ഉക്രൈനിലെ ദൈവമാതാവ്

മെയ് മാസം ഇരുപത്തിയേഴാം തീയതി ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥനാ മാരത്തോണിനു നേതൃത്വം വഹിക്കുന്നത് ഉക്രൈനിലെ ലൂർദ്ദ് എന്നറിയപ്പെടുന്ന സർവാനിറ്റ്സിയ ഗ്രാമത്തിലുള്ള ദൈവമാതാവിൻ്റെ ദൈവാലയമാണ്.

പശ്ചിമ ഉക്രൈനിലെ പോഡിലിയ മേഖലയിയിലുള്ള ഒരു ഗ്രാമമാണ് സർവാനിറ്റ്സിയ (Zarvanytsia). ദൈവമാതാവിൻ്റെ നാമത്തിലുള്ള ഒരു ദൈവാലയത്താലും പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണത്താലും അത്ഭുതകരമായ സുഖപ്പെടുത്തലാലും പ്രസിദ്ധമാണ് ഈ കൊച്ചു ഗ്രാമം.
1240 -കളിൽ മംഗോളിയൻ അധിനിവേശത്തിൽ ഇവിടെയുണ്ടായിരുന്ന പള്ളികളും ആശ്രമങ്ങളും തകർക്കപ്പെട്ടു. പ്രാണരക്ഷാർത്ഥം സന്യാസിമാർ അവിടെ നിന്നു പലായനം ചെയ്തു.

ടെറെബോവ്ലിയയിലേക്കുള്ള യാത്രാമധ്യേ, മുറിവേറ്റ ഒരു സന്യാസി വിശപ്പും ക്ഷീണവും സഹിക്കാനാവാതെ രാത്രിയിൽ കാട്ടിൽ തളർന്നിരുന്നു. യുദ്ധത്തിൽ തകർന്ന തന്റെ ദേശത്തിനായി സന്യാസി ആത്മാർത്ഥമായി പ്രാർത്ഥിച്ചു, ദൈവമാതാവിന്റെ മധ്യസ്ഥതയ്ക്കു തൻ്റെ ദേശത്തെയും ആശ്രമങ്ങളെയും സമർപ്പിച്ചു. പ്രാർത്ഥനക്കിടയിൽ ആ സന്യാസി ക്ഷീണം മൂലം ഉറങ്ങിപ്പോയി. ഒരു സ്വപ്നത്തിൽ, പരിശുദ്ധ കന്യകാമറിയം രണ്ട് മാലാഖമാരുമായി വെളുത്ത ലില്ലി പൂക്കളുമായി അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ദൈവമാതാവ് സന്യാസിയെ അനുഗ്രഹിക്കുകയും അവളുടെ മേലങ്കി ഉപയോഗിച്ച് അവനെ സ്പർശിക്കുകയും ചെയ്തു.

സന്യാസി ഉറക്കമുണർന്നപ്പോൾ ഇടതൂർന്ന വനത്തിന്റെ മനോഹരമായ ഒരു താഴ് വാരം ദർശിച്ചു . പൊടുന്നനേ തെളിഞ്ഞ വെള്ളത്തിന്റെ ഒരു നീരുറവ അതിലൂടെ ഒഴുകാൻ തുടങ്ങി. അതിനു മുകളിൽ, ഈശോയെ കൈകളിലേന്തി നിൽക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ ഐക്കൺ, അവിടെ ഉയർന്നുവന്നു. ഈ അത്ഭുത ദർശനത്തിൽ സന്യാസി തൻ്റെ വേദന വകവയ്ക്കാതെ മുട്ടുകുത്തി പ്രാർത്ഥിക്കുകയും, തൻ്റെ മുറിവുകൾ ആ അത്ഭുത നീരുറവയിലെ ജലത്താൽ കഴുകി വൃത്തിയാക്കാനും തുടങ്ങി. താമസിയാതെ അവന്റെ ശക്തി അവനിലേക്ക് തിരിച്ചുവന്നു, ഈ ദിവ്യാത്ഭുതത്തിന്റെ ഓർമ്മയ്ക്കായി സന്യാസി ഒരു ഗുഹയിൽ ഐക്കൺ സ്ഥാപിച്ചു.

സന്യാസി കിടന്നുറങ്ങിയതും പരിശുദ്ധ കന്യകാമറിയം ദർശനം നൽകിയതുമായ സ്ഥലം സർവാനിറ്റ്സിയ ആയിരുന്നു. ധാരാളം വിശ്വാസികൾ അവിടെ നടന്ന അത്ഭുതം കേട്ടറിഞ്ഞ് വരാൻ തുടങ്ങി. പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങളും ആ പുണ്യസ്ഥലത്തു സംഭവിച്ചു. താമസിയാതെ അവിടെ ഒരു ദൈവാലയം സ്ഥാപിതമായി. 1754 ഈ ദൈവാലയം അഗ്നിക്കിരയാവുകയും അതേ വർഷം തന്നെ പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ സ്ഥാപിതമായ പുതിയ ദൈവാലയത്തിലേക്കു ഐക്കൺ മാറ്റുകയും ചെയ്തു.

1867 -ൽ ഒൻപതാം പീയൂസ് മാർപാപ്പ സർവാനിറ്റ്സിയിലെ മരിയൻ ദൈവാലയത്തിനു തീർത്ഥാടന കേന്ദ്ര പദവി നൽകി. രണ്ടാം ലോകമഹായുദ്ധകാലാന്തരം 1946 -ൽ ഉക്രൈനിൽ ഉക്രൈൻ കത്തോലിക്കാ സഭ നിയമവിരുദ്ധമായതിനാൽ തദ്ദേശവാസികൾ ദൈവമാതാവിൻ്റെ ഐക്കൺ തങ്ങളുടെ ഭവനങ്ങളിൽ രഹസ്യമായി സൂക്ഷിച്ചു. 1988 ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു പ്രവർത്തനാനുമതി വീണ്ടും കിട്ടിയപ്പോൾ ഈ ഐക്കൺ പരിശുദ്ധ ത്രിത്വത്തിൻ്റെ ദൈവാലയത്തിനു വീണ്ടും കൈമാറി.

രണ്ടായിരമാണ്ടിൽ പുതിയ ദൈവ മാതാവിൻ്റെ പുതിയ ദൈവാലയം ആശീർവ്വദിച്ചു. 2018 ഒരു മരിയൽ സ്പിരിച്ചിൽ കേന്ദ്രം ഇവിടെ സ്ഥാപിതമായി. ഇന്നു യുറോപ്പിലെ ഇരുപത്തഞ്ചു മരിയൻ ആത്മീയ കേന്ദ്രങ്ങിൽ ഒന്നാണ് ദൈവമാതാവിൻ്റെ ഈ ദൈവാലയം.

മരിയൻ മാരത്തോൺ പ്രാർത്ഥന 27: നിയോഗം – തൊഴിൽരഹിതർ

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുമ്പിലോ ഛായചിത്രത്തിന്റെ മുമ്പിലോ തിരി കത്തിച്ചുകൊണ്ട് ആരംഭിക്കുക).

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1-8 (വി. ലൂക്കാ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക്‌ അവന്‍ അത് ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതു കൊണ്ട് ഞാന്‍ അവള്‍ക്ക് നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്ക് വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചനവായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിന്റെ തീവ്രദുഃഖം നമ്മളിൽ ചിലരിൽ തങ്ങിനിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവസമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ. 12:5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിന്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശാരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോട് ഈ പരീക്ഷണകാലങ്ങൾ അതിജീവിക്കാനായി നമുക്കു മാദ്ധ്യസ്ഥ്യം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി നിന്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവസമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, എല്ലാ തൊഴിൽരഹിതര്‍ക്കുമായി പരിശുദ്ധ അമ്മയോട് നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിന്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിന്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടിവരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിന്റെ പക്കലേക്കു ഞങ്ങൾ ഓടിവരുകയും നിന്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിന്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടു മൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു നിൽക്കുന്നവരോടും നീ ചേർന്നുനിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ്വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിന്റെ ദിവ്യസുതനോട് അപേക്ഷിച്ചതുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകടസാധ്യതകളൾ നിറഞ്ഞ അത്യാഹിതവിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിന്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തന്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങിവരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങിശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ.

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളിലൂടെ എല്ലാ തൊഴിൽരഹിതരെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുതരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്റെ സങ്കേതത്തില്‍ ഓടിവന്ന്‌‌/ നിന്റെ സഹായം തേടി/ നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവേ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ട്/ നിന്റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട്‌/ നിന്റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.