മറിയം: ദൈവത്തിന്റെ കണ്ണുകളിൽ ഉടക്കിയ സ്ത്രീ

ആകാശവും ഭൂമിയും കരയും കടലും അവയിലെ സമസ്ത ജീവജാലങ്ങളെയും ഉണ്ടാകട്ടെ എന്ന ഒരു വാക്കിൽ സൃഷ്ടിച്ച ദൈവം, ജീവശ്വാസം നല്കി മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ അനുവദിച്ചവൻ, തന്റെ ഏകപുത്രനെ ഭൂമിയിലേക്ക് അയയ്ക്കാൻ പെൺകുട്ടിയുടെ അനുവാദത്തിനായി കാത്തുനിന്നു. അതെ, തന്റെ മകന് അമ്മയാകാൻ സമ്മതം ചോദിക്കാൻ ദൈവദൂതനെ അയക്കുന്നു.

ദൈവത്തിന്റെ കണ്ണ് അവളിൽ ഉടക്കിനിൽക്കാൻ കാരണങ്ങൾ നിരവധിയാണ്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് തെറ്റിയിട്ടില്ലെന്ന് പരിശുദ്ധ മറിയത്തിന്റെ ജീവിതം നമുക്ക് സാക്ഷ്യം നൽകുന്നു. പറഞ്ഞറിയിക്കാൻ മാത്രമുള്ള വിജ്ഞാനമോ, ആടയാഭരണങ്ങളോ ഒന്നുമല്ല. അവളിൽ നിറഞ്ഞുനിന്നിരുന്ന നിഷ്കളങ്കതയും എളിമയും പരസ്നേഹവും ദൈവഭക്തിയും തന്നെയായിരുന്നു. തന്നെപ്പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കാൻ കഴിയുന്ന ഒരു സ്ത്രീക്കു മാത്രമേ സഹോദരനു വേണ്ടി ജീവൻ ബലികഴിക്കുന്നവന്റെ അമ്മയാകാൻ കഴിയൂ. ഈ കഴിവ് പരിശുദ്ധ മറിയത്തിൽ ദൈവപിതാവ് കണ്ടു.

ജീവിതത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനം നല്കാതെ ദൈവത്തിനും സഹജീവികൾക്കുമായി ജീവിതം മാറ്റിവച്ചവൾക്ക് ദൈവദൂതന്റെ ചോദ്യത്തിനു മുമ്പിൽ ‘ഇതാ, കർത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’ എന്നു പറയാൻ യാതൊരു ആശങ്കയും ഇല്ലായിരുന്നു.

ദൈവമാതൃത്വം മറിയത്തിന് നല്കിയത് പട്ടുമെത്തയും സുഖജീവിതവും ആയിരുന്നില്ല. മറിച്ച് കുരിശ് വരെ എത്തിനിന്ന സഹനമായിരുന്നു. ഒറ്റപ്പെടലും കുറ്റപ്പെടുത്തലുമായിരുന്നു. അത്ഭുതപ്രവർത്തകനായ മകന്റെ കഥ കേൾക്കാൻ ആ അമ്മ ഉണ്ടായിരുന്നില്ല. പക്ഷേ അത്ഭുതം പ്രവർത്തിക്കാൻ ആ അമ്മ മകന് വഴികാട്ടിയായി. ആവശ്യത്തിലിരിക്കുന്നവരിലേക്ക് മകന്റെ ശ്രദ്ധ തിരിക്കാൻ അന്നും ഇന്നും ആ അമ്മയുണ്ട്.

മകന്റെ കുരിശിന്റെ വഴികളിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ എന്നാൽ അതിലേറെ സമചിത്തതയോടെ തന്റെ സാന്നിദ്ധ്യത്താൽ മകന് ദൈവഹിതം പൂർത്തിയാക്കാൻ കരുത്ത് പകർന്നുകൊടുത്തു. പുത്രന്റെ മരണത്തോടെ അനാഥരായി എന്നു തോന്നിയ ശിഷ്യഗണത്തെ പരിശുദ്ധാത്മാവിന്റെ നിറവാനായി ഒരുക്കി ഒരുമിച്ചുനിർത്തി. ഇതിനിടയിൽ ഒരിടത്തു പോലും ആ അമ്മ തളർന്നില്ല. ദൈവത്തിനു കൊടുത്ത വാക്ക് പാലിച്ച ആ കന്യകാമറിയത്തെ സ്വർഗ്ഗം എടുത്തുകൊണ്ടു പോയി സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയാക്കി.

എളിമ, ക്ഷമ, സഹനം, ധീരത, സമചിത്തത വിശ്വസ്ത എന്നിവയൊക്കെ ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമുക്ക് അമ്മയോട് മാദ്ധ്യസ്ഥം യാചിക്കാം. അമ്മേ, അമ്മയിൽ വിളങ്ങിയ പുണ്യം ഞങ്ങളിലും നിറക്കാൻ പുത്രനോട് പറയണമേ.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.