടെ ഇരുവശങ്ങളിലുമായി കൊടിതോരണങ്ങളും അലങ്കാരദീപങ്ങളും സ്ഥാപിച്ചിരുന്നു. ഇടവകാംഗമായ ഒരു മദ്യപാനി ഒരു രാത്രിയിൽ ആർച്ചു മുഴുവൻ മദ്യലഹരിയിൽ നശിപ്പിച്ചു. ആ വ്യക്തിയെ തേടി ക്ഷേത്രഭാരവാഹികളും കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഒരു ഭാവവ്യത്യാസവും കൂടാതെ കുടിയനായ ചേട്ടൻ പറഞ്ഞു: “വികാരിയച്ചൻ പറഞ്ഞിട്ടാണ് ഇങ്ങനൊക്കെ ചെയ്തത്. ഞാൻ നിരപരാധിയാണ്. എന്തുണ്ടെങ്കിലും അച്ചനോട് ചോദിക്കുക.”

ഇടവകയിലെ പലരും ഈ വിവരമറിഞ്ഞു എന്നെ വിളിച്ചു. മനസാ വാചാ കർമ്മണാ ഞാനറിയാത്ത കാര്യം. അതു മാത്രമല്ല, മദ്യപാനിയായ ഈ ചേട്ടൻ ആണ്ടിലും സംക്രാന്തിയിലും മാത്രമേ ദൈവാലയത്തിൽ വരുമായിരുന്നുള്ളൂ. ഞാൻ ആ ചേട്ടനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട് തന്നെ ഒരുപാട് നാളുകളായിരുന്നു.

കൈക്കാരൻ പറഞ്ഞു: “അച്ചാ അവരെല്ലാം കൂടെ ചീറിപ്പാഞ്ഞു ഇങ്ങോട്ടു വരുന്നുണ്ട്. എന്തൊക്കെ സംഭവിക്കുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാം കൈയ്യിൽ നിന്നു പോയതുപോലെ തോന്നുന്നു. ഇതിന്റെ പര്യവസാനം എന്താകുമെന്നറിയില്ല. അച്ചൻ സൂക്ഷിക്കണം.”

അവരോട് ഒന്നും പറഞ്ഞു മനസിലാക്കാനുള്ള സമയമോ അവസ്ഥയോ അല്ല. ഇനി എന്ത്‌ ചെയ്യും? എന്റെ ശരീരം മുഴുവൻ ആലില പോലെ വിറയ്ക്കാൻ തുടങ്ങി. സാമുദായിക അക്രമങ്ങളിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയേക്കാം. ജപമാലയും കരങ്ങളിൽ എടുത്തുകൊണ്ട് ദൈവാലയത്തിലേക്ക് ഓടി. വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് പ്രാർത്ഥിക്കാൻ ശക്തമായ പ്രേരണ ഉണ്ടായി. അങ്ങനെ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മുട്ടുകൾ മടക്കി ഞാൻ കണ്ണുനീരൊഴുക്കി കൊന്ത ചൊല്ലി പ്രാർത്ഥിച്ചു. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഞാൻ പുറത്തുവരുമ്പോൾ എല്ലാം തീർത്തും ശാന്തമായിരുന്നു. ഞാൻ വിശുദ്ധ കുർബാനയുടെ മുൻപിൽ മുട്ടുകുത്തിയ അതേ നേരം തന്നെ ദൈവം അവിടെ ഇടപെട്ടിരുന്നു. ഒരിക്കലും നമ്മുടെ അച്ചൻ ഇങ്ങനൊന്നും ചെയ്യാൻ ആ മദ്യപാനിയോട് പറയില്ലെന്ന് അവർക്കു തന്നെ ബോദ്ധ്യമായി. ഇന്നും അതേക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു ഉൾക്കിടിലം അനുഭവപ്പെടാറുണ്ട്.

കുറേ ദിവസങ്ങൾക്കു ശേഷം ഞാൻ, മദ്യപാനിയായ ആ ചേട്ടനെ കാണാൻ വീട്ടിൽ ചെന്നു. എന്നെക്കുറിച്ച് എന്തിനാണ് ഇങ്ങനെ ഇല്ലാക്കഥ മെനഞ്ഞതെന്ന് ഞാൻ ചോദിച്ചു. ആ ചേട്ടന്റെ മറുപടി ഇപ്രകാരമായിരുന്നു: “അവരെല്ലാം കൂടെ എന്റെ അടുക്കൽ വന്നപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യം അവർക്കുണ്ടായിരുന്നു. ആ സമയം അവരുടെ കൈയ്യിൽ നിന്നും രക്ഷപെടാൻ എന്റെ മനസ്സിൽ പെട്ടെന്ന് തോന്നിയ ചിന്തയാണ്, വികാരിയച്ചൻ പറഞ്ഞിട്ടാണ് ചെയ്തതെന്നുള്ളത്. ആ സമയം അങ്ങനൊരു കള്ളം പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്റെ പിള്ളേർക്ക് അപ്പനില്ലാണ്ടാകുമായിരുന്നു.”

ചെയ്ത തെറ്റിനെക്കുറിച്ചോർത്ത്‌ അദ്ദേഹം എന്റെ മുൻപിലിരുന്ന് ഒരുപാട് വിഷമിച്ചു. ആ ചേട്ടനോട് ക്ഷമിച്ച് അവിടെ നിന്നിറങ്ങി ദൈവാലയത്തിലേക്ക് തിരിച്ചപ്പോൾ ഞാൻ ദൈവത്തിനോട് ഒരുപാട് നന്ദി പറഞ്ഞു; വലിയ ആപത്തിൽ നിന്നും എന്നെ കാത്തുപരിപാലിച്ചതിന്.

ഇന്നും എല്ലാ കെണികളിൽ നിന്നും ആപത്തുകളിൽ നിന്നും എന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നത് ദൈവത്തിൽ ഞാൻ വച്ചിരിക്കുന്ന അടിയുറച്ച വിശ്വാസവും പ്രത്യശയുമാണ്. എന്റെ പരിശുദ്ധ അമ്മയുടെ കരത്തിന്റെ സംരക്ഷണം എനിക്ക് ചുറ്റും ഒരു കോട്ടയാണ്. “പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.” ആമ്മേൻ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.