അമ്മയനുഭവങ്ങൾ: 15

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച് 8 മാസങ്ങൾ പൂർത്തിയായപ്പോൾ എനിക്ക് ഒരു ഇടവക ലഭിച്ചു. ഞാൻ വികാരിയച്ചനായി നിയമിതനായി. ആദ്യത്തെ ഇടവകയിലെ അജപാലന ശുശ്രൂഷ എല്ലാ വൈദികരുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു ഇടമാണ്. എന്റെ ഇടവക ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ എല്ലാ ഭവനങ്ങളും ഞാൻ സന്ദർശിച്ചു.

ഓരോ ദിവസവുമുള്ള വീട് സന്ദർശനത്തിന് മുൻപ് ദൈവാലയത്തിൽ കയറി പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഒരു വീട്ടിൽ പോകുന്നതിനു മുൻപ് കൈക്കാരൻ സ്നേഹപൂർവ്വം ഉപദേശിച്ചു, ‘പ്രസ്തുത വ്യക്തി ദൈവാലയത്തിൽ പ്രവേശിച്ചിട്ട് വർഷങ്ങളാകുന്നു. അച്ചനു മുൻപേ ഈ ഇടവകയിൽ സേവനം ചെയ്തിട്ടുള്ള എല്ലാ വൈദികരും നിരന്തരം പരിശ്രമിച്ചു പരാജയപ്പെട്ടതാണ്. അതുകൊണ്ട് ആ ചേട്ടൻ പള്ളിയിൽ വരുമെന്നോ വിശുദ്ധ കുർബാനയിൽ പങ്കുചേരുമെന്നോ അച്ചൻ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.’

അതായത്, അജപാലന മേഖലയിൽ ഒരുപാട് അനുഭവം സിദ്ധിച്ച വൈദികർ പരാജയപ്പെട്ടിടത്ത്‌ ഒരു കൊച്ചച്ചനെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നു സാരം. ഞാൻ ആ വ്യക്തിയെപ്പറ്റി നല്ലവണ്ണം തിരക്കി. ഒരു കാലത്ത്‌ ഇടവക ദൈവലയത്തിലെ ഏറ്റവും തീക്ഷ്ണമതിയായ ചേട്ടൻ. തമിഴ് ഭാഷാ അദ്ധ്യാപകനാണ് അദ്ദേഹം. തമിഴിൽ അഗാധപാണ്ഡിത്യമുള്ള വ്യക്തി. രൂപതയിൽ നടക്കുന്ന എല്ലാ കലാസാംസ്കാരിക മത്സരങ്ങൾക്കും മതബോധന വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രസംഗവും കഥയും കവിതയും ബൈബിൾ നാടകവും നിരന്തരം എഴുതിക്കൊടുത്തിരുന്ന അതുല്യപ്രതിഭ.

ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന ഒരു വൈദികനിൽ നിന്നുമുണ്ടായ കയ്പ്പേറിയ അനുഭവം അദ്ദേഹത്തെ സഭാവിരോധിയാക്കി മാറ്റിയിരിക്കുന്നു. എന്ത്‌ വില കൊടുത്തും ആ ചേട്ടനെ ദൈവാലയത്തിൽ എത്തിക്കാതെ ഇനി വിശ്രമമില്ലെന്ന തീരുമാനം ഞാനെടുത്തു. എന്റെ ജപമാല മണികളുടെ എണ്ണം കൂടി. ത്യാഗങ്ങൾ എടുക്കാൻ തുടങ്ങി. ഒരുപാട് പ്രാർത്ഥിച്ചൊരുങ്ങി അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. ആ ചേട്ടന്റെ സകല ദേഷ്യവും സങ്കടവും മുറിവും അപമാനങ്ങളും കണ്ണുനീരായും കഠിനമായ വാക്കിലൂടെയും നോക്കിലൂടെയും ശകാരത്തിലൂടെയും എന്റെ മേൽ അദ്ദേഹം ചൊരിഞ്ഞു. ഞാൻ ശാന്തനായിരുന്ന് എല്ലാം കേട്ടു. പോരാൻ നേരം വൈദികരിൽ നിന്നും അദ്ദേഹത്തിനുണ്ടായ സകല വിഷമതകൾക്കുമായി അവരെപ്രതി കാലുകളിൽ വീണ് മാപ്പിരന്നു.

ഇങ്ങനെ പലയാവർത്തി ഞാനാ വീടിന്റെ വാതിൽപടികൾ കയറിയിറങ്ങിയെങ്കിലും ചേട്ടന്റെ വാശിയുടെ മുൻപിൽ ഞാൻ അമ്പേ പരാജയപ്പെട്ടുപോന്നു. ദിവസങ്ങളും ആഴ്ച്ചകളും കടന്നുപോയി. ഞാൻ എന്റെ നിത്യസന്ദർശനവും പ്രാർത്ഥനകളും തുടർന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം ഞായറാഴ്ച്ച കുര്‍ബാനയ്‌ക്ക്‌ മുൻപ് പ്രാർത്ഥിച്ചൊരുങ്ങി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. ഞാൻ പറഞ്ഞു: ഇന്ന് ചേട്ടൻ എന്റെ കൂടെ വന്നില്ലായെങ്കിൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയർപ്പണം ഉണ്ടായിരിക്കുന്നതല്ല.’ അവസാനം എന്റെ പിടിവാശിക്കു മുൻപിൽ അദ്ദേഹം വഴങ്ങി.

നീണ്ട 10 വർഷങ്ങൾക്കു ശേഷം അദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. വിശുദ്ധ കുർബാനയ്‌ക്കു ശേഷം ഞാൻ ആ ചേട്ടനോടുള്ള സംഭാഷണ മദ്ധ്യേ ചോദിച്ചു. എന്തുകൊണ്ടാണ് എനിക്ക് മുൻപിരുന്ന വൈദികർ പലയാവർത്തി ശ്രമിച്ചിട്ടും ചേട്ടൻ വരാത്തത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “അവരൊക്കെ ഒന്ന് രണ്ട് പ്രാവശ്യം ശ്രമിച്ചു. പിന്നെ പരിശ്രമം ഉപേക്ഷിച്ചു എന്നാൽ അച്ചനെ ഓരോ പ്രാവശ്യവും ശകാരിച്ചു വിട്ടിട്ടും വീണ്ടും വീണ്ടും എന്നെ തേടി വന്നതുകൊണ്ടാണ് ഞാൻ ഈ ദൈവാലയത്തിൽ എത്തിയത്.” ഞാൻ സേവനം ചെയ്ത രണ്ട് വർഷക്കാലവും മുടങ്ങാതെ ഞായറാഴ്ച്ച കുർബാനകളിൽ അദ്ദേഹം പങ്കുചേർന്നു പോന്നു.

എന്റെ ജീവിതത്തിലുള്ള പരിശുദ്ധ അമ്മയുടെ നിരന്തര സാന്നിദ്ധ്യവും പരിശുദ്ധ സക്രാരിയുടെ മുൻപിൽ ഞാൻ ഉറക്കമിളച്ച രാത്രികളും ഒരു ആത്മാവിനെ നേടിയെടുക്കാൻ എന്നെ സഹായിച്ചു. ക്ഷമിക്കാനും മറക്കാനും പൊറുക്കാനും വിട്ടുകൊടുക്കാനും ചെറുതാകാനും സാധിക്കുന്നിടത്ത്‌ അത്ഭുതങ്ങൾ സംഭവിച്ചിരിക്കും.

ഇന്നും ഞാൻ കാരണമോ മറ്റേതെങ്കിലും വൈദികർ കാരണമോ ദൈവജനത്തിനുണ്ടാകുന്ന വിഷമതകൾക്ക് മാപ്പിരക്കാൻ ഒരു മടിയുമില്ല. കാരണം എത്ര വലിയ ശിലാഹൃദയത്തെയും മഞ്ഞുപോലെ ഉരുക്കാനുള്ള ശക്തി ക്ഷമ ചോദിക്കലിനുണ്ട്.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.