അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഇരുപത്തിയെട്ടാം ദിനം: വി. ജോൺ മരിയ വിയാനി

ഓ ഏറ്റവും പരിശുദ്ധയായ കന്യകാമറിയമേ, എപ്പോഴും അത്യുന്നതനായ ത്രിത്വത്തിന്റെ മുമ്പിൽ വ്യാപരിക്കുന്നവളേ, എല്ലാ സമയവും ഞങ്ങൾക്കുവേണ്ടി നിന്റെ ഏറ്റവും പരിശുദ്ധസുതന്റെ മുമ്പിൽ പ്രാർത്ഥിക്കുവാനുള്ള അനുവാദം ഉള്ളവളേ, എന്റെ എല്ലാ ആവശ്യങ്ങളിലും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

എന്നെ സഹായിക്കുകയും സംരക്ഷിക്കുകയും എനിക്കുവേണ്ടി നന്ദി പറയുകും ചെയ്യണമേ. എന്റെ എല്ലാ തെറ്റുകൾക്കും കുറ്റങ്ങൾക്കും ദൈവത്തിൽ നിന്നു ക്ഷമ നേടിത്തരണമേ. എന്റെ അവസാന മണിക്കൂറുകളിൽ എന്നെ പ്രത്യേകമായി സഹായിക്കണമേ.

യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് എനിക്കു നഷ്ടപ്പെടുമ്പോൾ എനിക്ക് ധൈര്യം നൽകി എല്ലാ ദുരാത്മാക്കളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. എനിക്കുവേണ്ടി വിശ്വാസം പ്രഘോഷിക്കുകയും എന്റെ നിത്യരക്ഷയെക്കുറിച്ച് ഉറപ്പ്പ്പു നൽകുകയും ചെയ്യണമേ. ദൈവത്തിന്റെ കരുണയാല്‍, ഒരിക്കലും നിരാശപ്പെടാൻ എന്നെ അനുവദിക്കരുതേ.

ദുരാത്മാക്കളെ മറികടക്കാൻ എന്നെ സഹായിക്കണമേ. “ഈശോ മറിയം യൗസേപ്പേ, ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ കരങ്ങളില്‍ ഏല്പിക്കുന്നു” എന്ന് എനിക്കു പറയാൻ സാധിക്കാതിരിക്കുമ്പോൾ എനിക്കുവേണ്ടി അതു പറയണമേ. മനുഷ്യന്റെ ആശ്വാസവാക്കുകൾ എനിക്ക് ഇനി കേൾക്കാൻ കഴിയാത്തപ്പോൾ എനിക്ക് ആശ്വസം പകരണമേ. നിന്റെ പുത്രന്റെ മുമ്പാകെ ന്യായവിധിക്കായി ഞാൻ നിൽക്കുമ്പോൾ നീ എന്റെ കൂടെ നിൽക്കണമേ.

എന്റെ മരണശേഷം പാപങ്ങൾക്കു പരിഹാരമായി ശുദ്ധീകരണസ്ഥലത്ത് വേദനിക്കുമ്പോൾ നീ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ എന്റെ സുഹൃത്തുക്കളെ പ്രേരിപ്പിക്കണമേ. അതുവഴി ദൈവസന്നിധിയിൽ ആയിരിക്കുന്നതിന്റെ സന്തോഷം ഞാൻ വേഗം അനുഭവിക്കട്ടെ. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഐക്യത്തിൽ കഴിയുന്ന സ്വർഗ്ഗത്തിലേയ്ക്ക് എന്റെ ആത്മാവിനെ നയിക്കണമേ. അവിടെ ഞാൻ ദൈവത്തിനു എന്നെന്നേയ്ക്കും സ്തുതികൾ അർപ്പിക്കട്ടെ, ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.