മര്‍ത്തായെയും മറിയത്തെയും കുറിച്ച് സഭാപിതാക്കന്മാര്‍ പറയുന്നത്

വി. ലൂക്കായുടെ സുവിശേഷത്തില്‍ 10-ാം അധ്യായം 38- 42 വാക്യങ്ങളില്‍ നാം കണ്ടുമുട്ടുന്ന രണ്ടുപേരാണ് മര്‍ത്തായും മറിയവും. അവര്‍ ഇരുവരെക്കുറിച്ചും സഭാപിതാക്കന്മാരില്‍ പലരും വിലയിരുത്തലുകളും നടത്തിയിട്ടുണ്ട്.

‘അവര്‍ പോകുന്ന വഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു. മര്‍ത്തായാകട്ടെ, പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നത്തു നീ ശ്രദ്ധിക്കുന്നില്ലേ..? എന്നെ സഹായിപ്പാന്‍ അവളോടു പറയുക.

കര്‍ത്താവ് അവളോട് പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല’ (ലൂക്കാ 10:38-42).

മറിയത്തെക്കുറിച്ച് സഭാപിതാവായ വി. ജോണ്‍ ക്രിസോസ്റ്റം പറയുന്നതിങ്ങനെയാണ്: മറിയം ഈശോയുടെ അടുത്തല്ല ഇരുന്നത്. മറിച്ച്, അവിടുത്തെ പാദത്തിന്റെ കീഴിലാണ്. അത് സൂചിപ്പിക്കുന്നത് അവളുടെ എളിമയും വിധേയത്വവുമാണ്. കുറച്ചുകൂടി കാവ്യാത്മകമായാണ് സഭാപിതാവായ വി. അഗസ്റ്റിന്‍ പറയുന്നത്: കാല്‍ക്കല്‍ ഇരിക്കുമ്പോള്‍ അത്രകൂടി കൂടുതലാണ് കര്‍ത്താവില്‍ നിന്ന് അവള്‍ക്ക് ലഭിക്കുന്നതും. താഴ്‌വരയില്‍ക്കൂടി ഒഴുകുന്ന പുഴ ഉത്ഭവിക്കുന്നത് ഉയര്‍ന്ന മലനിരയില്‍ നിന്നെന്ന പോലെയാണത്.

വി. ബേസില്‍ മര്‍ത്തായെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. അവള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു എന്നാണ് ബേസില്‍ പറയുന്നത്. മര്‍ത്തായെ കുറ്റപ്പെടുത്തുന്നവര്‍ ആവശ്യക്കാരന് ഭക്ഷണം നല്‍കാത്തവരെയും കുറ്റപ്പെടുത്തരുതെന്നാണ് വി. അഗസ്റ്റിന്‍ പറയുന്നത്.

ഈ സംഭവത്തിന്റെ ആകെത്തുകയായി സഭാപിതാക്കന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഈ ലോകത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത് മറ്റുള്ളവര്‍ക്ക് ശുശ്രൂഷകള്‍ നല്‍കുന്നതിനാണെങ്കിലും ദൈവത്തോട് ചേര്‍ന്ന് ആയിരിക്കുക എന്നതാണ് ആത്യന്തികമായി മനുഷ്യധര്‍മ്മം എന്നതാണ്. മര്‍ത്താ ഈ ലോകത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മറിയം സ്വര്‍ഗീയജീവിതത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് കര്‍ത്താവ് പറഞ്ഞതും, മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല എന്ന്.