മാതാവിന്റെ ജനന തിരുനാളിനൊരുങ്ങാം: മാതൃപഥം 2

ദൈവവചനം ഭോജനമാക്കി നൂറു മേനി ഫലം പുറപ്പെടുവിച്ച നന്മമരമാണ് പരിശുദ്ധ മറിയം. ബാല്യകാലത്തു തന്നെ ദൈവവചനം പഠിക്കുകയും പ്രാർത്ഥിക്കുകയും മനസ്സിന്റെ അഗാധമായ മനനത്തിൽ വചനത്തെ ചേർത്തുനിർത്തുകയും ചെയ്ത മറിയത്തിൽ വചനം മാംസം ധരിച്ചു. സ്നേഹത്തിന്റെ കലവറയായ ദൈവപുത്രന്റെ ജീവതുടിപ്പുകൾ പോലും അവൾ ഹൃദയത്തിൽ സംഗ്രഹിച്ചു. മൗനമായി മനനം ചെയ്യുമ്പോളല്ലേ മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിയുന്ന കരുണയുടെ ഭാവമായി വിടരാനാവുക?

അവർക്ക് വീഞ്ഞ് ഇല്ല എന്ന് അവൾ അറിഞ്ഞത് അങ്ങനെയല്ലേ? അവളിൽ നിന്ന് മാംസം ധരിച്ച ദൈവപുത്രനും തർക്കിക്കുകയോ ബഹളം കൂട്ടുകയോ ചെയ്തില്ല. തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയും ഇല്ല. വചനം ഉള്ളിൽ ധ്യാനിക്കുന്നവർ വാചാലമാകുന്നില്ല. നിശബ്ദതയിൽ മന്ദമാരുതൻ പോലെ സാന്നിധ്യം അരുളുന്നവനെ ധ്യാനിക്കുമ്പോൾ ഉച്ചഭാഷിണികൾ ആകാൻ സാധിക്കുമോ?

സന്യാസത്തിലും പൗരോഹിത്യത്തിലും ക്രൈസ്തവ ജീവിതത്തിലും എല്ലാം അമ്മ കാട്ടിത്തന്ന മാർഗ്ഗമല്ലാതെ വചനത്തില്‍ ഉൾച്ചേരാൻ വേറെ മാർഗ്ഗമൊന്നുമില്ല. അമ്മയെപ്പോലെ ഹൃദയത്തിന്റെ തികവിൽ നിന്ന് സ്നേഹത്തിന്റെ വാക്കുകൾ, കരുതലിന്റെ വാക്കുകൾ നമ്മിൽ നിന്നും ഉയിർകൊള്ളാൻ നമ്മുക്കും ആവട്ടെ …

റോസിനാ പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.