മറിയം ത്രേസ്യ – കുടുംബങ്ങളുടെ കെടാവിളക്ക്

ആഗോളസഭയ്ക്ക് അഭിമാനവും അലങ്കാരവുമാണ് വി. മറിയം ത്രേസ്യാ. കാലത്തിനും സമയത്തിനും നവീകരണത്തിന്റെ പുത്തന്‍വെളിച്ചം പകര്‍ന്ന്, തകര്‍ന്ന കുടുംബങ്ങളിലേയ്ക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി കടന്നുവന്ന വാനമ്പാടിയായിരുന്നു അവള്‍.

പാരമ്പര്യവും കുലീനത്വവും നിറഞ്ഞ ചിറമ്മല്‍ മങ്കിടിയാന്‍ തോമാ-താണ്ട ദമ്പതികളുടെ തൃതീയസന്താനമായി പുത്തന്‍ചിറ ഗ്രാമത്തില്‍ 1876 ഏപ്രില്‍ 26-ന് ത്രേസ്യാ ജനിച്ചു. താരാട്ടുപാട്ടിനൊപ്പം അമ്മ, മകളുടെ കുഞ്ഞുകാതില്‍ മന്ത്രിച്ചു. ‘എന്റെ മകള്‍ ദൈവത്തിന്റ ഇഷ്ടപ്പെട്ട കുഞ്ഞായി വളരണം, ഈശോയെ സ്‌നേഹിക്കണം’ എന്ന്. നന്മ-തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ 6 വയസ്സുകാരി ത്രേസ്യായുടെ ഇളംമനസ്സില്‍ പൊങ്ങിവന്ന ചിന്തയായിരുന്നു ദൈവത്തെ സ്‌നേഹിക്കാന്‍ പ്രായം വേണ്ട. ദൈവപ്രിതീ മാത്രം ലക്ഷ്യമാക്കിയ ത്രേസ്യാ, വീട്ടിലും ത്യാഗനിര്‍ഭരമായ അദ്ധ്വാനത്തിലൂടെ ഉപവാസം അനുഷ്ഠിക്കുക, ഉറക്കമിളച്ച് പ്രാര്‍ത്ഥിക്കുക, ചരല്‍വിരിപ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക, അതില്‍ തന്നെ കിടന്നുറങ്ങുക തുടങ്ങിയ പ്രക്രിയകളില്‍ സന്തോഷം കണ്ടെത്തി.

ഓര്‍മ്മ വച്ച നാള്‍ മുതല്‍ പരിശുദ്ധ അമ്മയുടെ സനേഹവും സാന്നിധ്യവും അനുഭവിച്ചുകൊണ്ടിരുന്ന ത്രേസ്യാ, 12-ാം വയസ്സില്‍ തന്റെ സ്വന്തം അമ്മ മരിച്ചപ്പോള്‍ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു. 3 1/2 വയസ്സില്‍ ത്രേസ്യായെ ജപമാല ചൊല്ലാന്‍ പഠിപ്പിച്ച പരിശുദ്ധ അമ്മ, തന്നെ മാതൃതുല്യം സ്‌നേഹിക്കുന്ന ത്രേസ്യായ്ക്ക് തന്റെ നാമം തന്നെ ചേര്‍ത്ത് ഇനിമുതല്‍ ‘മറിയം ത്രേസ്യാ’ എന്നു വിളിക്കണമെന്ന നിര്‍ദ്ദേശം ആത്മപിതാവിന് കൊടുത്തത് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും വിസ്മയനീയവുമാണ്.

മഠത്തില്‍ ചേര്‍ന്ന് ദൈവത്തെ സ്‌നേഹിക്കാന്‍ അതിയായി ആഗ്രഹിച്ച ത്രേസ്യായ്ക്കു മുന്നില്‍ എല്ലാവാതിലുകളും അടഞ്ഞപ്പോഴും പ്രാര്‍ത്ഥനയിലും ഭക്തകൃത്യങ്ങളിലും പ്രായശ്ചിത്ത പ്രവൃത്തികളിലും കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള ശുശ്രൂഷകളിലും ത്യാഗപൂര്‍വ്വം മുഴുകി വീട്ടില്‍ തന്നെ നിന്നു. സ്ത്രീകള്‍ പുറത്തിറങ്ങുന്നത് അനാചാരമായി കരുതിയിരുന്ന സമൂഹമധ്യത്തിലേയ്ക്കാണ് ത്രേസ്യാ, തന്റെ കൂട്ടുകാരുമൊത്ത് ഇറങ്ങിച്ചെന്നത്.

എനിക്ക് ദാഹിക്കുന്നു എന്ന യേശുവിന്റെ വാക്കുകള്‍ സദാ ചെവികളല്‍ മുഴങ്ങിക്കേട്ട ത്രേസ്യാ, വേദനിക്കുന്നവരെയും രോഗികളെയും പാപികളെയും ആരോരുമില്ലാത്തവരെയും തേടി കാലില്‍ ചിറകും, ഹൃദയത്തില്‍ ദൈവസ്‌നേഹാഗ്നിയുമായി കുടുംബങ്ങളിലേയ്ക്കും വഴിയോരങ്ങളിലേയ്ക്കും ഇറങ്ങിത്തിരിച്ചു. ദൈവത്തിന്റെ ശക്തമായ ഇടപെടലുകള്‍ ജീവിതത്തില്‍ അനുസ്യൂതം അനുഭവിച്ചുകൊണ്ടിരുന്ന ത്രേസ്യാ, 1902-ല്‍ പുത്തന്‍ചിറ വികാരിയായി നിയമിതമായ ബഹു. ജോസഫ് വിതയത്തിലച്ചനെ തന്റെ ആത്മപിതാവായി സ്വീകരിച്ചു. തപസും പ്രായശ്ചിത്തവും ആത്മപിതാവിന്റെ ഉപദേശങ്ങളും പൈശാചിക പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ത്രേസ്യായ്ക്ക് ശക്തി നല്‍കി. കര്‍ത്താവിന്റെ പീഢാനുഭവങ്ങളെ സ്വഹൃദയത്തോടു ചേര്‍ത്തുവച്ച ത്രേസ്യായ്ക്ക് ഈശോ പഞ്ചക്ഷതങ്ങള്‍ സമ്മാനിച്ചു.

മഠത്തില്‍ ചേരാനുള്ള ത്രേസ്യായുടെ അദമ്യമായ ആഗ്രഹം മനസിലാക്കിയ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ യോഹന്നാന്‍ മേനാച്ചേരി പിതാവ്, ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ പോയി താമസിക്കുവാന്‍ കല്‍പന നല്‍കി. ത്രേസ്യായുടെ സ്വഭാവമഹിമയും, തീക്ഷ്ണമായ പ്രാര്‍ത്ഥനയും, പഞ്ചക്ഷതാനുഭവങ്ങളും കണ്ട് ബോധ്യപ്പെട്ട ഗുരുത്തിയമ്മ സി. എവുപ്രാസിയ (വി. എവുപ്രാസിയ) കര്‍മ്മലീത്താ മഠത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചു. ഒരു കര്‍മ്മലീത്ത സന്യാസിനിയാവുകയെന്നതല്ല തന്റെ ദൈവവിളിയെന്ന് തിരിച്ചറിഞ്ഞ ത്രേസ്യാ, അക്കാര്യം തന്റെ ആത്മപിതാവിനെ അറിയിച്ചു. ഈ സമയത്തു തന്നെയാണ് പുത്തന്‍ചിറക്കാര്‍ ത്രേസ്യായെ തിരിച്ചു കൊണ്ടുവരുവാനുള്ള നിവേദനവുമായി മെത്രാനച്ചനെ സമീപിക്കുന്നതും. ഇക്കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ അഭിവന്ദ്യ മേനാച്ചേരി പിതാവ് അവളെ പുത്തന്‍ചിറയിലേയ്ക്ക് പോകന്‍ അനുവദിച്ചു.

1913-ല്‍ ആത്മീയപിതാവ് പുത്തന്‍ചിറയില്‍ അവള്‍ക്കും 3 കൂട്ടുകാര്‍ക്കും താമസിക്കാനായി ഒരു ഏകാന്തഭവനം പണികഴിപ്പിച്ചു കൊടുത്തു. ഈ ഭവനമാണ് പീന്നീട് തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്റെ പ്രഥമ ഭവനമായി മാറിയത്. തുടുംബങ്ങള്‍ക്കു വേണ്ടി ഒരു സന്യാസിനീ സമൂഹമെന്ന  ത്രേസ്യായുടെ ചിരകാല സ്വപ്നം 1914 മെയ് 14 -ന് പൂവണിഞ്ഞു. അമ്മയുടെ സുകൃതജീവിതം കണ്ട് അനേകം യുവതികള്‍ കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് തിരിക്കുടുംബസഭയില്‍ ചേര്‍ന്ന് സന്യാസം സ്വീകരിച്ചു.

1926 മെയ് 10-ാം തീയതി തുമ്പൂര്‍ മഠത്തിന്റെ ആശീര്‍വാദ കര്‍മ്മസമയത്ത് മദ്ബഹായുടെ ക്രാസിക്കാല്‍ കാലില്‍ വീണ് അമ്മയുടെ കാലില്‍ വലിയ മുറിവുണ്ടാവുകയും അത് മരണകാരണമാവുകയും ചെയ്തു. 1926 ജൂണ്‍ 8-ാം തീയതി ആ പാവനാത്മാവ് തന്റെ 50-ാമത്തെ വയസ്സില്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.
അനേകം കുടുംബങ്ങളില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ മദര്‍ മറിയം ത്രേസ്യായെ, 2000 ഏപ്രില്‍ 9-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ഉയര്‍ത്തി. സ്ത്രീകളാണ് കുടുംബത്തിന്റെ വിളക്ക്. അവരുടെ ഉന്നമനത്തിലൂടെ ശ്രേയസ്‌കരമായ കുടുംബങ്ങളെയും വരുംതലമുറയെയും വാര്‍ത്തെടുക്കാമെന്നുള്ള വി. മറിയം ത്രേസ്യായുടെ ക്രാന്തികദര്‍ശികത്വം ഏറെ പ്രസക്തമാണ്.

‘എന്റെ രക്ഷ ലോകാതിര്‍ത്തി വരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും’ (എശയ്യാ 49:6). ഈ തിരുവചനം ഇന്നിവിടെ ചുരുള്‍ നിവര്‍ത്തുകയാണ്. 2019 ഒക്‌ടോബര്‍ 13-ന് പരിശുദ്ധ ഫ്രാന്‍സീസ് പാപ്പായാല്‍ ആഗോളസഭയിലും, വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന വി. മറിയം ത്രേസ്യായിടെ മുമ്പില്‍ നമുക്ക് കൈകള്‍ കൂപ്പാം.

ആ കെടാവിളക്ക് നമ്മുടെ ഹൃദയത്തിലും ജ്വലിച്ചു നില്‍ക്കട്ടെ.

കടപ്പാട്: ഹോളി ഫാമിലി സന്യാസിനി സമൂഹം 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.