മരുഭൂമിയിലെ പുരാതന ദേവാലയത്തില്‍ അര്‍പ്പിച്ച കുര്‍ബാന

മരുഭൂമിയില്‍ തകര്‍ന്നു കിടക്കുന്ന ഒരു ദൈവാലയത്തില്‍ നോമ്പുകാലത്തിനൊരുക്കമായി ബലിയര്‍പ്പിക്കാന്‍ സാധിച്ചതിന്‍റെ ഓര്‍മ്മ ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ എം.സി.ബി.എസ് പങ്കുവയ്ക്കുന്നു.

ഭൂമുഖത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബൃഹത്തും മനോഹരവുമായ ദൈവാലയങ്ങള്‍ ഒരു കാലത്ത് ആ പ്രദേശത്ത് നിലനിന്നിരുന്ന ക്രൈസ്തവവിശ്വാസത്തിന്‍റെ അഭിമാനം നിറഞ്ഞ നേര്‍സാക്ഷ്യമാണ്. പല തലമുറകളിലുമുള്ള മനുഷ്യരുടെ കണ്ണുനീരും പ്രാര്‍ത്ഥനയും ആ മണ്ണില്‍ വീണ് നനവാര്‍ന്ന അനുഭവം ഇത്തരം ദൈവാലയങ്ങളില്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടും. നോത്രദാം കത്തീഡ്രലിന് തീപ്പൊള്ളലേല്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളും പൊള്ളിനീറുന്നത് ഇത്തരം ഒരു സ്നേഹം കൊണ്ടാണ്.

തകര്‍ന്നുകിടക്കുന്ന ഒരു ദൈവാലയത്തില്‍ നോമ്പുകാലത്തിനൊരുക്കമായി ബലിയര്‍പ്പിക്കാന്‍ സാധിച്ചതിന്‍റെ ഓര്‍മ്മയിലാണ് ഇതെഴുതുന്നത്. നെഗവ് മരുഭൂമിയുടെ ഹൃദയഭാഗത്തായി ബീഷെബെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലത്തില്‍ ആയി സ്ഥിതിചെയ്യുന്ന ഒരു പുരാതന ദൈവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ സാധിച്ചതിന്‍റെ അനുഭവമാണ് ഈ കുറിപ്പ്. കാലങ്ങള്‍ അതിജീവിച്ചതിന്‍റെ തകര്‍ച്ചകള്‍ ദൃശ്യമായ ഈ ദൈവാലയത്തെക്കുറിച്ച് ശില്പകലകളില്‍ നിന്നും നിര്‍മ്മിതിയുടെ രീതികളില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ നമുക്കിപ്പോള്‍ സാധിക്കുകയുള്ളൂ.

നബത്തേയ കാലഘട്ടത്തിലാണ് (ബി.സി 1-ഏഡി 1) ഷിവ്ത്ത എന്ന നഗരം നിര്‍മ്മിക്കപ്പെടുന്നത്. പുരാതനമായ സുഗന്ധപാതയ്ക്ക് അരികിലാണ് ഈ നഗരം. ഈ പാത കിഴക്ക് (യെമന്‍, ഒമാന്‍) അറേബ്യ കടന്ന്, നബത്തേയന്‍ തലസ്ഥാനമായ പെത്ര വഴി, മെഡിറ്ററേനിയന്‍ തീരത്തെ തുറമുഖനഗരങ്ങള്‍ – ഗാസ, റാഫിയ, അല്‍ അരിഷ്- ബന്ധിപ്പിക്കുന്നതാണ്. നബത്തേയ കാലത്തെ കച്ചവടക്കാര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ തെക്കന്‍ അറേബ്യയില്‍ നിന്നും സാംസ്കാരിക നഗരങ്ങളായ ഗ്രീസ്, റോം എന്നിവയിലേക്ക് കൊണ്ടുപോകാനുള്ളതായിരുന്നു. കച്ചവടക്കാരുടെ സുരക്ഷയ്ക്കായി ഈ പാതയില്‍ പലയിടത്തും കോട്ടകളും താമസസ്ഥലങ്ങളും നബത്തേയര്‍ ഒരുക്കിയിരുന്നു. എ.ഡി. 106-ല്‍ റോമാക്കാര്‍  സുഗന്ധപാത കീഴടക്കി. അതോടൊപ്പം ഷിവ്ത്തയും മറ്റ് നഗരങ്ങളും റോമാ സൈന്യത്തിന്‍റെ കയ്യിലായി.

നാലാം നൂറ്റാണ്ടില്‍ ബൈസന്‍റൈന്‍ കാലഘട്ടത്തില്‍ നബത്തേയ സമൂഹം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ദൈവാലയം. മൂന്ന് മുഖവാരങ്ങളുടെ നിര്‍മ്മിതിയാണിത്. നടുക്കുള്ള മുഖവാരം മറ്റുള്ളവയിലും ഉയര്‍ന്നു നില്‍ക്കുന്നു. തെക്കേ മുഖവാരത്തില്‍ പഴയകാലത്തിന്‍റെ ചിത്രകല ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. താബോര്‍ അനുഭവമാണ് ഇതെന്ന് 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇവിടം സന്ദര്‍ശിച്ച പുരാവസ്തു വിദഗ്ദര്‍ രേഖപ്പെടുത്തുന്നു. പത്രോസ്, മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് ചിത്രത്തില്‍. ഇതിന്‍റെ താഴെയായി എഴുതപ്പെട്ടിരിക്കുന്ന കുറിപ്പുകള്‍ 640 എ.ഡി യിലെയാണ് എന്ന് കരുതപ്പെടുന്നു. ഇസ്ലാം മതം കീഴടക്കിയതിന് ശേഷമാണ് ഈ കുറിപ്പുകളെന്നത് ഇവിടെ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദത്തിന് ഉദാഹരണമാണ്.

ഉച്ചയ്ക്ക് 2.30 ന് കടുത്ത ചൂടില്‍ ആണ് ദിവ്യബലി അര്‍പ്പിച്ചത്. ചുട്ടുപൊള്ളുന്ന സൂര്യന്‍റെ ചൂടിലും ദൈവം അവിടെ ഒരു ചെറുപുഷ്പം ഒരുക്കിവച്ചിരുന്നു. കല്ലുകള്‍ കൂട്ടിവച്ച ബലിപീഠത്തിനു ചുറ്റും നിന്ന് ഞങ്ങള്‍ ബലിയര്‍പ്പിച്ചു. തലമുറകള്‍ക്കിപ്പുറം അവിടെ യേശുവിന്‍റെ തിരുശരീര-രക്തങ്ങള്‍ അര്‍പ്പിക്കപ്പെടുകയായിരുന്നു.

നമ്മളൊക്കെ ഇല്ലാതായാലും നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വിശ്വാസ സാക്ഷ്യമായി ഇത്തരം ദൈവാലയങ്ങള്‍ നിലകൊള്ളും.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ