മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 6

You are in the wrong seat!

നസ്രത്തിലെ കന്യകയിൽ എളിമയുടെ പാരമ്യം കണ്ടാവാം ദൈവം അവളെ ഉയർത്തിയത്. ദൈവത്തിന്റെ കരുണയ്ക്ക് എപ്പോഴും കാരണഭൂതരായി ഭവിക്കുന്നത് താഴേക്കിടയിൽ ഉള്ളവരാണ്. വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ പിൻസീറ്റിലേക്ക് മാറി ഇരുന്നാൽ മുന്നിലേക്ക് ക്ഷണിക്കപ്പെടാം എന്ന് അവൻ വചനത്തിൽ പറയുന്നത് കേൾക്കുക. ഈയിടെ നമ്മുടെ കണ്ണുകൾ കണ്ടത് ആരും മറന്നിട്ടുണ്ടാവില്ല. രാണു മരിയ മൊണ്ടൽ എന്ന സ്ത്രീ വിശപ്പിന്റെ ആധിക്യത്തിൽ തളർന്നിരുന്ന പാടുന്ന സീറ്റിൽ നിന്നും എത്രവേഗമാണ് ബോളിവുഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടത് .

ദീർഘകാലമായി ദൈവം നിഷേധിച്ചത് ഒരു നിമിഷം കൊണ്ട് തിരികെ തരാനും ക്രിസ്തുവിനാകും. ചില ജന്മങ്ങൾ ദൈവദൂതന്മാരെ പോലെ അരികിലണയുവാൻ എളിമയോടെ നാം കാത്തിരിക്കണം. അപ്പോൾ റോങ് സീറ്റിൽ നിന്നും കയറിപോരുകയെന്ന വിളിയുണ്ടാകും. ഇനിമുതൽ തലമുറകൾ തോറും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കുമെന്ന് മറിയത്തിനു പാടാനായത് സ്വർഗം അവളെ ദൈവമാതാവ് എന്ന സീറ്റിലേക്ക് മാറ്റിയിരുത്തിയപ്പോഴല്ലേ? വിശുദ്ധിയുടെ പടവുകൾ കയറാൻ അമ്മയെപ്പോലെ എളിമയുടെ സീറ്റിലേക്ക് ഒന്ന് മാറിയിരിക്കാം..

റോസിനാ പീറ്റി