നമ്മുടെ അമ്മ

ഫാ. ബോവസ് മാത്യു

അമ്മ – എന്ന പദത്തോട് നമുക്ക് വല്ലാത്ത അടുപ്പമാണുള്ളത്. ഒരു പദത്തോട് ഇത്ര അടുപ്പം വരുമെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തോട് നമുക്കുള്ള ബന്ധം എത്രയോ വലുതാണ്. എല്ലാവരേയും സംബന്ധിച്ച് ഇതായിരിക്കണം അനുഭവം. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങളാണ് നാം കേള്‍ക്കുന്നതും കാണുന്നതും. ഇവയൊന്നും നാം ഒരിക്കലും കേള്‍ക്കുവാനും കാണുവാനും ആഗ്രഹിക്കുന്നില്ല. നമ്മുടെ അമ്മമാര്‍ക്ക് എന്തുപറ്റി. മാതൃത്വത്തിന്‍റെ മഹത്വം നഷ്ടപ്പെടുത്തുന്നവര്‍ ആരാണ്. മഹനീയമായ മാതൃത്വത്തിന് ആരാണ് ഒരു മാതൃക.

കുടുംബങ്ങളിലാണ് മാതൃത്വം ഏറ്റവും ഉന്നതമായ നിലയില്‍ ആഘോഷിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും. എന്നാല്‍ കുടുംബങ്ങള്‍ മാതൃത്വത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഭൗതികലോകം വച്ചുനീട്ടിയ പലതുമാണ്. ഭവനത്തിന്റെ നടുത്തളങ്ങളില്‍ നിന്നും അമ്മമാര്‍ പിന്നാമ്പുറങ്ങളിലേക്കും വശങ്ങളിലേക്കും തള്ളിമാറ്റപ്പെട്ടു. അവിടം കണ്ണീര്‍ക്കയങ്ങളായി. മാതൃത്വം അവമതിക്കപ്പെടുന്നതിന് കാരണങ്ങള്‍ പലതാണ്. അവ അന്വേഷിച്ച് പോകുമ്പോള്‍ ഭവനങ്ങളില്‍ തന്നെ അതിന്റെ കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ നിന്നും തലതിരിച്ചപ്പോള്‍ അമ്മയെന്ന വലിയ യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്ത് വായിക്കേണ്ട അതിന്‍റെ ആത്മീയ അംശം നഷ്ടപ്പെട്ടു തുടങ്ങി. ഇവിടെയായിരുന്നു തകര്‍ച്ചകളുടെ തുടക്കം.

അമ്മ ഒരു ഉപകരണമോ, യന്ത്രമോ ആയി തീര്‍ന്നു. ഭവനങ്ങളിലെ സ്വീകരണമുറികളില്‍ കര്‍ത്താവിന്റെ സ്ഥാനം കരസ്ഥമാക്കിയ ടിവിയെന്ന വിനോദോപാധി കൊണ്ടു വന്ന നാശത്തിന്റെ സംസ്കാരം നമ്മുടെ കുടുംബങ്ങളെ മൂല്യതകര്‍ച്ചയിലേക്ക് നയിച്ചു. ടിവി സിരീയലുകള്‍ സ്ത്രീത്വത്തെ ഏറ്റവും മോശമായി ചിത്രീകരിച്ചു. ഇതിന്‍റെ ഏറ്റവും വലിയ ഇര അമ്മയായിരുന്നു. അമ്മയാകുന്നതില്‍ അഭിമാനം തോന്നുന്ന തലമുറ നമുക്ക് നഷ്ടമായി. ഭൗതിക ലോകം വെച്ചുനീട്ടുന്ന നൈമിഷിക സുഖങ്ങള്‍ അമ്മയെന്ന യാഥാര്‍ത്ഥ്യത്തിന് മുകളിലായി. അമ്മമാര്‍ തന്നെ കുഞ്ഞുങ്ങളുടെ ഘാതകരായിത്തീരുന്നു. കുഞ്ഞുങ്ങള്‍ ഏറ്റവും സുരക്ഷിതരാണെന്ന് നാം കരുതുന്ന ഗര്‍ഭപാത്രങ്ങള്‍ കൊലക്കളങ്ങളായി മാറുന്നു. മാതൃത്വത്തെ അതിന്‍റെ മഹത്വത്തിലേക്ക് കൊണ്ടുവരുന്നതിന് നാം എന്ത് ചെയ്യണം. ആരാണ് നമുക്കിതിനൊരു മാതൃക.

കൈക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാനായി ബേത്ലഹേമില്‍ നിന്നും ഈജിപ്തിലേക്ക് ഓടി പോകുന്ന ഒരു അമ്മയെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. പരിശുദ്ധ കന്യകമറിയം. മാതൃത്വത്തിന്റെ മഹനീയ മാതൃക. തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ ശുശ്രൂഷിക്കുവാനായി യുദായായിലെ അവളുടെ ഭവനത്തിലേക്ക് തിടുക്കത്തില്‍ യാത്രയാകുന്ന മറിയം മാതൃത്വത്തെ സ്നേഹിച്ചവളും ശുശ്രൂഷിച്ചവളുമാണ്. അതുവഴി മാതൃത്വത്തിന്റെ മഹനീയ മാതൃകയാണ് വിശുദ്ധ കന്യക മറിയം പകര്‍ന്നു നല്‍കിയത്. പരിശുദ്ധ കത്തോലിക്കാ സഭയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ സ്ഥാനം അതുല്യമാണ്. സഭാ ജീവിതമാകുന്ന തീര്‍ത്ഥാടനത്തില്‍ പരിശുദ്ധ അമ്മ നല്‍കുന്ന മാതൃകയും മദ്ധ്യസ്ഥതയും അളവില്ലാത്തതാണ്.

ഫാ. ബോവസ് മാത്യു, Chief Editor, Kristhava Kahalam

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.