ചില മരിയ വിയാനിയൻ ചിന്തകൾ

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

വി. ജോൺ മരിയ വിയാനിയെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് മൈനർ സെമിനാരിയിലെ ആദ്യ വർഷമാണ്. സെമിനാരി പരിശീലനം തുടങ്ങിയ നാളുകളിൽ തന്നെ പെരിയ ബഹുമാനപ്പെട്ട റെക്ടർ അച്ചൻ എല്ലാവരെയും “വിശുദ്ധ വിയാനി; വിശുദ്ധ വികാരി” എന്ന പുസ്തകം പരിചയപെടുത്തിക്കൊണ്ട് പറഞ്ഞു: ഇത് വായിച്ച് വി. വിയാനിയെപ്പോലെ ഒരു വൈദികനാകുക.

വളരെ കൗതുകത്തോടും തെല്ല് ആകാംക്ഷയോടും കൂടെ അത് മുഴുവൻ വായിച്ചുതീർത്തു. വീണ്ടും വീണ്ടും വായിച്ചു. അത്രയ്ക്ക് ഹൃദയഹാരിയും ഉത്തേജകദായകവുമായിരുന്നു അതിലെ ഓരോ വരിയും. അന്ന് ഒരുപാട് ആഗ്രഹിച്ചു, ദൈവമേ എന്നെയും ഇതുപോലൊരു വൈദികനാക്കണേ എന്ന്.

ഫ്രാൻസിലെ ഒരു സാധാരണ ഗ്രാമമായ ഡാർഡിലി എന്ന പ്രദേശത്താണ് വിയാനി ജനിച്ചത്. രണ്ട് പ്രാവശ്യം സെമിനാരിയിൽ നിന്നും ലാറ്റിൻ പഠിക്കാനുള്ള ബുദ്ധിമുട്ട്‌ കാരണം പുറത്താക്കപ്പെട്ടു. ബെയ്‌ലി എന്ന വിശുദ്ധനായ വൈദികന്റെ നിതാന്തജാഗ്രതയിലൂടെയും പ്രോത്സാഹനത്തിലൂടെയും ചിട്ടയായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും വിയാനി വൈദികനായി അഭിഷിക്തനായി. വൈദികനാകാനായി പുണ്യവാനിൽ കണ്ട വലിയ യോഗ്യത ദൈവവുമായുണ്ടായിരുന്ന നിരന്തരമായ ആത്മീയജീവിതമായിരുന്നു.

കുറച്ചു നാൾ ബെയ്‌ലി അച്ചനോടൊപ്പം സേവനം അനുഷ്ഠിച്ചശേഷം വിയാനിയെ ആർസ് എന്ന ഇടവകയുടെ വികാരിയായി പിതാവ് നിയമിച്ചു. വിയാനി പുണ്യവാനിൽ വിളങ്ങിയിരുന്ന ആത്മീയതേജസ് തന്നെയാണ് പിതാവിനെക്കൊണ്ട് അപ്രകാരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.

ആർസ് സകലവിധ തിന്മകളുടെയും അന്ധകാരത്തിന്റെയും അധർമ്മികതകളുടെയും ഒരു ഈറ്റില്ലമായിരുന്നു. അവിടെ സേവനം ചെയ്തിരുന്ന വൈദികരിൽ ആർക്കും അവിടെ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഓടിപ്പോയതിനാൽ വർഷങ്ങളായി വിശുദ്ധ കുർബാനയോ കൂദാശകളോ ഇല്ലാതെ വിജനമായിരുന്നു. ദൈവാലയം ലക്ഷ്യമാക്കി വന്ന പുണ്യവാൻ, വഴിയിൽ കണ്ട ഒരു മകനോട് ചോദിച്ചു: ” നീ എനിക്ക് ആർസിലേക്കുള്ള വഴി കാണിച്ചുതരിക; ഞാൻ നിനക്ക് സ്വർഗത്തിലേക്കുള്ള വഴി കാണിച്ചുതരാം.”

ദൈവാലയത്തിലെത്തിയ വിയാനി കണ്ടത് നിലംപൊത്താറായി, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന പള്ളിയാണ്. അത് തുറന്ന് അകത്തു കടന്ന് വിശുദ്ധ ബലിപീഠത്തിന്റെ മുൻപിൽ മുട്ടുകൾ കുത്തി കണ്ണുനീരോടെ ആ ഇടവകയിലെ മുഴുവൻ പേർക്കു വേണ്ടിയും പ്രാർത്ഥിച്ചു. അടുത്ത ദിവസം കുർബാനക്കു വേണ്ടി സ്വയം എല്ലാം ഒരുക്കിവച്ച് പള്ളിമണികൾ അടിച്ചുവെങ്കിലും ഒന്ന് രണ്ട് പ്രായമുള്ള അമ്മച്ചിമാരല്ലാതെ വേറെ ആരും കുർബാനക്ക് വന്നില്ല.

അന്നുമുതൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് വിയാനി പ്രാർത്ഥിക്കാൻ തുടങ്ങി. ഓരോ വീട്ടിലും കയറിയിറങ്ങി ദേവാലയത്തിൽ വരാൻ അപേക്ഷിച്ചു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോൾ അവർക്ക് ബോദ്ധ്യമായി, ഇതൊരു സാധാരണ വൈദികനല്ല എന്ന്. ആ കണ്ണുകളിലെ തിളക്കവും പെരുമാറ്റത്തിലെ സൗമ്യതയും എളിമ നിറഞ്ഞ ജീവിതവും വിശുദ്ധിയുടെ പരിമളം പരത്തിത്തുടങ്ങിയപ്പോൾ ദൈവാലയത്തിലേക്ക് ദൈവജനം ഒഴുകാൻ തുടങ്ങി. അച്ചനെ ഒന്ന് കാണാൻ, ഒന്ന് തലയിൽ കൈവച്ചു പ്രാർത്ഥിക്കാൻ, മനസ്സിൽ ഒതുക്കിവച്ചിരിക്കുന്ന വിഷമങ്ങൾ പറയാൻ, മനസു തുറന്നു അനുതപിച്ച് കുമ്പസാരിച്ചു പഴയ ജീവിതസാഹചര്യങ്ങളെ വെറുത്തുപേക്ഷിച്ച് പുതിയ മനുഷ്യരാകാൻ ജനം വിയാനി അച്ചന്റെ ചുറ്റും ഓടിക്കൂടി.

16 മണിക്കൂറുകളോളം ഓരോ ദിവസവും അച്ചൻ കുമ്പസാരക്കൂട്ടിൽ ചിലവഴിക്കാൻ തുടങ്ങി. അച്ചനെക്കുറിച്ച് കേട്ടറിഞ്ഞു ദൂരെ ദേശങ്ങളിൽ നിന്നുപോലും ജനം ആർസിലേക്ക് ഒഴുകിത്തുടങ്ങി. മണിക്കൂറുകളോളം വരിയിൽ നിന്നാൽ മാത്രമേ അച്ചനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. പതിയെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ആർസ് ഒരു തീർത്ഥാടനകേന്ദ്രമായി മാറിത്തുടങ്ങി. തന്റെ മുൻപിൽ വന്ന് മുട്ടുകുത്തുന്ന വ്യക്തികളുടെ പാപങ്ങൾ അവർ പറയാതെ തന്നെ അറിയാൻ പുണ്യവാളന് കഴിഞ്ഞിരുന്നു.

3 മണിക്കൂർ മാത്രമായിരുന്നു നിദ്ര, ബാക്കി സമയം മുഴുവൻ ദൈവജനത്തിനു വേണ്ടി അക്ഷീണം ആ വൈദികശ്രേഷ്ടൻ അദ്ധ്വാനിച്ചു. ചാട്ടവാറു കൊണ്ട് പലപ്പോഴും അദ്ദേഹം തന്റെ ശരീരത്തിൽ പ്രഹരിച്ചിരുന്നു. സാത്താനോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ടുള്ള ജീവിതമായിരുന്നു ആ ഭിക്ഷുവിന്റേത്. ആരെയും ഒരിക്കലും വെറുംകൈയോടെ അദ്ദേഹം പറഞ്ഞുവിട്ടിട്ടില്ല. ക്ഷമയുടെ മകുടോദാഹരണമായിരുന്നു വിയാനിയുടെ ജീവിതം. ഒരിക്കൽ തന്റെ നേരെ ഒരു പ്രകോപനവും കൂടാതെ തന്നെ അപമാനിച്ച വ്യക്തിക്ക് ജലവും ആഹാരവും നല്കി നേർവഴിയിലേക്ക് നയിച്ചിട്ടുണ്ട്.

വിയാനിയെപ്പറ്റി കൂടുതൽ അറിയുമ്പോൾ നാം ചിന്തിക്കാം, ഇങ്ങനെയും ഒരു വൈദികൻ ജീവിച്ചിരുന്നോ എന്ന്. വി. ജോൺ മരിയ വിയാനി ഒരു ഓർമ്മപ്പെടുത്തലാണ്. ഓരോ പുരോഹിതനും ദൈവത്തിന്റെ കൈയ്യൊപ്പ് ഹൃദയത്തിൽ വഹിക്കുന്നവനാണ് എന്ന്, കുമ്പസാരം എന്ന കൂദാശയിലൂടെ ഒരു വ്യക്തി ഈശോയെ ധരിക്കുന്നു എന്ന്, അതിന് പുരോഹിതന്റെ കരങ്ങളെ ശക്തിപ്പെടുത്തുന്ന കൃപയുടെ നീർച്ചാലുകൾ അവനിലേക്ക്‌ ഒഴുക്കുന്ന ദൈവം ഓരോ പുരോഹിതനിലും കുടികൊള്ളുന്നുണ്ട് എന്ന്, വിശുദ്ധ കുർബാനയുടെ മുൻപിൽ തീക്ഷ്ണതയോടെ സമയം ചിലവഴിക്കുന്ന പുരോഹിതൻ ആവശ്യപ്പെടുന്നതെന്തും സ്വർഗം നടത്തികൊടുക്കുമെന്ന്, ഓരോ വൈദികനും ദൈവത്തിനും ദൈവജനത്തിനും എത്രമാത്രം പ്രിയപ്പെട്ടവനായിരിക്കണം എന്ന്, ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. കരിക്കട്ടയെ തീക്കട്ടയാക്കാനും കുറവുകൾ നിറഞ്ഞവനെ നിറവുകൾ ഉള്ളവനാക്കാനും സാധിക്കുമെന്ന്, വിശുദ്ധിയുടെ പരിമളം എത്ര വലിയ കൊടുംകുറ്റവാളിയെയും ദൈവസന്നിധിയിലേക്ക് നയിക്കുമെന്ന്…

പരിശുദ്ധ മാതാവിന്റെ സംരക്ഷണം ഓരോ വൈദികന്റെ ജീവിതത്തിലും അത്യന്താപേക്ഷിതമാണെന്നും പരിശുദ്ധ അമ്മ തന്റെ നീലയങ്കിക്കുള്ളിൽ തന്റെ മകന്റെ മാംസവും രക്തവും നിരന്തരം കരങ്ങളിൽ വഹിക്കുന്ന വൈദികരെ പൊതിഞ്ഞു ഒരാപത്തും വരാതെ സംരക്ഷിക്കും എന്ന ഓർമ്മപ്പെടുത്തൽ, തിന്മയുടെ ഒരു ദുഷ്ടശക്തിക്കും ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തികളെ തകർക്കാൻ കഴിയില്ലെന്ന ഓർമപ്പെടുത്തൽ, എല്ലാറ്റിലും ഉപരിയായി ദൈവത്തിനു വേണ്ടി സ്വയം സമ്പൂർണ സമർപ്പണം നടത്തിയിരിക്കുന്ന ഓരോ പുരോഹിതനും മറ്റൊരു ക്രിസ്തുവായി ഈ ലോകത്തിൽ മാറണം എന്ന ഓർമപ്പെടുത്തൽ,

വി. ജോൺ മരിയ വിയാനി വൈദികരായ ഞങ്ങൾ ഓരോരുത്തർക്കു വേണ്ടിയും നിരന്തരം ദൈവസന്നിധിയിൽ മാദ്ധ്യസ്ഥം അപേക്ഷിക്കണമേ! വൈദികരുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയമേ, വൈദികർക്കു വേണ്ടി പ്രാർത്ഥിക്കണമേ.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.