മാർ ജോസഫ് പവ്വത്തിലിന് മാർത്തോമ്മ പുരസ്കാരം

അല്മായർക്കു വേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ ചങ്ങനാശേരി മാർത്തോമ്മ വിദ്യാനികേതൻ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മ പുരസ്കാരത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അർഹനായതായി അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

ഭാരതീയവും പൗരസ്ത്യവുമായ ക്രിസ്തീയ പൈതൃകത്തിന്‍റെ പരിപോഷണാർത്ഥം നിസ്തുല സംഭാവനകളർപ്പിച്ചവരെ ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് മാർത്തോമ്മ പുരസ്കാരം.

കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, ഡോ. പി.സി. അനിയൻകുഞ്ഞ്, ജോജി ചിറയിൽ എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.

ജൂലൈ മൂന്നിനു രാവിലെ പത്ത് മണിക്ക് മാർത്തോമ്മ വിദ്യാനികേതൻ ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം അവാർഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

സാർവത്രിക കത്തോലിക്കസഭാ കൂട്ടായ്മയിൽ സീറോ മലബാർ സഭയുടെ പൈതൃക സംരക്ഷണത്തിന് ഈടുറ്റ നേതൃത്വം നല്കിയ മേലധ്യക്ഷനാണ് മാർ പവ്വത്തിലെന്ന് അവാർഡ് നിര്‍ണ്ണായകസമിതി ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ഈടുറ്റ ഇടയലേഖനങ്ങളിലൂടെയും ഒട്ടനവധി ഗ്രന്ഥങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അതിലുപരി നിലപാടുകളിലൂടെയും സഭയുടെ പൗരസ്ത്യ പാരമ്പര്യത്തിന്‍റെയും ന്യൂനപക്ഷ അവകാശത്തിന്‍റെയും സംരക്ഷകനായി അദ്ദേഹം മാനിക്കപ്പെടുന്നു.

സീറോ മലബാർ സഭയുടെ തനിമയുടെ സംരക്ഷണത്തിനു നൽകിയ ഈടുറ്റ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ സീറോ മലബാർ സഭയുടെ കിരീടം എന്നും വിശേഷിപ്പിച്ചു. 2000 ജൂബിലി വർഷത്തിൽ ആരംഭിച്ച മാർത്തോമ്മാ പുരസ്കാരത്തിന്‍റെ 11-ാമത്തെ ജേതാവാണ് മാർ പവ്വത്തിൽ.