ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം

ഏഴ് വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്നു. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്.

സി. ആൽസലം റാഞ്ചി സ്വദേശിയായിരുന്നു തൻ്റെ അറുപതാം പിറന്നാളിനു നാലു ദിവസം മുമ്പാണ് രക്തസാക്ഷിയായത്. റുവാണ്ടയിൽ നിന്നുള്ള സി. റെജിനെറ്റേ മുപ്പതാം വയസ്സിലാണ് രക്തസാക്ഷിയായത് നാലു പേരിൽ പ്രായം കുറഞ്ഞ സിസ്റ്റർ റെജിനെറ്റ ആയിരുന്നു. നാൽപത്തൊന്നുകാരിയായ സി. ജൂഡിത്തിൻ്റെ സ്വദേശം കെനിയ ആയിരുന്നു. റുവാണ്ടയിൽ നിന്നു തന്നെയുള്ള സി. മർഗുരേറ്റി നാൽപത്തിനാലാം വയസ്സിലാണ് ഈശോയ്ക്കു വേണ്ടി രക്തസാക്ഷിയായത്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ സാലി അത്ഭുതകരമായാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. സഭയുടെ വളർച്ചയ്ക്കു രക്തം നൽകിയ ഇന്നിൻ്റെ രക്തസാക്ഷികളെന്നും ഉപവിയുടെ രക്തസാക്ഷികളെന്നുമാണ് ഫ്രാൻസിസ് പാപ്പ ഇവരുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചത്.

ഏദനിലെ രക്തസാക്ഷിത്വത്തിൻ്റെ നേർസാക്ഷിയും അവരുടെ ആത്മീയ പിതാവുമായ ഫാ. ടോം ഉഴുന്നാലിൽ തൻ്റെ വിമോചനത്തിനു ശേഷം റോമിൽ സലേഷ്യൻ വാർത്താഏജൻസിയായ ANS (Agenzia Info Salesina) നു നൽകിയ അഭിമുഖത്തിൽ ആ ദിനത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു. “2016 മാർച്ചു 4 വെള്ളിയാഴ്ച അഞ്ചു സിസ്റ്റഴ്സിനു വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനയ്ക്കും ആശീർവ്വാദത്തിനും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീടു വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു. എതാണ്ടു 8.40നു ഞാൻ സിസ്റ്റഴ്സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയതേയുള്ളു. ഉടനെ ഒരു വെടിയൊച്ച ഞാൻ കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യാക്കാരനാണന്നു വിളിച്ചു പറഞ്ഞു.

സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിനടുത്തുള്ള സെക്യൂരിറ്റി റൂമിന്റെ സമീപം ഒരം കസേരയിൽ അവൻ എന്നെ ഇരുത്തി. സിസ്റ്റേഴ്സ് വൃദ്ധ ജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. ആക്രമികളുടെ തലവൻ സിസ്റ്റേഴ്സിന്റെ അടുത്തേക്കു ചെന്നു ആദ്യം രണ്ടു സിസ്റ്റർമാരെ കൊണ്ടുവന്നു. പിന്നിടു തിരികെ പോയി രണ്ടു പേരെ കൂടി മുഖ്യ കവാടത്തിലേക്കു കൊണ്ടുവന്നു. അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി അയാൾ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സിസ്റ്റർമാരെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥലത്തേക്കു അയാൾ വീണ്ടും വന്നു. ആദ്യം രണ്ടു പേരെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നു മാറ്റി നിറഴൊഴിച്ചു. മറ്റു രണ്ടു പേരേ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഇതെല്ലാം ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലാണു സംഭവിച്ചത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നു അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാൻ കരഞ്ഞില്ല. മരണഭയം എന്നെ അലട്ടിയില്ല.

പിന്നീട് കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ (കാറിൽ സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) എന്ന അകത്താക്കി വാതിലടച്ചു. പിന്നീട് അവൻ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്തു എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. അവർ എന്നെയും കൊണ്ടുപോയി. ഞാൻ തീവ്ര ദു:ഖത്തിലായി. സിസ്റ്റേഴ്സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമേ എന്നും കൊലയാളികളോടും ക്ഷമിക്കണമേ എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവമേ നിന്റെ ഹിതം അംഗീകരിക്കാനും എപ്പോഴും വിശ്വസ്തനായിരിക്കാൻ ശക്തിയും കൃപയും തരണമേ എന്നു ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിനു എന്നെ കൊണ്ടു നിറവേറ്റേണ്ട ദൗത്യത്തോടും എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു.”

NB: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർന്ന മണ്ണിൽ സഭാതരു തഴച്ചു വളരുക തന്നെ ചെയ്യും.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.