അമ്മയനുഭവങ്ങൾ: 12

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക”(ഏശയ്യാ 30:20-21).

ഒന്നാം വർഷ തിയോളജി പഠനം ഭംഗിയായി പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് കടന്നു. രണ്ടാം വർഷ പഠനത്തിന് ഒരു വലിയ പ്രത്യേകതയുണ്ടായിരുന്നു. ദൈവജനത്തിന്റെ കഷ്ടതയും യാതനകളും നേരിട്ടറിയാനായി ഒരു ചേരിയിൽ താമസിച്ചുകൊണ്ടാണ് പഠനം തുടരേണ്ടിയിരുന്നത്. 7 പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഇപ്രകാരം താമസിക്കേണ്ടിയിരുന്നത്. സെമിനാരിയോട് ചേർന്ന് ഒരുപാട് ചേരികളുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യേണ്ടതും താമസിക്കേണ്ടതും വിശുദ്ധ കുർബാനയിൽ പങ്കുചേരേണ്ടതും ചേരിപ്രദേശത്തുള്ള ദൈവാലയത്തിലായിരുന്നു. ദൈവായത്തിനുള്ളിൽ നിലത്ത് പായവിരിച്ചു കിടന്നാണ് ഉറങ്ങേണ്ടിയിരുന്നത്. കൊതുകും ചൂടും വലത്തും ഇടത്തുമായി കൂട്ടിനുണ്ടായിരുന്നു.

അതിരാവിലെ പൈപ്പിൻ ചുവട്ടിൽ പോയി വെള്ളം പിടിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും രാവിലെ 9 മണിക്ക് മുൻപ് സെമിനാരിയിൽ എത്തിച്ചേരാൻ സൈക്കിൾ ചവിട്ടി വേഗം പോകുന്നതും വളരെ വലിയൊരു അനുഭവമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു വർഷമായിരുന്നു അത്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജനങ്ങൾ. ആ ഒരു വർഷം കൊണ്ട് ആ ചേരി എന്റെ സ്വന്തം വീടായി മാറി.

രണ്ടാം വർഷത്തിൽ എനിക്ക് തലവേദനയായി ഒരു പ്രൊഫസർ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സംശയങ്ങൾ ചോദിക്കുന്നവരെ തീരെ താല്പര്യമില്ലായിരുന്നു. ഞാൻ ഇടയ്ക്കൊക്കെ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കുമായിരുന്നു. അതിനുള്ള പ്രത്യുപകാരമെന്നോണം എല്ലാ പരീക്ഷകളിലും അദ്ദേഹത്തിന്റെ വിഷയത്തിന് എന്നെ തോല്പിക്കുമായിരുന്നു. ജപമാല ചൊല്ലി കൂടുതൽ കരുത്തിനായി പ്രാർത്ഥിച്ചിരുന്നു. റീ എക്സാം എഴുതി ജയിച്ചുപോന്നു.

ഒരു പ്രാവശ്യം ക്ലാസ്സിലുള്ള പകുതിയിലധികം പേരെ അദ്ദേഹം തോൽപ്പിച്ചു. തോറ്റ കുട്ടികളൊക്കെ പരീക്ഷ പേപ്പറുമായി ചെന്ന് അദ്ദേഹത്തിനോട് വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. ഇതൊന്നുമറിയാതെ റീ എക്സാമിന്റെ സമയം ചോദിക്കാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ നീയും എന്നോട് വഴക്കടിക്കാൻ വന്നതാണോ എന്ന് വളരെ വിഷമത്തോടെ ആ പ്രൊഫസർ ചോദിച്ചു. ഞാൻ പറഞ്ഞു, ഒരിക്കലുമല്ല എന്റെ റീ എക്സാമിന്റെ കാര്യത്തിനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ശാന്തനായി.

സെമിനാരിയിലെ പരിശീലനം പൂർത്തിയാക്കി സ്വന്തം രൂപതയിലോട്ട് പുറപ്പെടുന്നതിനു മുൻപ് എല്ലാ അദ്ധ്യാപകരെയും കണ്ട് ആശീർവാദം വാങ്ങുന്ന പതിവ് സെമിനാരിയിലുണ്ട്. എല്ലാ വൈദികരെയും കണ്ടശേഷം ഞാൻ ആ വൈദികന്റെ അടുക്കലും ചെന്നു. എന്നെ കണ്ടമാത്രയിൽ വികാരാധീനനായിക്കൊണ്ട് അച്ചൻ പറഞ്ഞു: “ഞാൻ നിന്നെ എത്രയോ പ്രാവശ്യം മനഃപൂർവം പരീക്ഷകളിൽ തോല്പിച്ചിരിക്കുന്നു. എന്നാൽ നീ ഒരിക്കൽപ്പോലും എന്നോട് ഒരു അനിഷ്ടവും കാണിച്ചിട്ടില്ലല്ലോ കുഞ്ഞേ. എനിക്ക് തെറ്റു പറ്റിപോയി എന്നോട് ക്ഷമിക്കണം” എന്ന്‌ മൊഴിഞ്ഞുകൊണ്ട് ആ വൈദികൻ എന്റെ മുൻപിൽ മുട്ടുകൾ കുത്തി. ഒരു നിമിഷം എനിക്ക് എന്ത്‌ ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചു നിന്നുപോയി. ഞാനും അദ്ദേഹത്തോടൊപ്പം മുട്ടുകൾ കുത്തി, എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും മോശമായതായി സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് യാചിച്ചു. എന്നെ ആശീർവദിച്ചുകൊണ്ട് അദ്ദേഹം യാത്രയാക്കി.

സഹനങ്ങളെ നിശ്ശബ്ദം ദൈവസന്നിധിയിൽ സമർപ്പിക്കുമ്പോൾ അതിന് ദൈവം വലിയ വില കല്പിക്കാറുണ്ട്. തോൽവികൾ നമ്മെ കൂടുതൽ കരുത്തുള്ളവരാക്കും. ഇതുവരെയുള്ള എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മുഴുവൻ വേദനകളെയും പരാജയങ്ങളെയും വിഷമതകളെയും അപമാനങ്ങളെയും ഞാൻ ഇറക്കിവച്ചിരിക്കുന്നത് പരിശുദ്ധ സക്രാരിയുടെ മുൻപിൽ മാത്രമാണ്. എത്രയോ പ്രാവശ്യം ആ പരിശുദ്ധ മദ്ബഹയുടെ മുൻപിൽ എന്റെ കണ്ണുനീർ വീണ് തളംകെട്ടിയിട്ടുണ്ട്. ജീവിതത്തിൽ ഇന്നും ഞാൻ വീണുപോകാതെ ഉറച്ചുനിൽക്കാനുള്ള ഏക കാരണം എന്റെ പരിശുദ്ധ അമ്മയുടെ കരുതലും ദിവ്യകാരുണ്യവുമാണ്.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.