മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ് വാഴ്ത്തപ്പെട്ട പദവിയില്‍

ഓപൂസ് ദേയി (Opus Dei) എന്ന കത്തോലിക്ക സമര്‍പ്പണപ്രസ്ഥാനത്തിന്റെ അംഗമായിരുന്ന മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ്, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മെയ് 18-ാം തീയതി ശനിയാഴ്ച പ്രാദേശികസമയം രാവിലെ 11 മണിക്ക് സ്‌പെയിനിലെ മാഡ്രിഡിലുള്ള വിസ്തലേഗ്രെ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ വച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനചടങ്ങ് നടന്നത്.

1916-ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ ജനിച്ചു. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മാനുവേല്‍ ഒര്‍ത്തിസിന്റെയും യുളോജിയുടെയും നാലാമത്തെ പുത്രിയായ മരിയ, ധൈര്യശാലിയായിരുന്നു. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവള്‍ 1933-ല്‍ രസതന്ത്രം ഐച്ഛികവിഷയമായി യൂണിവേഴ്‌സിറ്റി പഠനം ആരംഭിച്ചു. സ്പാനിഷ് ആഭ്യന്തര കലാപകാലത്ത് മരീയ ഗ്വാദലൂപ്പെയുടെ പിതാവ് കൊല്ലപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി ഗ്വാദലൂപ്പെ അധ്യാപനം ഏറെ ഇഷ്ടപ്പെട്ടു. 1944-ലെ ഒരു ഞായറാഴ്ച ദിവ്യബലി മധ്യേയാണ് ദൈവം തന്നെ സ്പര്‍ശിക്കുന്നതും വിളിക്കുന്നതുമായി അവള്‍ക്ക് അനുഭവപ്പെട്ടത്.

അങ്ങനെയിരിക്കെ  ഒരു സ്‌നേഹിത വഴി ”ഓപൂസ് ദേയി” പ്രസ്ഥാനത്തിന്റെ (Opus Dei) സ്ഥാപകന്‍ ഫാദര്‍ ജോസ്, മരിയ എസ്‌ക്രീവയുമായി പരിചയപ്പെടുവാന്‍ ഇടയായി. സാധാരണ ജീവിതത്തിലൂടെയും സ്വന്തം ജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചു കൊണ്ടും ക്രിസ്തുവിനെ എല്ലാറ്റിനുമുപരിയായി സ്‌നേഹിക്കാനാകുമെന്ന് ഓപൂസ് ദേയി പ്രസ്ഥാനത്തിലൂടെ ഗ്വാദലൂപ്പെ പഠിച്ചു. പ്രസ്ഥാനത്തിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം ജീവിച്ച ഗ്വാദലൂപ്പെ, സമര്‍പ്പിതയായ ഒരു അധ്യാപികയും ക്ഷമയും സ്‌നേഹവും നര്‍മ്മരസവുമുള്ള ഒരു വ്യക്തിയുമായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു.

1950-ല്‍ ഓപൂസ് ദേയി സ്ഥാപകനായ ഫാദര്‍ എസ്‌ക്രീവയുടെ ആഹ്വാനപ്രകാരം ഗ്വാദലൂപ്പെ, മെക്‌സിക്കോയിലെ പ്രേഷിതയായി പ്രവര്‍ത്തിച്ചു. രസതന്ത്രത്തിലുള്ള പ്രാവീണ്യം ആധാരമാക്കി ഉന്നതപഠനം തുടര്‍ന്നപ്പോഴും സഹപാഠികള്‍ക്കൊപ്പം സമൂഹത്തിലെ പാവങ്ങളും രോഗികളുമായവരെ തുണയ്ക്കാനുള്ള പദ്ധതികളിലും അവള്‍ വ്യാപൃതയായി. സുഹൃത്തായ ഡോക്ടറുടെ സഹായത്തോടെ തുടക്കമിട്ട മൊബൈല്‍ ക്ലിനിക്ക് അക്കാലത്തെ ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായ സാമൂഹ്യസേവനമായി.

ഏറെ കഴിവുകളും ശുഭാപ്തിവിശ്വാസവും തുറന്ന മനസ്സും പുഞ്ചിരിയും സംഗീതവുമുണ്ടായിരുന്ന ഗ്വാദലൂപ്പെ എവിടെയും ഏറെ സ്വീകാര്യതയും പ്രവര്‍ത്തനനിരതയുമായ ഒരു പ്രേഷിതയായി തിളങ്ങി. ക്രിസ്തുവിന്റെ സനേഹവും കാരുണ്യവും തിങ്ങിനിന്ന ഗ്വാദലൂപ്പെയുടെ ലാളിത്യമാര്‍ന്ന സാമൂഹ്യസേവന പദ്ധതികളിലൂടെ മോന്തേഫാല്‍ക്കോ, എല്‍ പേഞ്ഞോ (El Penon College) എന്നീ രണ്ട് ഗ്രാമീണ ഉന്നത വിദ്യാപീഠങ്ങള്‍ക്ക് തുടക്കമായി.

ശാരീരികാസ്വസ്ഥ്യം ഏറെയായപ്പോള്‍ ജോലി മറ്റുളളവരെ ഏല്‍പ്പിച്ചിട്ട് അവള്‍  സ്‌പെയിനിലേയ്ക്കു മടങ്ങി. അവിടെ ശാന്തമായി ജീവിച്ച് ഗവേഷണപഠനം തുടര്‍ന്നു. 1965-ല്‍ മാനവികതയ്ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തത്തോടെ ഗവേഷണപഠനം സമുന്നത ബഹുമതിയോടെ പൂര്‍ത്തിയാക്കി. തന്റെ പ്രശസ്തിയിലും ഉന്നതപദവിയിലും – കൂദാശകളോട് വിശിഷ്യ പരിശുദ്ധ കുര്‍ബാനയോടും കന്യകാനാഥയോടും വിശ്വസ്തയായും ഒരു നല്ല ക്രൈസ്തവയായും ഗ്വാദലൂപ്പെ ജീവിച്ചു. ദേവാലയത്തിലെ പ്രാര്‍ത്ഥനാ യാമങ്ങളിലും പ്രാര്‍ത്ഥനാലയങ്ങളുടെ ഭിത്തികള്‍ക്ക് അകത്തും മാത്രമായിരുന്നില്ല ക്രൈസ്തവജീവിതം. അത് സാധാരണ ജനങ്ങള്‍ക്കൊപ്പമുള്ള ലാളിത്യമാര്‍ന്ന ജീവിതപരിസരത്ത് തുടരേണ്ടതാണെന്ന് മനസ്സിലാക്കിയ ഗ്വാദലൂപ്പെ, എവിടെയും എപ്പോഴും ദൈവികൈക്യത്തില്‍ തുടരുന്ന ഒരു ജീവിതശൈലി വളര്‍ത്തിയെടുത്തു.

1975-ല്‍ അധ്യാപനവും പ്രേഷിതപ്രവര്‍ത്തനങ്ങളും തുടരവെ, തന്റെ ആത്മീയഗുരുവും ”ഓപൂസ് ദേയി”യുടെ സ്ഥാപകനുമായ ഫാദര്‍ ജോസ് എസ്‌ക്രീവയുടെ മരണം ഗ്വാദലൂപ്പെയെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ അത് ഏതാനും ദിവസങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല. 1975 ജൂലൈ 16-ന് കര്‍മ്മലനാഥയുടെ തിരുനാള്‍ ദിനത്തില്‍ ക്രിസ്തുസ്‌നേഹത്തിന്റെ വിശ്വസ്തസാക്ഷിയായും ദൈവശുശ്രൂഷയില്‍ ഏറെ ആനന്ദവതിയായ ദാസിയുമായ മരിയ ഗ്വാദലൂപ്പെ, ഈ ലോകത്തു നിന്നും കടന്നുപോയി. മാഡ്രിഡില്‍ തന്നെ, പാംപ്ലോഞ്ഞായിലെ ഓറട്ടറിയിലാണ് ഗ്വാദലൂപ്പെ അന്ത്യവിശ്രമം കൊള്ളുന്നത്.