125-ാം വാര്‍ഷികത്തോട് അടുത്തിരിക്കെ, ചരിത്രപ്രധാനമായ ദേവാലയത്തില്‍ വന്‍ അഗ്നിബാധ

125-ാം വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിവരവെ ടെക്‌സസിലെ പുരാതന കത്തോലിക്കാ ദേവാലയമായ ചര്‍ച്ച് ഓഫ് വിസിറ്റേഷന് തീ പിടിച്ചു. ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍, അഗ്‌നിബാധയില്‍ നിന്ന് സക്രാരിയെ അത്ഭുതകരമായി രക്ഷിച്ചെടുത്തു.

മണിമാളിക ഉള്‍പ്പെടെയുള്ളവ കത്തിനശിക്കുന്നതിന്റെ ദയനീയ ചിത്രങ്ങള്‍ യൂട്യൂബിലൂടെയും മറ്റും പുറത്തുവരികയും ചെയ്തു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവില്‍ അഗ്നിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല.

വളരെ വേദനാജനകമായ കാഴ്ചകള്‍ക്കാണ് ഞാന്‍ സാക്ഷ്യം വഹിച്ചത്. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ഓസ്റ്റിന്‍ രൂപതയിലെ ബിഷപ് ജോ വാസ്‌ക്വീസ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും ഈ സംഭവം വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വേണ്ട സുരക്ഷയും നടപടികളുമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയ ഉദ്യോഗസ്ഥരെ നന്ദിയോടെ ഓര്‍ക്കുന്നു. ചരിത്രനിധിയായ ഈ ദേവാലയത്തെ ഓര്‍ത്ത് വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. – അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

തിങ്കളാഴ്ചയാണ് അഗ്‌നിബാധയുണ്ടായത്. തടികൊണ്ടു നിര്‍മ്മിച്ച മിസിസിപ്പിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഇത്. തീപിടുത്തം അറിഞ്ഞെത്തിയ പ്രദേശവാസികളും ഇടവകാംഗങ്ങളുമായ ചിലര്‍ ഉടന്‍ അകത്തു കയറി ദിവ്യകാരുണ്യ പേടകവും സക്രാരിയും എടുത്ത് പുറത്തെത്തിച്ചു.

ഏഴ് മാസങ്ങള്‍ക്കു ശേഷം ദേവാലയത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് അപകടം ഉണ്ടായിരിക്കുന്നത്.