ഒറ്റമുറി വീട്ടില്‍ നിന്നും എന്നെ വളര്‍ത്തിയത്‌ ദൈവമാണ്: മലയാളി ഗവേഷകന്റെ സാക്ഷ്യം

2014 – ല്‍ അറബിക്കടലിലെ മിനിക്കോയ് ദ്വീപില്‍ നിന്നും ചരിത്രത്തില്‍ ആദ്യമായി കോപ്പിപോഡുകളിലെ പുതിയ ഒരിനത്തെ കണ്ടെത്തിയ ഗവേഷകനാണ് സനു വി. ഫ്രാന്‍സിസ്. ഒറ്റമുറി വീട്ടിലെ തന്റെ ബാല്യത്തെയും മാതാപിതാക്കള്‍ പകര്‍ന്നു തന്ന വിശ്വാസത്തെയും അദ്ദേഹം ഓര്‍മ്മിക്കുന്നു. മറൈന്‍ ബയോളജി ഗവേഷകനായ അദ്ദേഹം ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം ശ്രദ്ധേയമാണ്.  

വർണ്ണങ്ങള്‍ വാരിവിതറുന്ന എൽ ഇ ഡി ലൈറ്റുകളും ഡപ്പാം കൂത്ത് പാട്ടുമായി ഒരു ടൂറിസ്റ്റ് ബസ് മുന്നിൽ വന്നു നിന്നു. കൊച്ചി കാണാൻ വന്ന പ്ലസ് ടു കുട്ടികൾ ആണ്. എല്ലാവരും ഒത്തിരി സന്തോഷത്തിൽ. പുതിയ വസ്ത്രങ്ങൾ, ഷൂസുകൾ, കൂളിംഗ് ഗ്ലാസ്സുകൾ ഒക്കെ വച്ച്  ബോളിവുഡ് നടന്മാരെയും നടിമാരെയും ഒക്കെ അനുസ്മരിപ്പിക്കുന്ന ചന്തത്തിലാണ് കുട്ടികള്‍ എല്ലാം. സുന്ദരന്മാരും സുന്ദരികളും! അവരങ്ങനെ സന്തോഷിച്ചു, കലപില കൂടി, കാഴ്ചകൾ ഒക്കെ കണ്ടു മുന്നോട്ടു നീങ്ങുന്നു. കുറച്ചു നേരം അവരെ നോക്കി നിന്നു. ഞാന്‍ പോലും അറിയാതെ മനസ് എന്റെ ബാല്യത്തിലേയ്ക്ക് നീങ്ങി. സ്കൂൾ കാലഘട്ടം മുതൽ ഡിഗ്രി വരെ എനിക്ക് സഹപാഠികളോടൊപ്പം ഒരു വിനോദയാത്രക്കുപോലും പോകുവാൻ സാധിച്ചിരുന്നില്ല എന്നതാകാം മനസ് പിന്നിലേയ്ക്ക് പോകനുണ്ടായ കാരണം.

ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ നിത്യവൃത്തിക്കായി ഒരുപാടു കഷ്ട്ടപ്പെടുന്ന എൻ്റെ മാതാപിതാക്കളോട് ഒരിക്കൽ പോലും എനിക്ക് ടൂർ പോകാൻ പൈസ തരാമോ എന്ന് ചോദിക്കാൻ കഴിയുമായിരുന്നില്ല. ചോദിച്ചിട്ടും ഇല്ല. പത്താം തരം പഠിക്കുമ്പോൾ പപ്പാ എന്നോട് ചോദിച്ചു: “മോനെ നിനക്ക് ടൂർ പോവണ്ടേ ഈ വർഷം? ഇത്രയും വർഷം നീ എവിടെയും പോയിട്ടില്ലല്ലോ; കൂട്ടുകാരുടെ ഒപ്പം നിനക്കും പോവണ്ടേ? പപ്പാ ആരോടെങ്കിലും ചോദിച്ചു ടൂർ പോവാനുള്ള പൈസ മേടിച്ചു തരാം.”

എനിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ഉടന്‍ ഉത്തരം നല്‍കി. “പോകുന്നില്ല പപ്പാ, എനിക്ക് താല്പര്യം ഇല്ല.” ചോർന്നൊലിക്കുന്ന വീട്ടിൽ തറയിൽ നിറയെ പാത്രങ്ങൾ നിരത്തി വച്ച് നനയാത്ത ഇടം നോക്കി ചുരുണ്ടു കൂടി ഇരുന്നു പഠിച്ച എനിക്ക്, എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്നെങ്കിൽ പപ്പ ആ മേൽക്കൂരയ്ക്ക് മുകളിൽ കുറച്ചു ടാർ പായ വാങ്ങി ഇട്ടു തന്നേനെ. അതിനേക്കാൾ വലുതൊന്നും അല്ലല്ലോ കൂട്ടുകാരോടൊപ്പം ഉള്ള വിനോദയാത്രകൾ!

പപ്പ അപ്പോൾ ഒന്നും പറഞ്ഞില്ല. രാത്രി കുരിശു വരയും അത്താഴവും ഒക്കെ കഴിഞ്ഞു ഞാനും പപ്പയും കെട്ടിപ്പിച്ചു പായയിൽ കിടക്കാറുണ്ട്. അപ്പോൾ എന്നോടു പറഞ്ഞു: “മോൻ ജനിച്ചിട്ട് ഈ നാട്ടിൻപുറം അല്ലാതെ വേറെ എവിടെയും പോയിട്ടില്ലല്ലോ. മോനെ ദൈവം എല്ലായിടത്തും കൊണ്ടുപോയി കാണിക്കും, ട്ടോ. എന്റെ മോന്  ദൈവം എല്ലാത്തിനും അവസരം തരും.” ആ കണ്ണുകൾ നിറയുന്നത് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലും എനിക്ക് കാണാമായിരുന്നു.

പിന്നീട് പ്ലസ് ടു പഠനത്തിന് ശേഷം തുടർ പഠനത്തിനു സാമ്പത്തികമായി നിർവ്വാഹമില്ലാത്തതിനാല്‌ ഒരു വര്ഷം വീട്ടിൽ ഇരിക്കേണ്ടി വന്നു. തുടർ പഠനം മുടങ്ങി പോകുമോ എന്ന് വരെ ഭയന്നു. തുടർന്ന് അടുത്ത വര്ഷം ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി. തുടക്കത്തിൽ ദിനവും കോളേജിൽ പോകുവാൻ ബസ് കൂലി പോലും എടുക്കാൻ ഇല്ലാത്തതിനാൽ കുറുക്കു വഴികൾ  താണ്ടി നടന്നു  പോകുമായിരുന്നു. പിന്നീട് അവധി ദിനങ്ങളിൽ വീടുകൾ തോറും കയറി ഇറങ്ങി  പുസ്തക വിൽപന നടത്തി പഠനത്തിനുള്ള വക കണ്ടെത്തി തുടങ്ങിയപ്പോൾ പോലും പഠനയാത്ര പോകുവാൻ തോന്നിയില്ല. ഡിഗ്രിക്ക് പഠനയാത്ര പോകാതെ ഇരുന്നത് കൊണ്ട് വന്ന നഷ്ടം കുറച്ചു ഇന്റെര്ണല്‍ മാർക്കുകൾ കുറഞ്ഞു പോയി എന്നത്  മാത്രം ആയിരുന്നു.

ദൈവത്തിന്റെ കരങ്ങൾ

പിന്നീടാണ് ദൈവത്തിന്റെ കരങ്ങൾ എന്നെ ഉയർത്തി തുടങ്ങിയത്. എൻട്രൻസ് പരീക്ഷ എഴുതി എം എസ് സി പഠനത്തിന് അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യം സഹായമായി വന്നത് ഞങ്ങൾ ‘മാലാഖ’ എന്ന് വിശേഷിപ്പിക്കാറുള്ള ഒരു വൈദികൻ ആയിരുന്നു. പിന്നീട് പപ്പ കുഞ്ഞു നാളിൽ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. പഠനത്തിനും ഗവേഷണത്തിനുമായി ഒത്തിരി യാത്രകൾ. ഒരുപാടു സ്ഥലങ്ങൾ, ഒരുപാടു നല്ല മനുഷ്യർ,  മനോഹരമായ നിമിഷങ്ങൾ, പ്രകൃതിയുടെ വര്ണക്കാഴ്ചകൾ, കടലിൽ മീൻ പിടുത്തക്കാരോടൊപ്പം ദിവസങ്ങളോളം നീളുന്ന യാത്ര, ഗവേഷണ കപ്പലിൽ മാസങ്ങളോളം, സ്കൂബ ഡൈവിങ് വഴി കടലിന്റെ ആഴങ്ങളിൽ നിരവധി തവണ, ആകാശത്തില്‍, കരയിൽ… അങ്ങനെ ഒരു സാധാരണ മനുഷ്യന് എത്തി ചേരാൻ കഴിയാത്ത അനുഭവങ്ങളിലൂടെ ദൈവം എന്നെ കൈപിടിച്ച് കൊണ്ടുപോവുകയായിരുന്നു.

അറബിക്കടലിലെ ഒരു പവിഴ ദ്വീപ് 

ഒടുവിൽ അറബിക്കടലിലെ ഒരു പവിഴ ദ്വീപിന്റെ അടിത്തട്ടിലെ  പവിഴനിരകൾക്കിടയിൽ നിന്ന് കടലിലെ ജൈവ വൈവിധ്യം നിലനിന്ന് പോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ജീവിയെ ശാസ്ത്ര ലോകത്തിൽ ആദ്യമായി എന്റെ കൈകളിലേക്ക് ദൈവം എടുത്തു വച്ച് തന്നു! അതിനെ പുതുതായി നാമകരണം ചെയ്തു അന്താരാഷ്ട്ര പ്രബന്ധമായി ശാസ്ത്രലോകത്തിനു സമർപ്പിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത് ഉല്പത്തി പുസ്തകത്തിലെ ഒരു വാക്യം ആയിരുന്നു. “ദൈവമായ കർത്താവു ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണിൽ നിന്ന് രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യൻ എന്ത് പേരിടുമെന്നു അറിയാൻ അവിടുന്ന് അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്ക്കു പേരായി തീർന്നു.” ദൈവം സൃഷ്ടിച്ച മനോഹര സൃഷ്ടികളിൽ ഉള്ളവയെ  കണ്ടെത്താനും പേര് ചൊല്ലി വിളിക്കാനും ഒത്തിരി ഇനിയും ബാക്കി നിൽക്കുന്നു, അവയിൽ നിർണായകമായ ഒന്നിനെ എന്റെ കണ്മുന്നിൽ കൊണ്ടുതന്നു; അതിനു ഒരു പേര് ചൊല്ലി വിളിക്കാനുള്ള ഭാഗ്യം സർവശക്തനായ ദൈവം ഈ എളിയവനും തന്നു – ദൈവത്തിനു മഹത്വം.

കോപ്പിപോഡുകളിലെ പുതിയ ഒരിനത്തെയാണ് ചരിത്രത്തില്‍ ആദ്യമായി സനു വി. ഫ്രാന്‍സിസ്, 2014 – ല്‍ അറബിക്കടലിലെ മിനിക്കോയ് ദ്വീപില്‍ നിന്നും കണ്ടെത്തിയത്. സമുദ്ര ആവാസവ്യവസ്ഥയിലെ സുപ്രധാന കണ്ണിയാണ് ‘കോപ്പിപോഡു’കൾ. കടലിലെ ആഹാര ശൃംഖലയില്‍ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മല്‍സ്യസമ്പത്തും സമുദ്രത്തിലെ എല്ലാ ജീവിവിഭാഗങ്ങളും നിലനില്‍ക്കുന്നത്. ‘ടോര്‍ട്ടാനസ് മിനികോയെന്‍സിസ്’ എന്നാണ് അദ്ദേഹം അതിനു പേര് നല്‍കിയത്. ‘ടര്‍ക്കിഷ് ജേര്‍ണല്‍ ഓഫ് സുവോളജി’യില്‍ 2019 – ല്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

പിന്നീടും ഒത്തിരി ജീവികളുടെ വർഗീകരണവും അവയുടെ ജനിതക ഘടനയെപറ്റി  പഠിക്കാനും ഭാഗ്യം സിദ്ധിച്ചു. ആ ഗവേഷണങ്ങളും അന്വേഷണങ്ങളും ഇപ്പോളും തുടർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ പഠിച്ചു വരുംതോറും ഇതിന്റെയെല്ലാം സൃഷ്ടാവായ ദൈവത്തെ ഓർത്തു അദ്‌ഭുതപ്പെടാറുണ്ട്. ഇതിനെല്ലാം അടിസ്ഥാനം എന്റെ പപ്പയുടെയും മമ്മയുടെയും പ്രാർത്ഥനയും കഷ്ടപ്പാടുമാണ്. അന്ന് ആ മണ്ണെണ്ണ  വിളക്കിൻറെ അരണ്ട വെളിച്ചത്തിലെ കണ്ണുനീർ സർവശക്തനായ ദൈവം കണ്ടിരുന്നു. മകനെ, നിനക്ക് ദൈവം അവസരങ്ങൾ തരും എന്ന് അന്ന് പറഞ്ഞ വാക്കുകൾ ദൈവം അവിടുത്തെ തിരുമനസിൽ മറക്കാതെ കരുതി വെച്ചിട്ടുണ്ടായിരുന്നു.

പ്ലസ് ടുവിനു ശേഷം തുടർ പഠനം നിന്ന് പോയ എന്നെ ഗവേഷകനാക്കി മാറ്റിയതും അവിടുന്നാണ്. കാൻസർ രോഗ ബാധിതയായി കഴിഞ്ഞ വർഷം ദൈവത്തിന്റെ പക്കലേക്കു പോയ മമ്മ എപ്പോളും എനിക്ക് തരാറുള്ള ഉപദേശവും അത് തന്നെ  ആയിരുന്നു: “മകനെ ദൈവത്തോട് സദാ  സമയവും പ്രാർത്ഥിക്കുക, നിനക്ക് ആവശ്യമുള്ളത് ആവശ്യമുള്ള സമയത്തു തരും.”

കുട്ടികളോട് എനിക്കൊരു കാര്യം പറയാനുണ്ട്‌

നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാതാപിതാക്കൾ സാധിച്ചു തരുന്നില്ല എന്ന് സങ്കടപ്പെടാറുണ്ടോ? എനിക്ക് മോട്ടോർ സൈക്കിൾ, പുതിയ മൊബൈൽ, പുതിയ മോഡൽ ഡ്രസ്സ്, ഷൂസ്, ആഭരണങ്ങൾ ഇല്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാറുണ്ടോ? അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂടെ ‘ട്രിപ്പ്’ അടിക്കാൻ സമ്മതിക്കുന്നില്ലല്ലോ എന്ന് ഓർക്കാറുണ്ടോ? ഇതൊക്കെ ചോദിക്കുമ്പോൾ ആദ്യം നിങ്ങൾ സ്വയം ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും – ഇതൊക്കെ എനിക്കിപ്പോൾ ആവശ്യമാണോ എന്ന്.

നമ്മുടെ മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങൾ എത്ര ഉയർന്നതായാലും മോശമായാലും ശരി, വളർച്ചയുടെ ഓരോ ഘട്ടത്തിലും നമുക്ക് ആവശ്യമുള്ളത് അവർ തരും. ഇനി അത് അവരെക്കൊണ്ടു സാധിച്ചില്ലെങ്കിൽ ദൈവം നമുക്ക് സാധിച്ചു തരും.

മാതാപിതാക്കളോടും ഒരു വാക്ക് 

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ കഴിയാതെ നിങ്ങൾ എന്നെങ്കിലും വിഷമിച്ചിട്ടുണ്ടോ? നിങ്ങളുടെ സങ്കടങ്ങൾ ദൈവത്തിന്റെ സങ്കടങ്ങൾ കൂടിയാണ്.. അവിടുന്ന് എല്ലാം മനസ്സിൽ കരുതി വച്ച് യഥാ സമയത്തു അവർക്കു വേണ്ടത് കൊടുത്തുകൊള്ളും. കാരണം നിങ്ങളുടെയും ദൈവത്തിന്റെയും മനസ്സ് ഒന്ന് തന്നെയാണ്.

ദൈവത്തിന്റെ കരം പിടിച്ചാണ് നമ്മള്‍ എല്ലാവരും നടക്കുന്നത്. അത് മറക്കരുത്!

6 COMMENTS

  1. Wow! Really an inspirational and motivating one. Really appreciate dear Dr. Sanu. Never stop. Ur research
    Let it come out with flying colours by God,s grace. May God bless you. With good lucks, Fr. Jobi Malamel CMI

  2. ഇന്ന് ലോകത്തിൽ പല ഉന്നത സ്ഥാനം അലങ്കരിക്കുന്ന പലരും ഇതുപോലെ കഷ്ടപാടുകൾ അനുഭവിച്ചവരാകാം അവരെല്ലാം ദൈവവിസ്വാസി കൾ ആയിരിക്കുമോ? പലവിശ്വാസികളും ഒന്നും ആകാദെ മണ്മറഞ്ഞു ഞ്ഞുപോയി അപ്പോൾ പറയും അവന്ന് സ്വർഗത്തിൽ എല്ലാം കിട്ടുമെന്ന് യുക്തിയുള്ളവർ ചിന്തിക്കില്ലേ

  3. എല്ലാവരും വിശ്വസികൾ ആകണം എന്നില്ല എന്നാൽ സമൂഹത്തിൽ നമ്മൾ ജീവിക്കുബോൾ നല്ല ഒരു അപ്പനും അമ്മയും ആകാനും നല്ല മക്കൾ ആകാനും മറ്റുള്ളവരുടെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും അവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയിതു കൊടുത്തും നമ്മൾ മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുക. ദൈവം ഇല്ല എന്നു തോന്നുമായിരിക്കും. ഇപ്പോൾ കൊറോണ വന്നു എത്രയോ ആളുകൾ ദിവസവും മരിക്കുന്നു ഇത്രയും കാലം ഈ വർണ്ണ കാഴ്ചകൾ ജീവിക്കാൻ നമുക്ക് അവസരം തന്ന അതൃശ്ശയമായ ശക്തി അതാണ് ദൈവം.

  4. ഈ  ഭൂമിയിൽ എല്ലാ മനുഷ്യരും തുല്യരായി ജനിക്കുന്നു, തുല്യരായി മരിക്കുന്നു… അതിനിടയിലെ ജീവിതത്തിൽ അസമത്വങ്ങൾ സംഭവിക്കുന്നു എങ്ങനെ? വിശ്വാസികൾ അവിശ്വാസികൾ ഇവരെയൊക്കെ മാറ്റി നിർത്തി പച്ച മനുഷ്യരായി നോക്കിയാലും ഉത്തരം കണ്ടെത്താനാകുമോ?  കോടീശ്വരന്മാരായാലും ലോകത്തിൽ സന്തോഷം കണ്ടെത്താനാകുമോ? ദരിദ്രനായാലും അവൻ സന്തോഷം അനുഭവിക്കുന്നില്ല എന്ന് കരുതാൻ ആകുമോ?ദാരിദ്ര്യവും അസമത്വവും അരക്ഷിതാവസ്ഥയും ഈ ലോകത്തിൽ നിറഞ്ഞതു മനുഷ്യന്റെ സ്വാർത്ഥത കൊണ്ടുമാത്രമാണ്… സ്വന്തം കഴിവുകൊണ്ടോ അല്ലാതെയോ ഉയര്ന്ന നിലയിൽ എത്തിച്ചേർന്നവർ കൂടെയുള്ളവനെ ചേർത്ത് പിടിക്കാറുണ്ടോ? അവന്റെ കഷ്ടപ്പാടിൽ കൂടെ നിൽക്കാറുണ്ടോ? ദൈവ വിശ്വാസികൾ ആണെങ്കിലും അല്ലെങ്കിലും നല്ല ഒരു മനുഷ്യ ജീവി ആയി സ്വന്തം കുടുംബത്തെയും സമൂഹത്തെയും പ്രകൃതിയെയും സ്നേഹിച്ചു ചേർത്ത് പിടിക്കാൻ ആകുന്നുണ്ടെങ്കിൽ അതിനെയാണ് ദൈവ ചൈതന്യം എന്ന് വിളിക്കാൻ ആവുക.. ചിലർ അതിനെ തിരിച്ചറിഞ്ഞു ജീവിക്കുന്നു അത്രേയുള്ളു..

Leave a Reply to AnonymousCancel reply