ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിൽ എത്താൻ അമ്മയെ മാതൃകയാക്കാം: പാപ്പാ 

സ്വർഗ്ഗത്തിലേക്കുള്ള വഴി പ്രയാസമേറിയതും ഇടുങ്ങിയതുമാണ്. എങ്കിൽ തന്നെയും ഇടുങ്ങിയ വഴിയിലൂടെ സ്വർഗ്ഗത്തിൽ എത്തിയ പരിശുദ്ധ അമ്മ തന്റെ പക്കൽ സഹായം തേടി എത്തുന്നവരെ സഹായിക്കാനെത്തും എന്ന് ഫ്രാൻസിസ് പാപ്പാ. ഇന്നലെ ഞായറാഴ്ച നടന്ന സായാഹ്ന പ്രാർത്ഥനയിലാണ് പരിശുദ്ധ അമ്മയുടെ സഹായ സാന്നിധ്യത്തെക്കുറിച്ച് പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

പരിശുദ്ധ മറിയത്തെ സ്വർഗ്ഗത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. പരിശുദ്ധ അമ്മ പൂർണ്ണ ഹൃദയത്തോടെ ഈശോയെ തന്റെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തു. അവൾ തനിക്കു മനസിലാകാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും തന്റെ ഹൃദയത്തെ ചൂഴ്ന്നു സങ്കടത്തിന്റെ വാൾ ഇറങ്ങുമ്പോഴും ഈശോയെ നിശബ്ദം പിൻചെന്നിരുന്നു. ഈശോയെ അനുദിനം പിന്തുടരുന്ന മറിയം അവിടുത്തെ ഹൃദയത്തിലേയ്ക്കുള്ള കവാടമായി നിലകൊള്ളുകയും സഹായം അഭ്യർത്ഥിച്ചെത്തുന്നവർക്കു മുന്നിൽ ആ കവാടം തുറന്നു കൊടുക്കുകയും ചെയ്യുന്നു. പാപ്പാ വ്യക്തമാക്കി.

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ വിശാലമാണെന്നു ഈശോ ഒരിക്കലും പറയുന്നില്ല. സ്വർഗ്ഗത്തിലേക്കുള്ള വാതിൽ താണ്ടുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ ക്രിസ്തു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നുണ്ട്. ഇത് ചുരുക്കത്തിൽ രക്ഷയിലേക്കുള്ള ക്ഷണമാണ്. ഈശോയുടെ ഈ ക്ഷണം സ്വീകരിക്കണം എങ്കിൽ ഒരു ഇടുങ്ങിയ വാതിൽ നാം കടക്കേണ്ടതുണ്ട്. പലപ്പോഴും പലർക്കും ഈ വാതിലൂടെ പ്രവേശിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അവർ അശക്തരായി മാറുന്നു. പാപ്പാ ചൂണ്ടിക്കാട്ടി.

രക്ഷിക്കപ്പെടണമെങ്കിൽ ഒരാൾ ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കണം. അത് അത്ര എളുപ്പമുള്ള ഒന്നല്ല. കാരണം അതിനു സമ്പൂർണ്ണ സമർപ്പണവും ഉറപ്പും പരിശ്രമവും സുവിശേഷ മൂല്യങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ആവശ്യമാണ്. പാപ്പാ വിശ്വാസികളോട് പങ്കുവെച്ചു.