തെറ്റുദ്ധരിപ്പിക്കപ്പെടുന്ന മറിയവും ജപമാലയും

ജോസ് ക്ലെമെന്റ്

”മക്കളായ നമുക്ക് മറിയത്തിനു നല്‍കാവുന്നതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ സമ്മാനം ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്നതാണ്.”വിശുദ്ധ ജോണ്‍ മരിയ വിയാനി

പരിശുദ്ധ മറിയത്തെയും ഈ അമ്മ മക്കള്‍ക്കു നല്‍കിയ ജപമാല പ്രാര്‍ത്ഥനയേയും കുറിച്ച് ഒട്ടനവധി തെറ്റുദ്ധരിപ്പിക്കുന്ന വാര്‍ത്തകളും അബദ്ധ സിദ്ധാന്തങ്ങളും ഇന്ന് സഭയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല. നൂറ്റാണ്ടുകളായി തുടരുന്ന ഹീനപ്രവൃത്തിയാണിത്. സഭയില്‍ ആല്‍ബിജെന്‍സിയന്‍ പാഷണ്ഡതയെ തോല്‍പ്പിക്കാനും ഉന്മൂലനം ചെയ്യാനുമാണ് ജപമാല പ്രാര്‍ത്ഥന ആരംഭിച്ചതെങ്കില്‍ എക്കാലവും ഉയര്‍ന്നുവരുന്ന സത്യവിശ്വാസങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങളെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്തിലൂടെ ജപമാലയര്‍പ്പണം വഴി തന്നെ നേരിടാനാകും.

സത്യവിശ്വാസ വിരുദ്ധ ഗ്രൂപ്പുകളും വിവിധ സെക്ടുകളുമാണ് പരിശുദ്ധ ദൈവമാതാവിനെയും ജപമാലയേയും കുറിച്ചെല്ലാം അബദ്ധ പ്രബോധനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ മറിയം ദൈവമാതാവും അമലോത്ഭവയും നിത്യകന്യകയും സ്വര്‍ഗാരോപിതയുമാണ് എന്നതാണ് സഭ പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങള്‍. ഇത് സഭാ മക്കള്‍ വിശ്വസിക്കുന്നു.

യേശു ‘കന്യകാ’ മറിയത്തില്‍ നിന്നും ശരീരമെടുത്ത് മനുഷ്യനായി പിറന്നു എന്ന വിശ്വാസപ്രമാണത്തിലെ ഏറ്റുപറച്ചില്‍ മറിയത്തിന്റെ നിത്യകന്യാത്വത്തെ പ്രകീര്‍ത്തിക്കുന്നതാണ്. ഇത് സഭയുടെ ആദ്യകാലം മുതല്‍ വിശ്വസിച്ചുപോരുന്ന സത്യമാണ്. ഏ.ഡി. 649-ല്‍ നടന്ന ലാറ്ററന്‍ സൂനഹദോസില്‍ മാര്‍ട്ടിന്‍ ഒന്നാമന്‍ പാപ്പാ ഈ വിശ്വാസത്തെ ഒരു സത്യമായി വ്യക്തതയോടെ നിര്‍വചിച്ചിട്ടുണ്ട്. ”അനുഗൃഹീത കന്യകയും അമലോത്ഭവയുമായ മറിയം പുരുഷസംസര്‍ഗം കൂടാതെ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാകുകയും തന്റെ കന്യാത്വത്തിനു ഭംഗംവരുത്താതെ തന്നെ പുത്രനു ജന്മം നല്‍കുകയും ചെയ്തു.” ഇതില്‍ നിന്ന് വ്യക്തമായി ബോധ്യപ്പെടുന്ന കാര്യങ്ങളാണ് യേശുവിന്റെ ജനനത്തിനു മുമ്പും ജനനസമയത്തും ജനനത്തിന് ശേഷവും മറിയം തന്റെ കന്യാത്വം കാത്തുസംരക്ഷിച്ചു എന്നത്. കുപ്രചാരകരുടെ കഴമ്പില്ലാത്ത മൊഴിയാണ് പരിശുദ്ധ മറിയത്തെ മുട്ടതോടിനു സമാനം ചിത്രീകരിക്കുന്നത്. കുഞ്ഞു വിരിഞ്ഞാല്‍ പുറന്തോടിനു പ്രസക്തിയില്ലെന്ന വിഡ്ഢിത്വം.

പരിശുദ്ധ മറിയത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥം ആധികാരികമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. മംഗളവാര്‍ത്ത ലഭിക്കുന്നതുവരെ മറിയം കന്യകയായിരുന്നു (ലൂക്കാ 1:26). ഇമ്മാനുവേലിന്റെ അമ്മ കന്യകയായിരിക്കുമെന്ന് (ഏശ 7:4) ഏശയ്യാ പ്രവാചകനും പ്രവചിച്ചിരുന്നു. ഈ വിശ്വാസ സത്യത്തെ സഭാപിതാവായ വിശുദ്ധ അഗസ്തീനോസ് വ്യാഖ്യാനിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ”കണ്ണാടിയ്ക്ക് പോറലേല്‍പ്പിക്കാതെ സൂര്യപ്രകാശം കടന്നുപോകുന്നതുപോലെ, അടഞ്ഞവാതില്‍ തുറക്കാതെ ഉത്ഥിതന്‍ അകത്തുകടന്നതുപോലെ പരിശുദ്ധ മറിയത്തിന്റെ ഉദരത്തില്‍ നിന്ന് അമ്മയുടെ കന്യാത്വത്തിന് ഭംഗംവരാതെ പുത്രന്‍ ജനിച്ചു.” പരിശുദ്ധ മറിയം നിത്യകന്യകയാണെന്ന വിശ്വസ സത്യത്തിന് ആധികാരികത നല്‍കുന്ന പ്രസ്താവനയാണിത്. ഏ.ഡി. 553-ല്‍ നടന്ന അഞ്ചാം സാര്‍വ്വത്രിക സൂനഹദോസാണ് മറിയത്തിന്റെ നിത്യകന്യാത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

ഗബ്രിയേല്‍ ദൂതനോട് ”ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ” (ലൂക്കാ 1:34) എന്ന മംഗളവാര്‍ത്തയിലെ മറിയത്തിന്റെ പ്രത്യുത്തരവും ”സ്ത്രീയേ, ഇതാ നിന്റെ മകന്‍” (യോഹ 19:26) എന്ന് കുരിശില്‍ കിടന്നുകൊണ്ട് മറിയത്തോടും ”ഇതാ നിന്റെ അമ്മ” (യോഹ 19:27) എന്ന് യോഹന്നാനോടും പറഞ്ഞുകൊണ്ട് അമ്മയെ യോഹന്നാനു ഭരമേല്‍പ്പിച്ചുകൊടുത്തതും പരിശുദ്ധ മറിയത്തിന് യേശുവല്ലാതെ മറ്റു മക്കളില്ലായിരുന്നു എന്നതിന്റെ വലിയ സാക്ഷ്യവും സത്യവുമാണെന്ന് സഭാപിതാവായ ഒരെജന്‍ പറഞ്ഞിട്ടുണ്ട്. പുതിയ നിയമഗ്രന്ഥത്തില്‍ ‘യേശുവിന്റെ സഹോദരന്മാര്‍’ എന്ന പരാമര്‍ശമല്ലാതെ ‘മറിയത്തിന്റെ മക്കള്‍’ എന്ന് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്ന സത്യത്തെയും ഹൃദയവിശാലതയോടെ ഉള്‍ക്കൊള്ളേണ്ടതാണ്. യേശുവിന്റെ സഹോദരന്മാരായി മര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് ”ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ?” (മര്‍ക്കോ 6:3) എന്നാണ്. ഈ സഹോദരബന്ധത്തിന്റെ വിവരണം മര്‍ക്കോസ് സുവിശേഷകന്‍ തന്നെ തുടര്‍ന്നു വ്യക്തമാക്കുന്നുമുണ്ട്. ”യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും” (മര്‍ക്കോ 15:40). ഈ മറിയം യേശുവിന്റെ പീഢാസഹന യാത്രയില്‍ അനുഗമിച്ചിരുന്ന സ്ത്രീകളില്‍ ഒരുവളായിരുന്നു. ഈ മറിയത്തെയാണ് ‘മറ്റേ മറിയം’ (മത്താ 27:56) എന്ന് വിശേഷിപ്പിക്കുന്നത്. ഈ മറിയം ഒരു പക്ഷേ പരിശുദ്ധ മറിയത്തിന്റെയോ വിശുദ്ധ യൗസേപ്പിതാവിന്റെയോ ബന്ധുവായിരുന്നിരിക്കാം. അതിനാലായിരിക്കും അവളുടെ മക്കളെ യേശുവിന്റെ സഹോദരങ്ങളായി (Cousins) വിശേഷിപ്പിച്ചിരിക്കുക. യൂദാസ് തന്റെ ലേഖനത്തില്‍ പ്രാരംഭവാക്യത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് ”യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്” (യൂദാ 1:1) എന്നാണ്. ഇവിടെ സഹോദരനായിട്ടല്ല ദാസനായിട്ടാണ് വിശേഷിപ്പിക്കുന്നത്. യാക്കോബ് ഹല്‍പൈയുടെ പുത്രനായ യാക്കോബ് എന്ന് മര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ചുരുക്കത്തില്‍ യേശുവിന്റെ സഹോദരങ്ങളായി വിശേഷിപ്പിക്കപ്പെട്ടവരാരും പരിശുദ്ധ മറിയത്തിന്റെ മക്കളല്ല. മറിച്ച് കുടുംബബന്ധുക്കളുടെ മക്കളാണെന്ന് സുവിശേഷം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിശുദ്ധ സക്രാരിക്കുമുന്നില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ മനോഭാവത്തോടെയാണ് മറിയത്തോടൊപ്പം യൗസേപ്പ് ജീവിച്ചതെന്ന് വിശുദ്ധ എഫ്രേം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ അഗസ്റ്റിന്റെ പ്രസ്താവനയും പരിശുദ്ധ മറിയത്തിന്റെ കന്യാത്വത്തെക്കുറിച്ചുള്ള വിശ്വാസ പ്രഖ്യാപനമായി സഭ എക്കാലവും സ്വീകരിക്കുന്നു: ”ഗര്‍ഭധാരണത്തിലും കന്യക, പ്രസവത്തിലും കന്യക, നിത്യമായും കന്യക.” ഈ കന്യകയാണ് ജപമാലച്ചരടില്‍ കെട്ടിയിട്ട് ഉത്തരീയത്തണലില്‍ തന്റെ മക്കളെ കാത്തുസംരക്ഷിക്കുന്നത്. ചരിത്രം ജന്മം നല്‍കിയ ‘മറിയ’മാര്‍ ധാരാളമുണ്ടെങ്കിലും പരിശുദ്ധ കന്യാമറിയം മാത്രം നമുക്ക് അമ്മയായിത്തീര്‍ന്നു. അതിന്റെ പ്രധാനകാരണവും കന്യാത്വം നഷ്ടപ്പെടാതെ തിരുക്കുമാരന് ജന്മം നല്‍കിയെന്ന സവിശേഷതയാണ്.

ഈ അമ്മ നമുക്ക് നല്‍കിയ തീക്ഷ്ണമായ നന്മയാണ് ജപമാല. ഈ ജപമാലയെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്കു മുന്നില്‍ ഇത് വലിയൊരു ആയുധം തന്നെയായി പരിണമിക്കുന്ന അത്ഭുതസാക്ഷ്യങ്ങള്‍ വര്‍ത്തമാനകാലത്തും പ്രകടമാകുന്നുണ്ട്. നാം ജപമാല കരങ്ങളിലെടുക്കുമ്പോള്‍ അത് തുടങ്ങുന്നത് ഒരു കുരിശില്‍ നിന്നാണ്. ഒടുവില്‍ കരങ്ങളെത്തുന്നതും ഈ കുരിശില്‍ തന്നെ. പുത്രനുമായുള്ള അഭേദ്യമായ ബന്ധമാണ് നന്മനിറഞ്ഞ മറിയത്തിന്റെ ഹാരത്തിലെ ഈ അമൂല്യ കുരിശ്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായോട് മൂന്നവസരങ്ങളിലായി ചോദിച്ച ഒരേ ചോദ്യത്തിന് പാപ്പായ്ക്ക് ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ”ക്രാക്കോവിലെ പാറമടയില്‍ തൊഴിലാളിയായിരുന്ന കരോള്‍ വൊയ്റ്റീവയുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്തായിരുന്നു?”, ”സഭാ നൗകയുടെ അമരത്ത് ജോണ്‍പോള്‍ രണ്ടാമനായി അവരോധിതനായപ്പോള്‍ അങ്ങയുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന എന്തായിരുന്നു?”, പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി വിറക്കുന്ന കരങ്ങളുമായിരുന്നവസരത്തില്‍ പാപ്പായുടെ പ്രാര്‍ത്ഥന എന്തായിരുന്നു?” ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി ഒറ്റ മറുപടിയാണുണ്ടായിരുന്നത് – ‘ജപമാല’. അതുകൊണ്ടാണ് ഈ വിശുദ്ധപാപ്പാ നിത്യവും ഉരുവിട്ടിരുന്നത് ”അമ്മേ നിത്യവും ഞാന്‍ പൂര്‍ണ്ണമായും നിന്റേതാകുന്നു”വെന്ന്.

നമ്മള്‍ മരിയഭക്തരും ജപമാല സ്‌നേഹികളുമൊക്കെയായി അറിയപ്പെടുമ്പോള്‍ നമുക്കും ഇപ്രകാരം പറയാന്‍ സാധിച്ചിട്ടുണ്ടോ? ‘അമ്മേ ഞാന്‍ പൂര്‍ണ്ണമായും നിന്റേതാണെന്ന്!” പ്രതിലോമ ശക്തികളെ പരാജയപ്പെടുത്തിക്കൊണ്ട് അമ്മയുടെ അപദാനങ്ങളെ പാടിപ്പുകഴ്ത്തണമെങ്കില്‍ ഈയൊരു ബോധ്യം ഉള്ളിന്റെയുള്ളിലുണ്ടാകണം. എങ്കില്‍ മാത്രമേ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള തെറ്റുദ്ധാരണകളില്‍ ഉള്‍പ്പെടാതെയിരിക്കാനാവുകയേയുള്ളൂ. അപ്പോഴെ പരിശുദ്ധ മറിയം പുറന്തോടല്ലെന്നും എന്നും എപ്പോഴും നമ്മുടെ രക്ഷാകവചമാണെന്നും, ജപമാലയെക്കുറിച്ചുള്ള കുപ്രചാരണങ്ങളില്‍ അഭിരമിക്കാതിരിക്കാനും സാധിക്കുകയുള്ളൂ.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.