മറിയത്തിന്റെ മാതൃത്വം നമ്മളെ എളിമയും ആർദ്രതയും പഠിപ്പിക്കുന്നു

ജനുവരി ഒന്നിനു പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വതിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റ ബസിലിക്കായിലർപ്പിച്ച ദിവ്യബലിയിൽ മറിയത്തിന്റെ വിശ്വാസത്തിന്റെ മനോഹരമായ വശങ്ങൾ  തുറന്നു കാണിച്ചു തന്നു: മറിയം നമ്മുടെയും അമ്മയാണ്, അവളുടെ മാതൃക വഴി നമ്മുടെ ജീവിതങ്ങളിൽ പുണ്യവും ആത്മ പരിത്യാഗങ്ങളും പരിശീലിക്കാൻ നാം പഠിക്കുന്നു.

“അവളുടെ മാതൃത്വം വഴി എളിമയും ആർദ്രതയും ബലഹീനരുടെ പുണ്യമല്ല മറിച്ച് ബലവാന്മാരുടെ പുണ്യമാണന്നു  മറിയം നമ്മളെ കാണിക്കുന്നു,” ഫ്രാൻസീസ് പാപ്പ വചന സന്ദേശത്തിൽ പറഞ്ഞു. “മറിയത്തെ ദൈവമാതാവായും നമ്മുടെ അമ്മയായും പുതുവർഷത്തിലെ ആരംഭത്തിൽത്തന്നെ ആഘോഷിക്കുകയെന്നാൽ നമ്മുടെ ദിവസങ്ങളിൽ തീർച്ചയായും നമ്മളെ അനുധാവനം ചെയ്യുന്ന ഒരു നിശ്ചയത്തിന്റെ ഓർമ്മപ്പെടുത്തലാണ്: അമ്മയുള്ള ജനമാണ് നമ്മൾ, നമ്മൾ അനാഥരല്ല.”

“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” ലൂക്കാ 2:19. യേശുവിന്റെ ജനനാവസരത്തിലും അതിനുശേഷവും ചുറ്റുപാടും നടന്ന സംഭവ വികാസങ്ങൾ മനസ്സിലാക്കാനോ മറിയം പരിശ്രമിക്കുകയാ, സാഹചര്യങ്ങളെ തരണം ചെയ്യാനോ ശ്രമിച്ചില്ല പകരം മറിയം സംഭവിച്ച കാര്യങ്ങളെല്ലാം അവളുടെ ഹൃദയത്തിൽ, ദൈവീക സംരക്ഷണയിൽ സംരക്ഷിച്ചു. ഉള്ളിന്റെയുള്ളിൽ അവളുടെ മകന്റെ ഹൃദയസ്പന്ദനം ശ്രവിക്കാൻ അവൾ പഠിച്ചിരുന്നു, അതവളെ ജീവിതത്തിലുടനീളം ചരിത്രത്തിലുള്ള ദൈവത്തിന്റെ ഹൃദയസ്പന്ദനം കണ്ടുപിടിക്കാൻ പഠിപ്പിച്ചു,” പാപ്പാ തുടർന്നു.

മറിയം സുവിശേങ്ങളിൽ അധികം സംസാരിക്കുന്നില്ല, അവൾ വലിയ പ്രഭാഷണങ്ങൾ നടത്തുന്നില്ല, വിസ്മയകരമായ കാര്യങ്ങൾ ചെയ്യുന്നില്ല, പക്ഷേ മറിയം അവളുടെ മകന്റെ ജീവനും  ദൗത്യവും സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു, അതിനാൽ അവൻ സ്നേഹിക്കുന്ന എല്ലാരും മറിയത്തിന്റെ സംരക്ഷണയിലാണ്.

“എവിടെ അമ്മയുണ്ടോ അവിടെ ആർദ്രതയുണ്ട്,” ലോകത്തെമ്പാടും മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവാലയങ്ങളും, ചാപ്പലുകളും, ചിത്രങ്ങളും നമ്മളെ ഓർമ്മിപ്പിക്കുന്നത് അതാണ്. മറിയത്തിന്റെ ദൈവ മാതൃത്വ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മൾ അനാഥരല്ല നമുക്കു ഒരു അമ്മയുണ്ട് എന്ന സത്യമാണ് നമ്മൾ ഓർമ്മിക്കുന്നത്.

“മറിയത്തിന്റെ മാതൃ ഭാവത്തിൽ, സഭയുടെ അമ്മ ഭാവത്തിൽ, നമ്മുടെ അമ്മമാരുടെ മുഖങ്ങളിൽ, ദൈവത്തിന്റെ നന്മകളെ പുതിയ വർഷത്തിന്റെ ആരംഭത്തിൽ നാം അനുസ്മരിക്കുമ്പോൾ ആത്മീയ അനാഥത്വം എന്ന  നമ്മെ ക്ഷയിപ്പിക്കുന്ന രോഗത്തിൽ നിന്നു മറിയം നമ്മെ സംരക്ഷിക്കുന്നു..

അമ്മയില്ലാത്തവരായും, ദൈവത്തെ ആർദ്രതയില്ലാത്തവനുമായി മനസ്സിലാക്കുമ്പോഴാണ് നമ്മൾ ആത്മീയ അനാഥത്വത്തിലാണന്ന തോന്നലുണ്ടാവുക അല്ലങ്കിൽ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളല്ല എന്ന ചിന്ത നമ്മിൽ വരുമ്പോൾ. ഇതധികം വളർന്നാൽ, ഇതു നമ്മളെ കൂടുതൽ ആത്മീയരഹിതരും, സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുന്നവരുമാക്കി മാറ്റും

“നമ്മൾ സ്വീകരിച്ചിരിക്കുന്ന ദൈവ ദാനമാണ് ജീവിതമെന്നു മറക്കുമ്പോൾ – ഇതു നാം മറ്റുള്ളവരോട് കടപ്പെട്ടതാണ് – നമ്മുടെ പൊതു ഭവനത്തിൽ പങ്കുവയ്ക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഒരു ദാനം” ഈ അനാഥത്വം വളരുമെന്നു മാർപാപ്പ തുടർന്നു.

പക്ഷേ മറിയം തന്റെ കാരുണ്യത്തിലൂടെ അമ്മയുടെ ഊഷ്മളത നമുക്കു നൽകി. ദുരിതങ്ങൾക്കിടയിൽ നമുക്കു അഭയം നൽകുന്ന ഊഷ്മളത, അവളുടെ മകൻ സഭയുടെ ഹൃദയത്തിൽ ആരംഭം കുറിച്ച  ആർദ്രതയുടെ വിപ്ലവം കെടുത്തിക്കളയുന്നതിൽ നിന്നു ആരെയും എന്തിനെയും സംരക്ഷിക്കുന്ന മാതൃത്വത്തിന്റെ ഊഷ്മളത. പാപ്പ പറഞ്ഞു.

നമ്മുടെ സമൂഹത്തിലുള്ള, വ്യക്തി മാഹാത്മ്യത്തിനും, അഹങ്കാര പ്രവണതകൾക്കും, നമ്മുടെ തുറവിയില്ലായ്മക്കും, നിസംങ്കതയ്ക്കും എതിരായുള്ള ഏറ്റവും ശക്തമായ മറുമരുന്ന് അമ്മമാരാണ്. നമ്മുടെ സമൂഹത്തിൽ ആർദ്രതയ്ക്കും ആത്മപരിത്യാഗത്തിനും പ്രതീക്ഷയ്ക്കും സാക്ഷ്യം കൊടുക്കാൻ അമ്മമാർക്കു കഴിയും.

“പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃ തിരുനാൾ നമ്മൾ ആഘോഷിക്കുമ്പോൾ ഒരിക്കൽക്കൂടി അതു നമ്മളെ പുഞ്ചരിപ്പിക്കുന്നു. കാരണം നമ്മൾ ഒരു കുടുംബത്തിൽപ്പെട്ടവരാണന്നും, ഒരു സമൂഹത്തിലുള്ളവരാണന്നും ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ പരസ്പരം മാറ്റത്തക്ക വ്യാപാരച്ചരക്കുകളോ ഇൻഫോർമേഷൻ പ്രോസസ്സുകളോ അല്ല എന്നു ദൈവ മാതൃത്വ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ മക്കളാണ്, നമ്മൾ ഒരു കുടുംബമാണ്, നമ്മൾ ദൈവത്തിന്റെ ജനമാണ്” പാപ്പാ അടിവരയിട്ടു പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.