
ഒഡീഷയിലെ പാവപ്പെട്ട ഗോത്രവർഗ്ഗക്കാർക്കിടയിൽ പ്രവർത്തിച്ച ഫാ. അരുൾദാസിന്റെ 21-ാമത്തെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് ബാലസോർ രൂപത. പാർശ്വവത്കരിക്കപ്പെട്ട താഴേക്കിടയിലുള്ള ദരിദ്രരായ ആളുകൾക്കുവേണ്ടിയാണ് അദ്ദേഹം തന്റെ ജീവൻ ബലിയർപ്പിച്ചത്.
കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോക്ക്ഡൗൺ നിയമങ്ങളും ചട്ടങ്ങളും കണക്കിലെടുത്ത് പത്ത് വൈദികരും ഏഴ് സഹോദരിമാരും മാത്രമാണ് സേവനങ്ങളിൽ പങ്കെടുത്തത്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഗ്രാമമായ ജംബാനിയിൽ 1999 സെപ്റ്റംബർ 1-ന് രാത്രിയിൽ ഹിന്ദുതീവ്രവാദികളുടെ ഒരു സംഘം ഫാ. അരുൾദാസിനെ ആക്രമിക്കുകയായിരുന്നു. ഓസ്ട്രേലിയൻ മിഷനറി ആയിരുന്ന എബ്രഹാം സ്റ്റുവാർട്ട് സ്റ്റെയിൻസും രണ്ട് ആൺമക്കളും ഇതേ ജില്ലയിലെ മനോഹർപൂരിൽ വച്ച് പൊള്ളലേറ്റ് മരിച്ചതിന്, ഒൻപതു മാസത്തിനുശേഷമാണ് ഈ വൈദികൻ കൊല്ലപ്പെടുന്നത്.
“ബാലസോർ രൂപതയ്ക്കായി ധൈര്യവും പ്രതിബദ്ധതയുമുള്ള ഒരാളെ നൽകിയതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. ഫാ. അരുൾദാസിന്റെ മദ്ധ്യസ്ഥതയിലൂടെ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. അദ്ദേഹം ശാരീരികമായി ഇവിടെ ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും സജീവമാണ്” – വികാരി ജനറലായ ഫാ. ജാദു മറാണ്ടി പറഞ്ഞു. അദ്ദേഹം കൊല്ലപ്പെട്ട സ്ഥലത്ത് ഇന്ന് അനേകർ തീർത്ഥാടനത്തിനായി എത്തുന്നു.