അറിവുകള്‍ക്കപ്പുറം അമ്മ

സി. ജിസ്മി SMC

മാതൃത്വം മഹനീയമാണ്. ആ മഹനീയ മാതൃത്വത്തിൻ്റെ ഉത്തുംഗശൃംഗത്തിൽ നിൽക്കുന്നവളാണ് പരിശുദ്ധ കന്യാമറിയം. അമ്മയുടെ ഉദരമാണ് ജീവൻറെ കൃഷിയിടം. ഒരോ കൃഷി ഇടത്തിൻ്റെയും ഗുണങ്ങളാണ് വ്യക്തി ഗുണങ്ങളായി പരിണമിക്കുക. സ്നേഹമില്ലാത്ത അമ്മയുടെ ഉദരം കാരാഗൃഹമോ മരുഭൂമിയോ ആയി മാറാം. അവിടെ വളരുന്ന മരുപ്പച്ചകൾ മുള്ളു നിറഞ്ഞതും വന്യസ്വഭാവം ഉള്ളവയും ആകും. പരിശുദ്ധ അമ്മയുടെ ഉദരഫലം അനുഗ്രഹീതമായത് ഉദരം അനുഗ്രഹീതമായതിനാലാണ്.

ദൈവപുത്രന് പിറക്കാൻ കാലിത്തൊഴുത്തും വളരാൻ തച്ചൻ്റെപുരയും മതിയെന്നു കണ്ട ദൈവം, മനുഷ്യപുത്രൻ ഉരുവാകേണ്ട ഉദരത്തിൻറെ വിശുദ്ധി തിരഞ്ഞെടുപ്പിന് ആധാരമാക്കി മാറ്റി. ആ വിശുദ്ധി, ഗബ്രിയേൽ മാലാഖ പോലും മറിയത്തെ നോക്കി സ്തുതിക്കാൻ തക്കവണ്ണം മഹനീയമായിരുന്നു. (നന്മ നിറഞ്ഞവളെ നിനക്കു സ്തുതി) പ്രപഞ്ച സത്യങ്ങളുടെ സൃഷ്ടാവായ ദൈവം പിതൃസ്ഥാനത്ത് നിൽക്കുമ്പോൾ, ലോകത്തിൻറെ മാതാവാകാൻ മനുഷ്യരിൽ നിന്നും ക്ഷണിക്കപ്പെട്ടവളാണ് പരിശുദ്ധ കന്യകാമറിയം. പരിശുദ്ധാത്മാവിനാൽ ദൈവത്തിൻറെ മണവാട്ടിയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ അവൾ ലോകത്തിൻറെ അമ്മയായി മാറിക്കഴിഞ്ഞു. കുരിശിൽ തൂങ്ങി മരിക്കാൻ വേണ്ടി ഒരു മകനെ പെറ്റ് വളർത്തുന്ന അമ്മയുടെ മനസ്സിനെക്കുറിച്ച് ചിന്തിച്ചാൽ മാത്രം മതി അമ്മയുടെ മഹത്വത്തിൻ്റെ ആഴമറിയാൻ.

ദൈവ സ്നേഹത്തിൻറെ വ്യാപ്തിയറിയാൻ ത്യാഗം വിലയായി നൽകേണ്ടിവരുമെന്ന് അറിഞ്ഞ അമ്മ ഈറ്റു നോവിനാൽ പുളയുമ്പോഴും മുട്ടി വിളിച്ച വാതിലുകൾ കൊട്ടിയടച്ചവർക്ക് നേരെ മുഖം കറുപ്പിച്ചില്ല. ദൈവപുത്രന് ജന്മംനൽകാൻ വൈക്കോൽ വിരിപ്പ് സമ്മാനിച്ച ദൈവത്തിന് നേരെ പരിഭവിച്ചതും ഇല്ല. അങ്ങനെ ആ രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ബത്ലഹേമിൻറെ വിജനതയിലൂടെ കുഞ്ഞുമായി പാലായനം ചെയ്തതും താൻ ഏറ്റെടുത്ത ദൗത്യത്തിൻറെ ഭാഗമായി സ്വീകരിച്ചവളാണ് പരിശുദ്ധ അമ്മ. അങ്ങനെ ദൈവഹിതം തിരിച്ചറിഞ്ഞ് തൻറെ ഓമന പുത്രനെ കുരിശിലേക്ക് വളർത്തുകയായിരുന്നു പരിശുദ്ധ കന്യാമറിയം. ആ അമ്മ ഒരിക്കലും ദൈവപുത്രനു പിറക്കാൻ ഗർഭപാത്രം സംഭാവന നൽകിയവൾ മാത്രമല്ല. ജന്മംകൊണ്ടും കർമ്മം കൊണ്ടും ദൈവത്തിൻറെ മണവാട്ടിയും ലോകത്തിൻറെ അമ്മയും ആയി മാറിയവളാണ്. മനുഷ്യത്വം മനസ്സിലും ദൈവത്വം ഉദരത്തിലും വഹിച്ച്, പൊന്തക്കാടുകൾ താണ്ടി, ഇളയ അമ്മയ്ക്ക് ദാസ്യവേല ചെയ്യാൻ പോകുമ്പോഴും, വഴിയും സത്യവും ജീവനും ആയവൻ എൻ്റെ ഉള്ളിൽ ഉണ്ട് എന്ന് ഉറപ്പ് അമ്മയ്ക്ക് ഉണ്ടായിരുന്നു. അമ്മയുടെ വാക്കുകൾ മകൻ തിരസ്കരിക്കില്ല എന്ന വിശ്വാസമാണ് കാനായിലെ കല്യാണ വിരുന്നിലും നാം കാണുന്നത്. സ്നേഹമാകുന്ന ഈശോയെ ഉദരത്തിൽ വഹിച്ച അമ്മയ്ക്ക് ഓരോ മക്കളുടെയും ആവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും. ഓരോ ഹൃദയവും തൻറെ ദിവ്യകുമാരന് വസിക്കാനുള്ള ആലയമാണെന്ന് തിരിച്ചറിയുന്നവളാണ് അമ്മ.

ആ അമ്മ നമ്മുടെ ആത്മീയതയുടെ ദാസിയായി വന്ന് ഹൃദയഭിത്തിയിലെ മാറാലകൾ തൂത്ത്, കണ്ണുനീരിൽ മുക്കിയ തൂവാലകൊണ്ട് തുടച്ച്, പരസ്നേഹത്തിൻറെ മെത്ത വിരിച്ച് ദിവ്യകുമാരനായി അലങ്കരിച്ചു നൽകും. അതിനായി ഈ നോമ്പുകാലത്ത് അമ്മയെ ക്ഷണിച്ചുവരുത്താം. ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായെ പരിശുദ്ധ അമ്മ വഴി ലോകത്തിന് നൽകിയ ദൈവം, അമ്മയിലൂടെ തന്നെ അവിടുത്തെ കൃപാവരങ്ങൾ ഒന്നൊന്നായി നമ്മിലേക്ക് ചൊരിയും. നമുക്കും അമ്മയിലൂടെ ഈശോയിലേക്ക് യാത്രയാകാം.

സി. ജിസ്മി സെബാസ്റ്റ്യൻ SMC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.