നീ ഭാഗ്യമുള്ളവള്‍

ഫാ. സിജോ കണ്ണമ്പുഴ OM

തമിഴ് ഭാഷയില്‍ എഴുതപ്പെട്ടതില്‍ വച്ച് ഏറ്റവും മനോഹരമായ കൃതികളില്‍ ഒന്നാണ് തിരുവുള്ളവരുടെ തിരുക്കുറള്‍. പ്രാചീന കാലത്ത് എഴുതപ്പെട്ട ഈ കൃതി, ഗാന്ധിജി, ടോള്‍സ്റ്റോയ്‌ മുതലായ പലരേയും സ്വാധീനിച്ചിട്ടുണ്ട്. 1330 വാക്യങ്ങളുള്ള ഈ രചനയിലെ 69-ആം വാക്യം ഇങ്ങനെയാണ്. “ഒരമ്മക്ക് സ്വന്തം മകന്‍ ‘ജ്ഞാനി’ എന്ന് വിളിക്കപ്പെടുന്നത് കേള്‍ക്കുമ്പോള്‍ ആ മകനെ ജന്മം നകിയതിനേക്കാള്‍ കൂടുതല്‍ സന്തോഷം അനുഭവപ്പെടും.”

“അവന്‍ ഇത്‌ അരുളിച്ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന്‌ ഒരു സ്‌ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ” (ലൂക്കാ 11:27). മറിയത്തിന്‍റെ ജീവിതം ലോകത്തിന്‍റെ കണ്ണുകളിലൂടെ നോക്കിയാല്‍ ഒരു പരാജയമാണ്. ‘ആരുടെയോ’ മകനുവേണ്ടി ഗര്‍ഭം ധരിക്കേണ്ടിവന്നവള്‍. നേരത്തേതന്നെ പങ്കാളിയെ നഷ്ടപ്പെട്ടവള്‍, യാത്രകളും അലച്ചിലുകളും നിറഞ്ഞ ഒരു ജീവിതം, അവസാനം സ്വന്തം മകനെപ്പോലും കൊല്ലുന്നത് കാണേണ്ടി വന്ന ഹതഭാഗ്യ.

പക്ഷേ കാലം അവള്‍ക്കും കാത്തുവച്ചിരുന്നു ചില സുകൃതങ്ങള്‍. ഇങ്ങനെ ഒരു മകന് ജന്മം നല്‍കാനായതില്‍ അവളെ അനുമോദിക്കുന്ന ഒരു സ്ത്രീയെയാണ് നാം വചനങ്ങളില്‍ കണ്ടുമുട്ടുക. ഈശോ ചെയ്ത നന്മകളും അത്ഭുതങ്ങളും അടയാളങ്ങളും തീര്‍ച്ചയായും മറിയത്തിന്‍റെ ചെവിയിലും എത്തിയിരിക്കണം. പലരും അവളെ അനുമോദിച്ചിരിക്കണം. താന്‍ നടന്നു തീര്‍ത്ത കനല്‍വഴികളില്‍ അവസാനം കൃപയുടെ ലില്ലിപ്പൂക്കള്‍ വിടരുന്നത് കണ്ട് അവള്‍ പിന്നെയും സ്തോത്രഗീതം പാടിയിരിക്കണം.

നീ അവശേഷിപ്പിച്ചു പോകുന്ന നന്മകള്‍, നിന്‍റെ പേരും പേറി ഈ ഭൂമുഖത്തുതന്നെ അലയുന്നുണ്ട്, അപ്പൂപ്പന്‍താടികള്‍ പോലെ. ഒരു പക്ഷെ അത് കാണാനും കേള്‍ക്കാനും നിനക്ക് കഴിയില്ലായിരിക്കും. പക്ഷെ അറിയുക, നീ ചെയ്യുന്ന ഓരോ നന്മയും ഈ പ്രപഞ്ചത്തെ കൂടുതല്‍ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു, ഓരോ വിരിയുന്ന പൂവും ഈ പ്രപഞ്ചത്തെ സുന്ദരമാക്കുന്നപോലെ. പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.