അമ്മയനുഭവങ്ങൾ: 08

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

ഒന്നാം വർഷ ഫിലോസഫി വളരെ മികച്ച രീതിയിൽ പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചു. എല്ലാം ഭംഗിയായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ അവിചാരിതമായി വീട്ടിൽ നിന്നും ഒരു ഫോൺ കോൾ. ഉടനെ നാട്ടിലെത്തണം; അപ്പൻ വളരെ സീരിയസായിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാണ്. കുന്നോത്ത്‌ നിന്നും ഉടനെ തന്നെ ഞാൻ ആശുപത്രിയിലോട്ട് തിരിച്ചു.

എന്റെ അപ്പനെ കണ്ടപ്പോൾ തന്നെ എന്റെ എല്ലാ ശക്തിയും ചോർന്നുപോയി. ഒരുപാട് ക്ഷീണിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാറാം വാർഡിൽ നിലത്ത് എന്റെ അപ്പൻ കിടക്കുന്നു. അമ്മയും പെങ്ങളും ചിറ്റപ്പന്മാരും അരികിലുണ്ട്. മഞ്ഞപ്പിത്തത്തിനോടൊപ്പം എലിപ്പനിയും കൂടെ ബാധിച്ചതാണ് എന്റെ അപ്പൻ ഈ അവസ്ഥയിൽ എത്താൻ കാരണം. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയെങ്കിലും ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞാണ് അവർ മെഡിക്കൽ കോളേജിലേക്ക് അയച്ചത്.

മെഡിക്കൽ കോളേജിലെ പതിനാറാം വാർഡിന് ഒരു പ്രത്യേകതയുണ്ട്. വെന്റിലേറ്ററിനോട് ചേർന്നുള്ള വാർഡാണത്. വലിയ പ്രതീക്ഷയൊന്നുമില്ലാത്തവരെ അവിടെയാണ് അഡ്മിറ്റ് ആക്കിയിരുന്നത്. കൂടുതൽ രോഗികളെയും ശവശരീരങ്ങളായിട്ടാണ് തിരികെ കൊണ്ടുപോയിരുന്നത്. രോഗികളെ സന്ദർശിക്കാൻ വന്ന ഡോക്ടർ അപ്പന്റെ അരികിൽ വന്ന് റിപ്പോർട്ട്‌ നോക്കിയശേഷം പറഞ്ഞു 98% ഈ വ്യക്തി മരിക്കും 2% രക്ഷപ്പെടാൻ സാദ്ധ്യത കാണുന്നുണ്ട്. അറിയിക്കേണ്ടവരെയൊക്കെ ഉടനെ അറിയിച്ചുകൊള്ളുക.

ജീവിതത്തിലെ ഏറ്റവും പരീക്ഷണം നിറഞ്ഞ നിമിഷമായിരുന്നു അത്. ഇതു വരെയും സ്വപ്നം കണ്ട പൗരോഹിത്യം ഇതാ ഇവിടെ അവസാനിക്കാൻ പോകുന്നു. അപ്പൻ മരിക്കുവാണെങ്കിൽ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ട വ്യക്തിയാണ് ഞാൻ. അമ്മയ്ക്കും പെങ്ങൾക്കും തണലാകേണ്ടവൻ. പിന്നെ ഒന്നും ചിന്തിച്ചില്ല, ആ ആശുപത്രിയുടെ വരാന്തയുടെ ഒരു മൂലയിലായി ഞാൻ മുട്ടുകുത്തി. കണ്ണുനീരോടെ ജപമാല കരങ്ങളിലെടുത്ത് ഉറക്കെ ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. അതിലെ കടന്നുപോയവരൊക്കെ ഒരു അന്യഗ്രഹജീവിയെപ്പോലെ എന്നെ നോക്കി. ഒരു നാണക്കേടും എനിക്ക് അനുഭവപ്പെട്ടില്ല. എന്റെ അപ്പന്റെ ജീവനേക്കാൾ വലുതല്ലല്ലോ ആൾക്കാരുടെ നോട്ടവും പരിഹാസവും.

കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ ജപമാല പൂർത്തിയാക്കാൻ എനിക്ക് സാധിക്കുന്നില്ല. ജീവിതത്തിൽ എല്ലാം തകർന്നവന്, സകല പ്രതീക്ഷകളും കൈവിട്ടവന് ദൈവം മാത്രമല്ലേ തുണയായി ഉണ്ടാകൂ. വല്ലവിധേനയും ജപമാല പൂർത്തിയാക്കി ഞാൻ എഴുന്നേറ്റു. അന്ന് രാത്രി തന്നെ അപ്പന് ഒരു ബെഡ്ഡ് കിട്ടി; ഒരാൾ മരിച്ച ഒഴിവിലായിരുന്നുവെന്ന് മാത്രം.

പിറ്റേ ദിവസം മുതൽ അപ്പന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി വന്നുതുടങ്ങി. മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. കുന്നോത്ത്‌ സെമിനാരിയിലെ എല്ലാ അദ്ധ്യാപകരും സഹപാഠികളും വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് എന്റെ അപ്പനുവേണ്ടി പ്രാർത്ഥിച്ചു. ഞാനും എന്റെ ജപമാല പ്രാർത്ഥന തുടർന്നുപോന്നു. പരിശുദ്ധ അമ്മ തന്റെ പുത്രനോട് മാദ്ധ്യസ്ഥം അപേക്ഷിച്ചുതുടങ്ങി. എന്റെ അപ്പൻ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചെത്തി. മൂന്ന് മാസത്തെ പൂർണ്ണവിശ്രമത്തിനുശേഷം അപ്പൻ ആരോഗ്യം വീണ്ടെടുത്തു.

എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു, അപ്പൻ സുഖപ്പെട്ടശേഷം എന്നോട് ഇപ്രകാരം പറഞ്ഞു: “ഞാൻ മനസ്സിൽ വിചാരിച്ചായിരുന്നു സാജന് യഥാർത്ഥത്തിൽ ദൈവവിളിയുണ്ടെങ്കിൽ അപ്പൻ സുഖം പ്രാപിക്കും; ദൈവം വിളിച്ചിട്ടില്ലായെങ്കിൽ അപ്പൻ മരിക്കും.” തെല്ലൊരു ഞെട്ടലോടെയാണ് ഞാന്‍ ആ വാക്കുകൾ കേട്ടുനിന്നത്. എന്നിട്ട് എന്റെ തോളിൽ തട്ടിക്കൊണ്ട് ആ ബന്ധക്കാരൻ പറഞ്ഞു, നിനക്ക് ദൈവവിളിയുണ്ട്.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ പരിശുദ്ധ അമ്മയ്ക്കും ജപമാലയ്ക്കും സാധിക്കുമെന്ന് ഈ ഒരു അനുഭവം എന്നെ പഠിപ്പിച്ചു. ഇന്നുവരെ ഞാൻ ജപമാല പ്രാർത്ഥന മുടക്കിയിട്ടില്ല. “പരിശുദ്ധ അമ്മേ, ഞാൻ പൂർണ്ണമായും നിന്റേതാണ്.”

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.