മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 5

ക്രിസ്തുവിന്റെ ഇഷ്ടങ്ങൾ എന്തെന്ന് പരിശുദ്ധ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് കൃത്യമായി അറിയാനാവുക? മകന്റെ ഓരോ ചലനങ്ങളിലും പുതിയ തുടക്കങ്ങളിലും അവൻ ചേർത്തുവച്ച കരുതലും സ്നേഹവുമൊക്കെ ആവോളം അനുഭവിച്ച് ആനന്ദമടഞ്ഞവളാണ് മറിയം. ഈ ലോകത്തിൽ ഏറ്റവുമധികം സന്തോഷവും സ്നേഹവും അനുഭവിച്ചവളും അതുപോലെ തന്നെ ഏറ്റവും കഠോരമായ വേദനകള്‍ ഏറ്റുവാങ്ങിയവളും ഈ അമ്മ തന്നെ.

ഉണ്ണിയായി പിറന്ന ദൈവകുമാരനെ കൈകളിലേന്തി സ്നേഹം മാത്രമായവന്റെ പുഞ്ചിരിയിൽ ഹൃദയം ജ്വലിച്ചവൾ, അതുപോലെ തന്നെ ശത്രുക്കൾ വലിച്ചുകീറി മാംസപിണ്ഡമായി മാറിയ പുത്രനെ ഏറ്റുവാങ്ങി കദനഭാരം കൊണ്ട് തകർന്നു പോയവൾ. പുത്രനെ നോക്കി മതിയെന്നോ, വേണ്ട എന്നോ അവൾ ഒരിക്കലും പറയുന്നില്ല!! എനിക്കും നിനക്കും വേണ്ടി അവൾ സ്വന്തം പുത്രനെ വിട്ടുകൊടുക്കുകയാണ്.

ഈ അമ്മയുടെ നാമം ജപിച്ച് ക്രൂശിതനിലേയ്ക്ക് എത്താൻ എളുപ്പമാണ്. കാരണം, അവളുടെ വാസം കുരിശിൻചുവട്ടിൽ തന്നെയാണ്. കുരിശിൻ ചുവട്ടിൽ യോഹന്നാനെപ്പോലെ അനാഥമായി മാറുന്ന ഓരോ ജന്മങ്ങക്കും ക്രിസ്തു കൂട്ടായി നൽകുന്നത് സ്വന്തം അമ്മയെയാണ്. ഈ അമ്മയെ സ്വഭവനത്തിലും സ്വന്തം ഹൃദയത്തിലും നമുക്ക് സ്വീകരിക്കാം.

റോസിനാ പീറ്റി