അമ്മയനുഭവങ്ങള്‍: 05 – ലോകരക്ഷകനായ യേശുവിന്റെ തിരുരക്തത്തിന്റെ ശക്തി

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

കുറച്ച് വർഷങ്ങൾക്കു മുൻപ് രൂപതയിലുള്ള എല്ലാ വൈദികരും ഒത്തുചേർന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഒരു വൈദികൻ നല്ലൊരു സന്ദേശം നല്‍കി. ക്രിസ്തുമസ് സന്ദേശമദ്ധ്യേ അച്ചൻ പങ്കുവച്ച ഒരു ജീവിതാനുഭവം എന്റെ മനസ്സിൽ ഇന്നും പച്ചകെടാതെ തറഞ്ഞുനില്‍ക്കുന്നു. എന്റെ വചനപ്രഘോഷണങ്ങളിൽ ഞാൻ ദൈവജനത്തോട് ‌ ഈ അനുഭവം പലവുരു പങ്കുവച്ചിട്ടുമുണ്ട്.

അച്ചൻ സേവനം ചെയ്യുന്ന ഇടവകയിലെ ഒരു ചെറുപ്പക്കാരൻ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിക്ക് അച്ചന്റെ വാതിലിൽ വന്ന് മുട്ടിവിളിച്ചു. ഈ പാതിരാത്രി ആർക്കെങ്കിലും അന്ത്യകൂദാശ കൊടുക്കേണ്ടതായിട്ടുണ്ടോ എന്ന്‌ ചിന്തിച്ചുകൊണ്ട് വാതിൽ തുറന്ന അച്ചന്റെ മുൻപിൽ വിയർത്തു കുളിച്ച്, ക്ഷീണിതനായി, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നില്‍ക്കുന്ന ഇടവകക്കാരൻ. അച്ചൻ കാര്യം തിരക്കി. അയാളുടെ ഭാര്യ പൂർണ്ണ ഗർഭവതിയായി ആശുപത്രിയിൽ അഡ്മിറ്റ് ആണ്. എന്നാൽ രാത്രി മുതൽ നിലയ്ക്കാത്ത രക്തസ്രാവം. എന്തുവേണമെങ്കിലും സംഭവിക്കാം. പ്രാർത്ഥന ഉറപ്പു നൽകിയ വൈദികനോട് ആ ചെറുപ്പക്കാരൻ ചോദിച്ചു: “എനിക്കൊരു ഉപകാരം ചെയ്യാമോ?”

കാശിന് നല്ല അത്യാവശ്യം കാണുമെന്നു വിചാരിച്ച വികാരിയച്ചൻ എത്ര കാശ് വേണമെന്ന് അന്വേഷിച്ചപ്പോൾ തനിക്ക് കാശൊന്നും വേണ്ടാ. ‘ദൈവാലയം തുറന്ന് ഈശോയുടെ തിരുരക്തം ബലിമധ്യേ വഹിക്കുന്ന കാസയിൽ കുറച്ച് വെള്ളമൊഴിച്ചു ഒരു കുപ്പിയിലാക്കി തരുമോ’ എന്ന്‌ ആവശ്യപ്പെട്ടു. അച്ചൻ ചിന്തിച്ചു, ഈ പാതിരാത്രി ഇവന് എന്തേലും കുഴപ്പം സംഭവിച്ചു കാണുമോ? എങ്കിലും അവന്റെ വിശ്വാസത്തെ മാനിച്ച് അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. അച്ചന് നന്ദി പറഞ്ഞുകൊണ്ട് അവൻ ആശുപത്രിയിലേക്ക് പാഞ്ഞു.

പിറ്റേ ദിവസമുള്ള വിശുദ്ധ ബലിയിൽ അച്ചൻ ആ ചെറുപ്പക്കാരന്റെ ഗർഭിണിയായ ഭാര്യയെ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു. വിശുദ്ധ കുർബാന കഴിഞ്ഞു പുറത്തേക്കു വരുമ്പോൾ തലേദിവസം രാത്രി വളരെയേറെ വിഷമതയോടെ തന്നെ കാണാൻ വന്ന ചെറുപ്പക്കാരൻ സന്തോഷത്തോടെ അച്ചന്റെ കരം പിടിച്ചു നന്ദി പറഞ്ഞു. അച്ചന് ഒന്നും മനസിലായില്ല. അപ്പോൾ അവൻ പ്രഭാപൂർണ്ണമായ മുഖഭാവത്തോടെ പറഞ്ഞു. ഞാൻ കൊണ്ടുചെന്നു കൊടുത്ത കാസയിൽ ഒഴിക്കപ്പെട്ട തിരുജലം കുടിച്ചതും അവളുടെ രക്തസ്രാവം നിലച്ചു. അതുവരെ ജീവന്മരണ പോരാട്ടത്തിലായിരുന്ന അവൾ സുഖപ്രസവത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കി. ആ യുവാവിന്റെ കണ്ണിലെ തിളക്കവും മുഖത്തെ പ്രസന്നതയും വിശുദ്ധ കുർബാനയിൽ എപ്പോഴും സന്നിഹിതനായിരിക്കുന്ന യേശുവിലുള്ള പാറ പോലെ ഉറച്ച വിശ്വാസവും ആ വൈദികനെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഈ ഒരു അനുഭവം എന്നെ ഒരുപാട് സ്വാധീനിച്ചു.

ഒരു ദിവസം ഞാൻ ശുശ്രൂഷ ചെയ്യുന്ന ഇടവകയിലെ ഒരു അൾത്താരബാലൻ ഞായറാഴ്ച്ച പള്ളിയിൽ വന്നുവെങ്കിലും കഠിനമായ പനിയും ജലദോഷവും കാരണം ബലിമദ്ധ്യേ എഴുന്നേറ്റു പോലും നില്‍ക്കാനാവാതെ തന്റെ അമ്മയുടെ അരികിലായി ദൈവാലയത്തിനുള്ളിൽ കിടന്നു. വിശുദ്ധ ബലിയർപ്പണം കഴിഞ്ഞയുടനെ ഞാൻ അവന്റെ അരികിലെത്തി. ആശുപത്രയിൽ കൊണ്ടുപോയി മരുന്ന് വാങ്ങിക്കൊടുക്കാൻ പാടില്ലായിരുന്നോയെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു പലപ്രാവശ്യം കൊണ്ടുപോയതാണ്. പക്ഷേ പനി കുറയുന്നില്ല. പിന്നെ ഒന്നും ചിന്തിച്ചില്ല, നേരെ മദ്ബഹയിലേക്ക് ഓടി. വിശുദ്ധ കുർബാനയർപ്പണശേഷം അൾത്താരയിൽ വച്ചിരുന്ന കാസയിൽ വെള്ളം ഒഴിച്ച് അതൊരു ഗ്ലാസ്സിലേക്ക് പകർന്ന് ആ കുഞ്ഞിന് കുടിക്കാൻ കൊടുത്തു. അത്ഭുതമെന്നു പറയട്ടെ, അടുത്ത നിമിഷം അവന്റെ പനി വിട്ടുമാറി. നല്ല ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.

ഒരുപക്ഷേ കുറച്ചു പേരെങ്കിലും ചിന്തിക്കാം ഇങ്ങനൊക്കെ സംഭവിക്കുമോയെന്ന് ? തീർച്ചയായും സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ പാറ പോലെ ഉറച്ച വിശ്വാസമുണ്ടായിരിക്കണമെന്നുന്ന് മാത്രം. അല്ലാതെ ദൈവത്തെ പരീക്ഷിക്കാമെന്നു ചിന്തിച്ചാൽ പരാജയമായിരിക്കും അനന്തരഫലം.

12 വർഷക്കാലം വേദനയും അപമാനവും അനുഭവിച്ച രക്തസ്രാവക്കാരി യേശുവിന്റെ വസ്ത്രാഞ്ചലത്തിൽ വിശ്വാസത്തോടെ തൊട്ടപ്പോൾ സുഖം പ്രാപിച്ചെങ്കിൽ ഈശോയുടെ തിരുരക്തം ദിനവും അൾത്താരയിൽ അർപ്പിക്കാനായി വൈദികൻ തന്റെ കരങ്ങളിൽ ഉയർത്തുന്ന കാസയിൽ ഒഴിക്കപ്പെടുന്ന ജലത്തിനും ശക്തിയുണ്ട്. “ഈശോയേ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും ശിരസ് സുമുതൽ പാദം വരെ കഴുകി വിശുദ്ധീകരിക്കേണമേ, ആമ്മേൻ.”

ഈശോ മിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.