പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗ രാജ്ഞി 

പരിശുദ്ധ കന്യകാമറിയത്തെ കത്തോലിക്കാ സഭ രാജ്ഞിയായി വിശേഷിപ്പിക്കുന്നു, പലപ്പോഴും സ്വർഗ്ഗത്തിന്റയും ഭൂമിയുടെയും രാജ്ഞിയായി പ്രകീർത്തിക്കുന്നു. എന്തുകൊണ്ടാണിത്?

ആദ്യമേ തന്നെ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു. “ജന്മ പാപത്തിന്റെ യാതൊരു കളങ്കവുമേശാതെ സംരക്ഷിക്കപ്പെട്ട അമലോത്ഭവ കന്യക, അവളുടെ ഇഹലോകവാസത്തിന്റെ പൂർത്തീകരണത്തിൽ ആത്മ ശരീരത്തോടെ സ്വർഗ്ഗീയ മഹത്വത്തിലേക്കു എടുക്കപ്പെടുകയും സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി അവരോധിക്കപ്പെടുകയും ചെയ്തു. അതു വഴി അവൾ, പാപത്തെയും മരണത്തെയും കീഴ്പ്പെപ്പെടുത്തിയ തന്റെ പുത്രനായ ദൈവമായ കർത്താവിനോടു പർണ്ണമായും സമരൂപപ്പെടേണ്ടതിനാണ്” (CCC 966).

മറിയം സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി അഗീകരിച്ചു കൊണ്ടുള്ള തിരുനാൾ ആഗസ്റ്റു മാസം ഇരുപത്തിരണ്ടാം തീയതി കത്തോലിക്കാ സഭ ആഘോഷിക്കുന്നു.

ദാവീദു രാജാവിന്റെ കാലം തുടങ്ങിയുള്ള ഒരു പുരാതന പാരമ്പര്യം മറിയത്തെ സ്വർഗ്ഗറാണിയായി അംഗീകരിക്കുന്നതിലേക്കു വെളിച്ചം വീശുന്നതാണ്. ദൈവശാസ്ത്രജ്ഞനായ കോളിൻ ബി. ദോണോവന്റെ (Colin B. Donovan ) അഭിപ്രായത്തിൽ “പഴയ നിയമത്തിലെ ദാവീദിന്റെ രാജ വംശത്തിൽ അമ്മ റാണിക്കു രാജഭരണത്തിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. രാജാക്കന്മാർ പലരും മാനുഷിക ബലഹീനതകളാലും സ്വഭാവ വൈകല്യങ്ങളാലും നിരവധി ഭാര്യമാർ ഉള്ളവരും ദുർനടപ്പരുമായിരുന്നു. ഈ ഭാര്യമാരിൽ ആരും തന്നെ തന്നെ രാജ്ഞി പദം അലങ്കരിക്കാൻ യോഗ്യരായിരുന്നില്ല. അതിനാൽ ഈ പദവി രാജാവിന്റെ അമ്മയിൽ നിക്ഷിപ്തമായിരുന്നു. അവരുടെ അധികാരം രാജാാക്കന്മാരുടെ പത്നിമാരെ അതിശയിപ്പിക്കുന്ന വിധത്തിലായിിരുന്നു. സോളമൻ രാജാവിന്റെ ഭരണകാലത്തു അമ്മായ ബേത്ഷബ സോളമനു വേണ്ടി ഭരണം നടത്തിയതിൽ നിന്നു ഇതു വ്യക്തമാണ്.”

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ അമ്മ രാജ്ഞിയെക്കുറിച്ചു പരാമർശമുണ്ട്: “യൂദാരാജാവായ യഹോയാക്കിൻ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും കൊട്ടാരത്തിലെ സേവകന്മാരെയും അവനു അടിയറവച്ചു.” (2 രാജാക്കന്മാർ 24:12).

ദാവീദിന്റെ രാജ്യ വംശത്തിൽ അമ്മ രാജ്ഞി ജനങ്ങളുടെ പരിദേവനങ്ങൾ ശ്രവിച്ച് രാജാവിന്റെ പ്രത്യേക പരിഗണനയ്ക്കായി സമർപ്പിക്കുക പതിവായിരുന്നു.

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയം ചെയ്യുന്നതു ഇതു തന്നെയാണ്.

ഈക്കാരണങ്ങളാൽ സഭ എപ്പോഴും മറിയത്തെ അവളുടെ മകനോടൊപ്പം സ്വർഗ്ഗത്തിൽ രാജ്ഞി പദവി നൽകി ബഹുമാനിക്കുന്നു.

നൂറ്റാണ്ടുകളായി  പൗരസ്ത്യ സഭകളുടെ ഐക്കണുകളിലും പാശ്ചാത്യ സഭകളിലെ പാരമ്പരാഗത ചിത്രങ്ങളിലും മറിയത്തിന്റെ ശിരസ്സിൽ കിരീടം അണിയിച്ചിരിക്കുന്നതായി നമുക്കു കാണാൻ കഴിയും.

സ്വർല്ലോകരാജ്ഞി ആനന്ദിച്ചാലും എന്നുള്ള ഉയർപ്പുകാല ത്രിസന്ധ്യാ ജപം (റെജീനാ ചേളി Regina Caeli – Queen of Heaven) മറിയത്തിന്റെ രാജ്ഞി പദത്തിന്റെ ഓർമ്മപ്പെടുത്തലും അവളുടെ ശക്തമായ മാധ്യസ്ഥം തേടാനുള്ള അവസരവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.