മേയ് 30-ന് പാപ്പാ നയിക്കുന്ന ജപമാലയുടെ വേദിയായ വത്തിക്കാനിലെ മരിയന്‍ ഗ്രോട്ടോയെക്കുറിച്ച് അറിയാം

വത്തിക്കാന്‍ തോട്ടത്തിലെ മരിയന്‍ ഗ്രോട്ടോയുടെ വേദിയില്‍ അമലോത്ഭവയായ ലൂര്‍ദ്ദ് നാഥയുടെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ട് ജപമാല സമര്‍പ്പണത്തിലൂടെ മഹാമാരിയില്‍ നിന്നു ലോകത്തെ മോചിക്കണമേയെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിക്കും. മേയ് 30 ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന്, ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് പാപ്പായുടെ നേതൃത്വത്തിലുള്ള ജപമാല. തത്സമയ സംപ്രേഷണം വത്തിക്കാന്‍ മാധ്യമങ്ങളിലൂടെയും ലഭ്യമാകും.

ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ഗ്രോട്ടോ

1854 ഡിസംബര്‍ 8-ന് ഒമ്പതാം പിയൂസ് പാപ്പാ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതിന്റെ സ്ഥിരീകരണമെന്നോണമായിരുന്നു തെക്കന്‍ ഫ്രാന്‍സിലെ പിരണീസ് പര്‍വ്വതങ്ങളുടെ താഴ്വാരത്ത് ലൂര്‍ദ്ദിലെ ഗ്രാമീണയുവതി, ബര്‍ണഡീറ്റ് സുബീരോയ്ക്ക് 1858-ലെ ഫെബ്രുവരി 11-ന് കന്യകനാഥ പ്രത്യക്ഷപ്പെട്ടത്. സ്വര്‍ഗ്ഗീയസൗന്ദര്യം വഴിഞ്ഞൊഴുകിയ സ്ത്രീയോട് പലവട്ടം, താങ്കള്‍ ആരാണെന്നു സുബീരോ ചോദിച്ചതിന്, താന്‍ അമലോത്ഭവയാണെന്ന മറുപടിയാണ് ലഭിച്ചത്. അമലോത്ഭവസത്യം പ്രഖ്യാപിച്ച ഒമ്പതാം പിയൂസ് പാപ്പാ തന്നെ കന്യകനാഥയുടെ ലൂര്‍ദ്ദിലെ ദര്‍ശനം 1862-ല്‍ ഔദ്യോഗികമായി അംഗീകരിച്ചു.

ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ ചെറിയ പകര്‍പ്പ്

ലൂര്‍ദ്ദിലെ കന്യകാലയത്തിലെ അന്തേവാസിയായിരുന്ന ബെര്‍ണഡീറ്റ് സുബീരോയുടെ വിവരണപ്രകാരം, അവള്‍ ദര്‍ശിച്ച അമലോത്ഭവനാഥയുടെ തിരുസ്വരൂപം 1864-ല്‍ ജോസഫ് ഫാബിഷ് എന്ന ഫ്രഞ്ച് ശില്പി മാര്‍ബിളില്‍ തീര്‍ത്ത് ലൂര്‍ദ്ദിലെ ഗ്രോട്ടോയില്‍ ദര്‍ശനസ്ഥാനത്തും, അവിടെ പൊട്ടിപ്പുറപ്പെട്ട അത്ഭുത നീരുറവയോടു ചേര്‍ന്നും സ്ഥാപിക്കുകയുണ്ടായി. ഗ്രോട്ടോ എന്ന ഫ്രഞ്ച് വാക്കിന് ചെറുഗുഹ എന്നാണ് അര്‍ത്ഥം. ലിയോ 13-ാമന്‍ പാപ്പായാണ് 1902-ല്‍ വത്തിക്കാന്‍ തോട്ടത്തില്‍ ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ മാതൃക പണിയണമെന്ന ആഗ്രഹം പ്രകടമാക്കിയത്. അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തത് അമലോത്ഭവനാഥയുടെ മിഷനറിമാര്‍ എന്ന സഖ്യമാണ്. ലൂര്‍ദ്ദില്‍ 1858-ല്‍ ബര്‍ണഡീറ്റ് സുബീരോ എന്ന യുവതിക്ക് കന്യകാനാഥ 18 തവണ പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയുടെ ചെറിയ പതിപ്പാണ് വത്തിക്കാന്‍ തോട്ടത്തിലുള്ളത്.

1905-ല്‍ 10-ാം പിയൂസ് പാപ്പാ ഗ്രോട്ടോ വീണ്ടും നവീകരിച്ച് അമലോത്ഭവനാഥയ്ക്കു പ്രതിഷ്ഠിച്ചു. അതോടെ മരിയന്‍ ഗ്രോട്ടോകള്‍ ലോകമെമ്പാടും പ്രചരിച്ചു. എവിടെയും ദേവാലയങ്ങളോടു ചേര്‍ന്നും സെമിനാരികളിലും സ്ഥാപനങ്ങളിലും ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ ചെറിയ പതിപ്പുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. സഭാദ്ധ്യക്ഷന്മാരായ പാപ്പാമാര്‍ വത്തിക്കാന്‍ തോട്ടത്തിലെ ഗ്രോട്ടോയില്‍ പ്രാര്‍ത്ഥിക്കുന്നത് അന്നുമുതല്‍ പതിവാണ്. മെയ്‌ മാസ വണക്കത്തിന്റെ അവസാന ദിവസം അവിടെ ദിവ്യബലി അര്‍പ്പിക്കുന്നതും സാഘോഷമായി ജപമാല വിശ്വാസികള്‍ക്കൊപ്പം ചൊല്ലുകയും കന്യകാംബികയുടെ മാദ്ധ്യസ്ഥ്യം തേടുകയും ചെയ്യുന്ന പതിവ് ഇന്നും തുടരുകയാണ്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.