യുദ്ധകാലത്തെ മരിയന്‍ രൂപങ്ങള്‍ മെത്രാന്മാര്‍ പരസ്പരം കൈമാറി

ഫാല്‍ക്ക്‌ലാന്‍ഡ് യുദ്ധത്തിന്റെ 37 വര്‍ഷങ്ങള്‍ക്കു ശേഷം സമാധാനശ്രമങ്ങളുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടനിലെയും അര്‍ജന്റീനയിലെയും മിലിട്ടറി മെത്രാന്മാര്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങള്‍ പരസ്പരം കൈമാറി. ഫാല്‍ക്ക്‌ലാന്‍ഡ് ദ്വീപിനെ ചൊല്ലി അര്‍ജന്റീനയും ബ്രിട്ടനും തമ്മിലുണ്ടായ പത്തുദിവസം നീണ്ട അപ്രഖ്യാപിത യുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടന്റെ പക്കലെത്തിയ പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടന്‍ അര്‍ജന്റീനക്ക് തിരിച്ചു നല്‍കിയത്.

ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ചു നടന്ന ഫ്രാന്‍സിസ് പാപ്പയുടെ പൊതു അഭിസംബോധനക്കിടയിലാണ് ഇംഗ്ലീഷ് മിലിട്ടറി മെത്രാനായ പോള്‍ മേസണ്‍, അര്‍ജന്റീനിയന്‍ മെത്രാനായ സാന്റിയാഗോ ഒലിവേരക്ക് അനുരഞ്ജനത്തിന്റെ മാതൃകയുമായി രൂപം കൈമാറിയത്. 1630-ലേതെന്ന് കരുതപ്പെടുന്ന ഔര്‍ ലേഡി ഓഫ് ലുജാന്‍, മാതാവിന്റെ യഥാര്‍ത്ഥ രൂപത്തിന്റെ പകര്‍പ്പാണ്.

1982-ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ഫാല്‍ക്ക്‌ലാന്‍ഡ് ദ്വീപ് പിടിച്ചെടുക്കാനെത്തിയ അര്‍ജന്റീനിയന്‍ സൈന്യം വഹിച്ച രൂപമായിരുന്നു അര്‍ജന്റീനയുടെ മദ്ധ്യസ്ഥ കൂടിയായ ഔര്‍ ലേഡി ഓഫ് ലുജാന്‍ എന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ പകര്‍പ്പ്. യുദ്ധത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് രൂപം ഫാല്‍ക്ക്‌ലാന്‍ഡിലെ കത്തോലിക്കാ സഭാനേതൃത്വത്തിന്റെ കൈകളിലെത്തുകയും അവര്‍ ഇത് ബ്രിട്ടീഷ് സൈന്യത്തിലെ കത്തോലിക്കാ വൈദികന് കൈമാറുകയുമായിരിന്നു. ഇതിനു പകരം ആള്‍ഡര്‍ഷോട്ടില്‍ സൂക്ഷിക്കുവാനായി ഈ രൂപത്തിന്റെ ഒരു പകര്‍പ്പ് അര്‍ജന്റീനിയന്‍ ബിഷപ്പ് ബ്രിട്ടീഷ് മെത്രാനും കൈമാറി. ഇരുരൂപങ്ങളും മാര്‍പാപ്പ ആശീര്‍വദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.