അമ്മയനുഭവങ്ങൾ: 09

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

ദൈവാനുഗ്രഹത്താലും പരിശുദ്ധ അമ്മയുടെ നിരന്തര മാദ്ധ്യസ്ഥത്താലും ഫിലോസഫി ഭംഗിയായി പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു.

എന്നെ ആത്മീയമായും ബൗദ്ധികമായും ഒരുപാട് വളർത്തിയ സെമിനാരിയാണ് കുന്നോത്ത്‌ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി. എനിക്ക് പരിശീലനം തന്ന എല്ലാ വൈദികരെയും എന്റെ എല്ലാ സഹപാഠികളെയും ഞാൻ നന്ദിയോടെ അനുസ്മരിക്കുന്നു.

ഞാൻ രൂപതയിൽ മടങ്ങിയെത്തി. ഇനി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന റീജൻസിയാണ്‌. രൂപതയിലെ ഒരു വൈദികന്റെ കീഴിലാണ് പരിശീലനം. എന്റെ റീജൻസി രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയിലായിരുന്നു. അങ്ങോട്ട് പോകുന്നതിനു മുൻപ് അഭിവന്ദ്യ പിതാവിനെ വ്യക്തിപരമായി കാണാൻ അവസരം ലഭിച്ചു. മെത്രാനച്ചൻ സ്നേഹത്തോടും കരുതലോടും തെല്ല് ആശങ്കയോടും എന്നോട് ഉപദേശിച്ചു: “സൂക്ഷിക്കണം; സാജനു മുൻപേ അവിടെ റീജൻസി ചെയ്ത മൂന്നു പേർ വീട്ടിലേക്ക് തിരിച്ചുപോയി. നല്ലവണ്ണം പ്രാർത്ഥിച്ചു മുന്നോട്ട് പോവുക.”

എനിക്ക് മുൻപുണ്ടായിരുന്ന മൂന്നു പേരും പല കാരണങ്ങളാൽ വൈദികപഠനം ഉപേക്ഷിച്ചതു കാരണം അവിടെയുള്ള ജോലിക്കാർ തുടക്കത്തിൽ വലിയ സ്നേഹമോ താല്പര്യമോ എന്നോട് കാണിച്ചില്ല. എന്റെ ജപമാല പ്രാർത്ഥനയിൽ ഉടനീളം നിലനിൽപ്പിന്റെ വരത്തിനായി ഞാൻ പരിശുദ്ധ ജപമാലയുടെ രാജ്ഞിയോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ‘എന്റെ പൂർവ്വികരായ സഹോദരന്മാരുടെ തെറ്റ് ആവർത്തിക്കാൻ ഞാനില്ല. എന്റെ ലക്ഷ്യം പൗരോഹിത്യം മാത്രമാണ് അതിനുവേണ്ടി എത്ര വേണമെങ്കിലും സഹിക്കാൻ ഞാൻ തയ്യാറാണ്. ഒരിക്കലും അമ്മ എന്നെ ഉപേക്ഷിക്കല്ലേ.’ ഇതു മാത്രമായിരുന്നു എന്റെ പ്രാർത്ഥനയും യാചനയും.

അവിടെയുള്ള ഡയറക്ടർ അച്ചന്റെ കീഴിൽ ഒരു വർഷം നീണ്ടുനിന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കി വൈദിക വസ്ത്രം സ്വീകരിക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ അവിടെ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരു പ്രായം ചെന്ന സന്യാസിനി എന്നോട് ചോദിച്ചു: “സാജൻ ബ്രദർ വൈദിക വസ്ത്രം കിട്ടുന്നതിനു മുൻപ് വീട്ടിലേക്ക് പോകുവോ; അതോ കിട്ടിയ ശേഷം പോകുവോ?”

ഈ ചോദ്യം എന്നെ ഒരുപാട് അസ്വസ്ഥപ്പെടുത്തി. കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം ഞാൻ പറഞ്ഞു: “എന്നെക്കൊണ്ട് ഈ ജീവിതാവസ്ഥയിൽ അവസാന നിമിഷം വരെ തുടരാൻ സാധിക്കുമെന്നുള്ള പൂർണ്ണബോദ്ധ്യമുണ്ടെങ്കിലേ ഞാൻ ഈ തിരുവസ്ത്രം സ്വീകരിക്കുകയുള്ളൂ. സ്വീകരിച്ചു കഴിഞ്ഞാൽ മരണം വരെ ഇതെന്റെ ശരീരത്തിൽ തന്നെ ഉണ്ടാകും.” എന്റെ ഉത്തരം അവരെ വിസ്മയിപ്പിച്ചു. ആ സന്യാസിനി എന്നോട് മാപ്പപേക്ഷിച്ചു.

ഇടയ്ക്കൊക്കെ അവരുടെ ചോദ്യത്തെപ്പറ്റി ഞാൻ ആത്മശോധന നടത്താറുണ്ട്. അവരെയും കുറ്റം പറയാനാകില്ല. എനിക്ക് മുൻപ് അവിടെ റീജൻസി ചെയ്തു പഠനം ഉപേക്ഷിച്ചു പോയ മൂന്നു പേരിൽ രണ്ടു പേരും തിരുവസ്ത്രം സ്വീകരിച്ച ശേഷമാണ് വൈദികപഠനം ഉപേക്ഷിച്ചു പോയത്. മറ്റൊരു അത്ഭുതവും നടന്നു. എനിക്കു ശേഷം അവിടെ റീജൻസി ചെയ്തവരൊക്കെ വൈദികരായി. ഇതുവരെയും ആരും വൈദികപഠനം ഉപേക്ഷിച്ചിട്ടുമില്ല.

പരിശുദ്ധ അമ്മയോട് ചേർന്നു നിന്നാൽ എത്ര വലിയ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ബലവും ശക്തിയും കൃപയും അമ്മ തന്ന് കണ്ണിലെ കൃഷ്ണമണി പോലെ നമ്മെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കും. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള സാക്ഷ്യമാണിത്.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.