മരിയ ഡി മത്തിയാസിന് കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മറിയം

1805 ഫെബ്രുവരി നാലിന് റോമിലെ വല്ലെകോര്‍സ എന്ന സ്ഥലത്താണ് മരിയ ഡി മത്തിയാസ് ജനിച്ചത്. അവളുടെ പിതാവ് സ്ഥലത്തെ പ്രമുഖനായിരുന്നു. നാലു മക്കളില്‍ രണ്ടാമത്തവളായിരുന്നു മരിയ. സമ്പന്ന കുടുംബത്തിലെ കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുന്ന സംഘം അക്കാലത്ത് ധാരളമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മരിയയെയും സഹോദരങ്ങളെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. കൂടുതല്‍ സമയവും വീട്ടില്‍ ചെലവഴിക്കണം.

കണ്ണാടിയില്‍ തന്റെ മുഖം നോക്കി വര്‍ത്തമാനം പറയുന്നതും മുടി ചീകുന്നതുമൊക്കെയായിരുന്നു ആ കാലത്ത് മരിയയുടെ പ്രധാന വിനോദം. എന്നാല്‍ തന്റെ പതിനാറാമത്തെ വയസില്‍ അവളുടെ ജീവിതം മാറി മറിഞ്ഞു. ഒരു ദിവസം കണ്ണാടിയില്‍ നോക്കി കൊണ്ടിരുന്നപ്പോള്‍ അവള്‍ക്ക് പകരം വേറൊരു സ്ത്രീ അതില്‍ പ്രത്യക്ഷപ്പെട്ടു. ഭയപ്പെട്ടിരുന്ന അവളോട് ‘ എന്നോടൊപ്പം വരൂ’ എന്ന് സ്ത്രീ ആവശ്യപ്പെട്ടു.

പിന്നെ ഏറെ സമയം ആ സ്ത്രീയോട് മരിയ സംസാരിച്ചു. വായിക്കാന്‍ പഠിക്കണമെന്ന ആഗ്രഹം മരിയ ആ സ്ത്രീയോട് പറഞ്ഞു. കാരണം അവളെ വീട്ടുകാര്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. പേടിക്കേണ്ട ഞാന്‍ സഹായിക്കാം എന്ന് ആ സ്ത്രീ മരിയയോട് പറഞ്ഞു. വായിക്കാന്‍ അവള്‍ക്ക് കുറേ വാക്കുകളും കാണിച്ചു കൊടുത്തു. അങ്ങനെ ആ സ്ത്രീയില്‍ നിന്ന് ലഭിച്ച പ്രത്യേക വരം കൊണ്ട് എന്തും വായിക്കാന്‍ മരിയയ്ക്ക് സാധിച്ചു.

പിന്നീട് താന്‍ പരിശുദ്ധ മറിയമാണെന്നും ആ സ്ത്രീ വെളിപ്പെടുത്തി. പിന്നീട് പല സംസാരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് മരിയ മനസിലാക്കി. ശേഷം 1822 ലെ നോമ്പുകാലത്ത് ടൗണില്‍ പ്രേഷിതപ്രവര്‍ത്തനവുമായി എത്തിയ ടീമംഗങ്ങളോട് അവള്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും അവര്‍ വഴിയായി വീട്ടില്‍ തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ദിവസേന ക്ലാസ് സംഘടിപ്പിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

വളരെ പ്രചോദനാത്മകമായ മരിയയുടെ ക്ലാസുകള്‍ കേട്ടറിഞ്ഞ് മുതിര്‍ന്നവരും അവിടെ എത്തിത്തുടങ്ങി. 29 ാം വയസില്‍ സിസ്‌റ്റേഴ്‌സ് അഡോററേഴ്‌സ് ഓഫ് ദി ബ്ലഡ് ഓഫ് ക്രൈസ്റ്റ് എന്ന പേരില്‍ സന്യാസ സഭയും അവര്‍ സ്ഥാപിച്ചു. 2003 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിയ ഡി മറ്റിയാസിനെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.