അമ്മയനുഭവങ്ങൾ: 14

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ നിനക്ക് വീണ്ടും ആരോഗ്യം നൽകും; നിന്റെ മുറിവുകൾ സുഖപ്പെടുത്തും” (ജറെ. 30:17). വൈദികപട്ടം സ്വീകരിച്ച് ഒരു മാസത്തിനു ശേഷം എന്റെ പൗരോഹിത്യ സ്വീകരണം നടന്ന അതേ ദൈവാലയത്തിൽ തന്നെ അസ്തേന്തിയായി ഞാൻ നിയമിതനായി. ഇടവകയോട് ചേർന്ന് ഒരു കുരിശുപള്ളിയും ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും രണ്ട് സന്യാസിനീ ഭവനങ്ങളുമുണ്ടായിരുന്നു. നല്ല തിരക്കു പിടിച്ച ജീവിതമായിരുന്നു; സ്കൂളിൽ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. വികാരിയച്ചനും ഞാനും എന്നും വൈകുന്നേരം ദൈവാലയമുറ്റത്തു കൂടെ നടന്ന് ജപമാല ചൊല്ലുമായിരുന്നു. ചില ദിവസങ്ങളിൽ ഇടവകയിലെ യുവജനങ്ങളും പങ്കുചേർന്നിരുന്നു.

ഒരുപാട് സന്തോഷത്തോടും ഉത്സാഹത്തോടും തീക്ഷ്ണതയോടെയും പ്രത്യാശയോടും കൂടെ മുൻപോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ പനി എനിക്ക് അനുഭവപ്പെട്ടു. മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിക്കഴിച്ച് രോഗം ഭേദമായി. രണ്ടാഴ്ചകൾക്കു ശേഷം വീണ്ടും പനി വന്നു. അപ്പോഴും മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിക്കഴിച്ചു രോഗം മാറി. ഒരു മാസത്തിനു ശേഷം വീണ്ടും പനിയും വിറയലും അനുഭവപ്പെട്ടു. ഒന്ന് എഴുന്നേറ്റിരിക്കാൻ പോലും ആകാത്തവിധം ഞാൻ തളർന്നുപോയിരുന്നു.

എന്നെയും കൂട്ടി വികാരിയച്ചൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എനിക്ക് കൂട്ടിരിക്കാൻ ഒരു റീജൻസി ബ്രദറിനെ രൂപതയിൽ നിന്നുമയച്ചു. അന്ന് രാത്രി കലശലായ പനിയും ക്ഷീണവും കാരണം ഒരുപക്ഷേ, മരണം സംഭവിക്കുമോയെന്ന് ഞാൻ ഭയന്നു. എന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു. എനിക്കുവേണ്ടി പ്രാർത്ഥിച്ചു നല്ല മരണത്തിനൊരുക്കാൻ ഞാൻ ബ്രദറിനോട്‌ യാചിച്ചു. ഒരു വൈദികന്റെ തലയിൽ എങ്ങനാണ് കരങ്ങൾ വച്ചു പ്രാർത്ഥിക്കുന്നതെന്ന് ചിന്തിച്ച് ബ്രദർ ആകെ വിഷമത്തിലായി.

പിറ്റേ ദിവസം റിസൾട്ട് വന്നു; എനിക്ക് ഡെങ്കിപ്പനിയാണ്. ബ്ലഡ് കൗണ്ട് ഒരുപാട് കുറവാണ്. ശരീരത്തിൽ രക്തം കയറ്റണം. കൗണ്ട് കൂട്ടാൻ പ്ലേറ്റ്ലെറ്റ് കയറ്റണം. അതിനു വേണ്ടിയുള്ള ആളുകളെ കണ്ടെത്താനായി വികാരിയച്ചൻ നെട്ടോട്ടമോടി. അവസാനം രക്തദാതാക്കളെ കണ്ടെത്തി. എന്റെ ശരീരത്തിൽ രക്തം കയറ്റി തുടങ്ങി. എന്റെ രോഗവിവരമറിഞ്ഞു അപ്പനും അമ്മയും സഹോദരിയും സഹോദരീഭർത്താവും ആശുപത്രിയിലേക്ക് വന്നു. അഭിവന്ദ്യ പിതാവും സഹവൈദികരും സന്യാസിനിമാരും ഇടവകജനവും എന്നെ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എന്റെ സഹോദരീഭർത്താവ് എന്റെ കൂടെയിരുന്ന് എന്നെ ശുശ്രൂഷിച്ചു. റീജൻസി ബ്രദർ മടങ്ങിപ്പോയി. രക്തം കയറ്റിക്കൊണ്ടിരുന്ന സമയം എന്റെ കൈയ്യിൽ ഒരു ഇഞ്ചക്ഷൻ ഇട്ടു. പെട്ടെന്ന് എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഉടനെ തന്നെ ഐസിയു -വിലോട്ട് എന്നെ മാറ്റി. കൃത്രിമശ്വാസം നല്‍കി. ആ ആശുപത്രിയിലുള്ള മുഴുവൻ ഡോക്ടർമാരും എന്റെ ചുറ്റും ഓടിക്കൂടി. ആത്മാവ് എന്റെ ശരീരം വിട്ടുപോകുന്നതുപോലെ എനിക്ക് തോന്നി. ശരീരം തണുത്തുറഞ്ഞു പോകുന്നതുപോലെയുള്ള ഒരു അനുഭവം.

ആ സമയം എനിക്ക് ചുറ്റുമുള്ള ഡോക്ടർമാരുടെ സംഭാഷണം ഇപ്രകാരമായിരുന്നു: “ചെറുപ്പക്കാരനായ ഒരു വൈദികൻ തിരുവന്തപുരത്തുള്ള കിംസിലോട്ട് നേരത്തെ മാറ്റേണ്ടതായിരുന്നു. ഒരുപക്ഷേ രക്ഷപ്പെട്ടേനെ. ഇനി സമയമില്ല. അഭിവന്ദ്യ പിതാവിന് നാം എന്ത്‌ മറുപടി കൊടുക്കും.”

അവരാലാകുന്ന വിധം എന്റെ ജീവൻ നിലനിർത്താൻ പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഞാൻ സാധാരണ ഗതിയിലായി. തുടർന്നുള്ള 14 ദിവസം ഞാൻ അത്യാഹിതവിഭാഗത്തിൽ തന്നെ തുടർന്നു. പരിശുദ്ധ ജപമാലയുടെ രാഞ്ജിയാണ്‌ എന്റെ നഷ്ടപ്പെട്ടുപോയ ആയുസ്സ് തിരികെ നൽകിയത്. ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്കാണ് നേരെ പോയത്. അപ്പനും അമ്മയും രാവും പകലും എന്റെ കട്ടിലിനരികിലിരുന്ന് ഊണും ഉറക്കവും കളഞ്ഞു എന്നെ ശുശ്രൂഷിച്ചു. ഒരു മാസത്തെ പരിപൂർണ്ണ വിശ്രമത്തിനു ശേഷമാണ് ഒന്ന് എഴുന്നേറ്റുനില്‍ക്കാനുള്ള ശക്തി ഞാൻ ആർജ്ജിച്ചത്.

ഈ കൊച്ചുജീവിതത്തിൽ മരണത്തിനും ജീവനുമിടയിൽ ഞാൻ അകപ്പെട്ട് തിരികെ വന്ന പലയനുഭവങ്ങളിൽ ഒന്നാണിത്. പരിശുദ്ധ അമ്മ തന്റെ നീലയങ്കിയുടെയുള്ളിൽ എന്നെ പൊതിഞ്ഞു പിടിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എത്രയോ പണ്ടേ മണ്ണോട് ചേരേണ്ട ജന്മമായിരുന്നുവിത്.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.